കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റും കണ്ണൂർ എം പിയുമായ കെ സുധാകരൻ. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താത്പര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു സുധാകരന്റെ വിമർശനം.
കോൺഗ്രസ് നേതാക്കൾ പാണക്കാടെത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയതിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തു വന്ന സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടി പറയുകയായിരുന്നു കെ സുധാകരൻ. വിജയരാഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണമെന്നും സുധാകരൻ പറഞ്ഞു.
യു ഡി എഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകൾ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്നും പാണക്കാടേക്ക് ഇനിയും പോകുമെന്നും ചർച്ച നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും സി പി എം - ബി ജെ പി കൂട്ടുകെട്ടുണ്ടാവും. അതിനുളള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. കെ പി സി സി അദ്ധ്യക്ഷസ്ഥാനം കാത്തിരിക്കുകയല്ല താനെന്നും പാർട്ടി തന്നെ ഏൽപ്പിക്കുന്ന ഏതു സ്ഥാനവും താൻ സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.