ufo

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ വസ്തുവിന്റെ വീഡിയോ അദ്ദേഹം സ്വന്തം മൊബൈലിൽ പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുയും ചെയ്തു. അജ്ഞാത ഫ്‌ളൈയിംഗ് ഒബ്ജക്ട് ( യു എഫ് ഒ) എന്ന ലിസ്റ്റിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാൻ ടെലിവിഷൻ ന്യൂസ് ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് വിമാനം പറത്തവേ റഹിം യാർ ഖാൻ എന്ന നഗരത്തിന് സമീപത്തു വച്ചാണ് തിളക്കമുള്ള പറക്കുന്ന വസ്തുവിനെ പൈലറ്റ് കണ്ടെത്തിയത്. പകൽ സമയത്ത് സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും യു എഫ് ഒ വളരെ തിളക്കമാർന്നതായിരുന്നു. അതിനാൽ തന്നെ ഇത് ബഹിരാകാശ നിലയം അല്ലെങ്കിൽ കൃത്രിമ ഉപഗ്രഹമോ ആയിരിക്കും എന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. അജ്ഞാത വസ്തുവിനെ കണ്ടതോടെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് പൈലറ്റ് സന്ദേശം കൈമാറുകയും ചെയ്തു.

എന്നാൽ ഈ വീഡിയോ വൈറലായതോടെ വിവിധ അഭിപ്രായങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യയിൽ നിന്നുമുള്ള ചില വിരുതൻമാർ ഇത് പാകിസ്ഥാനെ കളിയാക്കുവാനും ഭയപ്പെടുത്തുവാനുമുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യൻ റഫാലാണ് ഇതെന്ന് സംശയം ഉന്നയിച്ചവരും ഉണ്ട്. അതേസമയം പാക് പൈലറ്റ് അജ്ഞാത വസ്തുവിനെ കണ്ട സ്ഥലത്തെ ആളുകളും ആകാശത്ത് തിളങ്ങുന്ന വസ്തുവിനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്.