ആരാധകരെപ്പോലെ ജഗതിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഭാര്യ ശോഭയും
''ചേട്ടനിപ്പോൾ നല്ല മാറ്റമുണ്ട്. ശരീരം ചെറിയ രീതിയിൽ ബാലൻസ് ചെയ്യാൻ സാധിക്കുന്നുണ്ട്. അന്ന് വൈകുന്നേരം ആദ്യമായി ചേട്ടനെ ചേർത്തു നിർത്തി. ആ സമയത്ത് എന്റെ നെറ്റിയിൽ ചുംബിച്ചു.പുതുവർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത്.അതുകൊണ്ട് തന്നെ ആ മനോഹരമായ നിമിഷം കാമറയിൽ പതിപ്പിച്ചതാണ് .ആ ചിത്രം മോൻ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ഒരുപാട്പേർ സ്നേഹം അറിയിച്ച് എത്തിയിരുന്നു ""മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ശോഭയുടെ പ്രിയപ്പെട്ട ചേട്ടനാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ വരുന്ന ഓരോ മാറ്റത്തിൽ പ്രതീക്ഷയോടെ സന്തോഷിക്കുകയാണ് ആ കുടുംബവും ഒപ്പം അദ്ദേഹത്തിന്റെ ആരാധകരും മലയാള സിനിമയും. തന്റെ പ്രിയപ്പെട്ട ചേട്ടൻ പൂർണ ആരോഗ്യത്തിൽ തിരിച്ചുവരുമെന്ന ശുഭ പ്രതീക്ഷയിലാണ് ഭാര്യ ശോഭ.
''ചെറിയ തോതിലുള്ള മാറ്റങ്ങളുണ്ട് ഇപ്പോൾ ചേട്ടന്. മരുന്നുകളോടെല്ലാം പ്രതികരിക്കുന്നുണ്ട്. ഓർമ്മ പൂർണമായി തിരിച്ചു വന്നു.
പറയുന്നതെല്ലാം മനസ്സിലാവുകയും കഴിയുന്ന രീതിയിൽ പ്രതികരിക്കാനും ശ്രമിക്കുന്നുണ്ട് .ഇനി സംസാരിക്കുക കൂടി ചെയ്താൽ ചേട്ടൻ പഴയ രീതിയിൽ എത്തിയെന്ന് പറയാം. സ്പീച്ച് തെറാപ്പി ചെയ്തു തുടങ്ങിയാൽ മാറ്റം വരുമെന്നാണ് ചേട്ടനെ നോക്കുന്ന ഡോക്ടർമാരും പറഞ്ഞത്.ചേട്ടനെ ബിഗ് സ്ക്രീനിൽ കാണാൻ ആരാധകരെ പോലെ ഞാനും കാത്തിരിക്കുകയാണ് "" ആത്മവിശ്വാസത്തോടെ ശോഭ പറഞ്ഞു.
''ഒരു കുഞ്ഞിനെ പോലെ ചേട്ടനെ നോക്കിയിരുന്ന സമയം ഉണ്ടായിരുന്നു. കെയർ ടേക്കർ ഉണ്ടെങ്കിലും ചേട്ടന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്. എന്നും രാവിലെ എണീറ്റ് പ്രാഥമിക കാര്യങ്ങളെല്ലാം കഴിഞ്ഞ് പത്രം വായിക്കുന്ന ശീലം ഇപ്പോഴുമുണ്ട്. ടിവിയുടെ മുന്നിൽ ഇരുന്ന് സിനിമകളും ചാനൽ പരിപാടികളും കാണും. കോമഡിയാണ് കൂടുതലും കാണാറുളളത്. ടിവിയിൽ വരുന്ന മിക്ക സിനിമകളും കാണും. അതുപോലെ നെറ്റ് ഫ്ളിക്സിലും ആമസോൺ പ്രൈമിലും വരുന്ന പുതിയ സിനിമകളും അന്യഭാഷാ ചിത്രങ്ങളും കാണാറുണ്ട്. അടുക്കളയിൽ ജോലി തിരക്കുകൾക്കിടയിൽ ശോഭ എന്ന വിളി കേൾക്കുന്ന പോലെ മനസിൽ തോന്നും അപ്പോൾ ഓടി പോയി നോക്കുമ്പോൾ ടിവിയിലെ തമാശകൾ കണ്ട് ചിരിക്കുകയായിരിക്കും ചേട്ടൻ. മിക്ക സമയങ്ങളിലും ചേട്ടനൊപ്പം ഇരുന്ന് ടിവി കാണാറുണ്ട്.കിലുക്കവും യോദ്ധയും,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ , പിടക്കോഴി കൂവുന്ന നുറ്റാണ്ടുമൊക്കെയാണ് ചേട്ടന്റ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത്. ""ശോഭ പറഞ്ഞു.
''ചേട്ടന്റെ സുഹൃത്തുക്കളെല്ലാം വരുമ്പോൾ ആ സന്തോഷം മുഖത്ത് കാണാൻ കഴിയും. സിനിമ സുഹൃത്തുക്കളും സിനിമയ്ക്ക് പുറത്തുള്ള സുഹൃത്തുക്കളും വരാറുണ്ട്. ചെറിയ ക്ലാസിൽ ചേട്ടനോടൊപ്പം പഠിച്ച സുഹൃത്ത് ഈയിടയ്ക്ക് വന്നിരുന്നു. ആ സുഹൃത്തിനെ ചേട്ടന് പെട്ടെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം ചോദിക്കുന്ന കാര്യങ്ങൾക്ക് പ്രതികരിക്കുകയും ചെയ്തു. സിനിമ സുഹൃത്തുക്കളെല്ലാം വിളിക്കാറുണ്ട്. പേരക്കുട്ടികളുടെ കൂടെ കളിക്കുന്നതാണ് ചേട്ടന്റെ മറ്റൊരു സന്തോഷം. മോന്റെ പ്രൊഡക്ഷനിൽ ഒരു പരസ്യ ചിത്രത്തിൽ ചേട്ടൻ അഭിനയിച്ചു കഴിഞ്ഞു. ഞങ്ങൾക്ക് എല്ലാവർക്കും ചെറിയ രീതിയിൽ ടെൻഷനുണ്ടായിരുന്നു. എന്നാൽ ആക്ഷൻ പറഞ്ഞത് മുതൽ ചേട്ടനോട് ഒന്നും ആർക്കും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. നല്ല തിരക്കഥകളും നല്ല കഥാപാത്രവും വരികയാണെങ്കിൽ ചേട്ടൻ അഭിനയ രംഗത്തേക്ക് തിരിച്ചുവരും. ഏറ്റവും നല്ല ട്രീറ്റ്മെന്റ് അതായിരിക്കുമെന്നാണ് ഡോക്ടർമാരും പറയുന്നത്.ചേട്ടന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കിയിരുന്നു .സിനിമ തിരക്കുകൾ കാരണം ഒരു പിറന്നാളിനും വിവാഹ വാർഷികത്തിനൊന്നും ചേട്ടനെ കിട്ടാറില്ല.ഇപ്പോൾ ചേട്ടൻ അടുത്തുള്ള ഓരോ നിമിഷങ്ങളും ആഘോഷമാക്കാൻ ശ്രമിക്കുകയാണ് മക്കളും ഞാനും. '' മലയാളത്തിന്റെ പ്രിയപ്പെട്ട ജഗതിയെ ചേർത്ത് പിടിച്ചു ശോഭ പറഞ്ഞവസാനിപ്പിച്ചു.
(2012 മാർച്ച് 9 വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയിൽ വച്ചാണ് ജഗതി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത് )