flowers-

കണ്ണൂർ : ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ പിന്നീട് ഒരിക്കലും ഈ വഴി വരരുതെന്ന ഉപദേശം നൽകിയാണ് സാധാരണ ഗതിയിൽ ഉദ്യോഗസ്ഥർ യാത്രയാക്കുന്നത്. എന്നാൽ കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒന്നരമാസം മുൻപ് ജാമ്യം കിട്ടി പുറത്തുപോയ തുരപ്പൻ എന്ന അപരനാമത്തിൽ അറിയുന്ന സന്തോഷ് ഒരു വണ്ടി നിറയെ സന്തോഷം നിറയ്ക്കുന്ന ചെടികളുമായിട്ടാണ് എത്തിയത്. എത്തിയ പാടെ ഗേറ്റിൽ മുട്ടിവിളിച്ച് ഉദ്യോഗസ്ഥനോട് ഇത് താൻ വിലകൊടുത്ത് വാങ്ങിയതാണെന്നും സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ പാറാവുകാരൻ മേൽ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. മേൽ ഉദ്യോഗസ്ഥന് തുരപ്പന്റെ സ്വഭാവം നന്നായി അറിയാവുന്നതിനാൽ ആദ്യമേ പൊലീസിനെ വിളിക്കാനാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്.

താൻ കൊണ്ടു വന്ന സമ്മാനം സ്വീകരിക്കാൻ ജയിൽ ഉദ്യോഗസ്ഥർ സമയമെടുക്കുന്നതിൽ സംശയം തോന്നിയ തുരപ്പൻ സന്തോഷ് സമ്മാനവണ്ടിയെ യു ടേൺ അടിച്ച് സ്ഥലത്ത് നിന്നും സ്‌കൂട്ടായി. എന്നാൽ പൊലീസ് അപ്പോഴേക്കും തുരപ്പനെ തേടി ഇറങ്ങിയിരുന്നു. പറശ്ശിനിപ്പാലത്തിനടുത്തുവെച്ച് ഓട്ടോ മയ്യിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസിനെ കണ്ട് വാഹനത്തിൽ നിന്നും മൂന്ന് പേർ ഓടിരക്ഷപ്പെടുകയും ചെയ്തു.

സമ്മാന ചെടി വന്ന വഴി
ജയിൽ സൂപ്രണ്ട് സംശയിച്ച പോലെ സമ്മാനം നൽകാൻ കൊണ്ടു വന്ന ചെടി തുരപ്പൻ മോഷ്ടിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ വഴിയെ മനസിലായി. ഡിസംബറിൽ കണ്ണൂർ സബ് ജയിലിൽ നിന്നും ഇറങ്ങിയ സന്തോഷ് വീണ്ടും മോഷണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. മലഞ്ചരക്കുകളായ റബ്ബർഷീറ്റ്, അടയ്ക്ക എന്നിവ മോഷ്ടിച്ച് വിൽക്കുകയാണ് സന്തോഷിന്റെ രീതി . വീടോ മൊബൈൽഫോണോ ഇല്ലാത്ത സന്തോഷിനെ കണ്ടെത്താൻ പൊലീസിനും ബുദ്ധിമുട്ടായിരുന്നു. കടകൾ കുത്തിതുറക്കാൻ ചെറിയ ഒരു കമ്പിക്കഷണമാണ് ഇയാൾ ആയുധമാക്കിയിരുന്നത്. ഇതിനാലാണ് തുരപ്പൻ എന്ന വിളിപ്പേര് ലഭിച്ചത്.

പെരിങ്ങോം മാത്തിൽ വൈപ്പിരിയത്തെ ഒരു സ്ഥാപനത്തിൽ മോഷണം നടത്തിയ ശേഷമാണ് ഇയാൾ സമീപത്തെ നഴ്സറിയിൽ കയറി ചെടികൾ മോഷ്ടിച്ചത്. ആദ്യമായിട്ടാണ് സന്തോഷ് ചെടികൾ മോഷ്ടിക്കുന്നത്, മോഷണ വസ്തുക്കൾ കൊണ്ടു പോകാൻ സ്വന്തമായി വാഹനവും ഇയാൾ തയ്യാറാക്കിയിരുന്നു. ഉദ്ദേശം അരലക്ഷം രൂപ വിലമതിക്കുന്ന ചെടികളാണ് സന്തോഷ് മോഷ്ടിച്ചത്. എന്നാൽ മോഷണം നടന്ന് രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് സമ്മാനവുമായി ഇയാൾ ജയിലിൽ എത്തിയത്. അതിനാൽ തന്നെ വിൽപ്പന ശ്രമം പരാജയപ്പെട്ടതാവാമെന്നും കരുതുന്നുണ്ട്. എന്തായാലും തുരപ്പന്റെ ഗിഫ്ട് ഇരുകൈയ്യും നീട്ടി സ്വീകരിക്കാഞ്ഞതിൽ സന്തോഷിക്കുകയാണ് സബ് ജയിൽ അധികൃതർ ഇപ്പോൾ.