ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. പഞ്ചാബിലെയും ഹരിയാനയിലെയും 45 ഗോഡൗണുകളിൽ സിബിഐ റെയ്‌ഡ്. ഇതിൽ നാൽപതും പഞ്ചാബിലാണ്. ഇന്നലെ രാത്രി ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. അരിയുടെയും ഗോതമ്പിന്റെയും സ്‌റ്റോക്ക് സാമ്പിളുകൾ സംഘം പിടിച്ചെടുത്തു. എഫ്‌സിഐ ഗോഡൗണുകളിലും പഞ്ചാബ് ധാന്യ സംഭരണ കോർപറേഷൻ ഗോഡൗണുകളിലുമാണ് സിബിഐ റെയ്ഡ് നടക്കുന്നത്.
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരിൽ ഏറിയ പങ്കും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ്. റിപ്പബ്ളിക് ദിനത്തിലെ കർഷക റാലിയെ തുടർന്നുണ്ടായ സംഘർഷം അക്ഷരാർത്ഥത്തിൽ രാജ്യ തലസ്ഥാന മേഖലയെ പ്രകമ്പനം കൊളളിച്ചിരുന്നു. ഇതോടെ കർഷകരും കേന്ദ്ര സർക്കാരും തമ്മിലെ ബന്ധം തീരെ വഷളായി. തുടർന്ന് കർഷകർ സമരം ചെയ്യുന്ന ഡൽഹി അതിർത്തിയിലെ കേന്ദ്രങ്ങളിൽ ജലവിതരണം നിർത്തിയും വൈദ്യുതി കണക്ഷൻ റദ്ദാക്കിയും ഉത്തർപ്രദേശ് സർക്കാരും സമരത്തിനെതിരെ തിരിഞ്ഞിരുന്നു. ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളിൽ പൊലീസ് നടപടി ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌താലും സമരം തുടരുമെന്ന് കർഷകരും അറിയിച്ചു.
കർഷക സമരത്തിലെ നേതാക്കൾക്കെതിരെ മുൻപ് ദേശീയാന്വേഷണ ഏജൻസിയും നടപടി ആരംഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ജർനൈൽസിംഗ് ഭിന്ത്രൻവാലയുടെ മരുമകൻ ജസ്‌ബീർ സിംഗ് റോഡിനും മറ്റ് ചില മാദ്ധ്യമപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും എൻഐഎ നോട്ടീസ് നൽകി. എന്നാൽ കർഷക നേതാക്കൾ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നു.
കാർഷിക നിയമത്തിനെതിരെ പ്രതിഷേധരംഗത്തുളള രണ്ട് ആസം സ്വദേശികളായ സന്നദ്ധ പ്രവർത്തകരെ ഇന്ന് ഡൽഹി വിമാനത്താവളത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇടത് പാർട്ടികളുടേതുൾപ്പടെ വിവിധ പ്രതിപക്ഷപാർട്ടികളും ഇന്ന് കർഷകർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പാർലമെന്റ് മാർച്ച് നടത്തി.