കൊച്ചി: സഭാതർക്കം പരിഹരിക്കാൻ തുടർശ്രമങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളള. യാക്കോബായ വിഭാഗവുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ശ്രീധരൻ പിളളയുടെ പ്രതികരണം. ചർച്ചയിൽ രാഷ്ട്രീയമില്ലെന്നും സഭാതർക്കം രൂക്ഷമായ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർത്തഡോക്‌സ് വിഭാഗത്തേയും ശ്രീധരൻ പിളള ഇന്ന് കാണും. അതേസമയം, കോൺഗ്രസ് നേതാക്കളും ഇന്ന് യാക്കോബായ നേതൃത്വവുമായി ചർച്ച നടത്തും. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻ കുരിശിൽ എത്തി ബസേലിയോസ് തോമസ് പ്രഥമൻ ബാവയുമായാണ് കൂടിക്കാഴ്‌ച നടത്തുന്നത്. വൈകിട്ട് നാലിനാകും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എത്തുക.
ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്. പളളിത്തർക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഉന്നയിക്കും നേതാക്കളോട് ഉന്നയിക്കും.