
തിരുവനന്തപുരം: നഗരത്തിലെ കാലപ്പഴക്കം ചെന്ന തെരുവ് വിളക്കുകൾക്ക് പകരം ആധുനികമായ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് ദ്രുതഗതിയിൽ തുടരുന്നു. ഇതിനകം 60 ശതമാനം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിൽ ആകെ 90,000 തെരുവ് വിളക്കുകൾ ഉണ്ടെന്നാണ് കോർപ്പറേഷന്റെ കണക്ക്. ഇതുവരെ 57,000 ഇടങ്ങളിൽ പഴയത് മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം 5000 ഓളം സോഡിയം വേപ്പർ ലാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് നഗരത്തിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങിയത്. ഇപ്പോൾ നഗരസഭ വൈദ്യുതി ബോർഡിന് നിശ്ചിത തുക ഡെപ്പോസിറ്റ് നൽകിയ ശേഷമാണ് തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കുന്നത്.
പഴയ വൈദ്യുത വിളക്കുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ കോർപ്പറേഷന് വൈദ്യുതി ചാർജ് ഇനത്തിൽ ഭീമമായ തുകയാണ് അടയ്ക്കേണ്ടി വരുന്നത്. എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ വൈദ്യുതി ചാർജ് കുത്തനെ കുറഞ്ഞിരുന്നു. ഇതോടെയാണ് മുഴുവൻ തെരുവ് വിളക്കുകളും മാറ്രി എൽ.ഇ.ഡി സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, കേടായ ലൈറ്റുകൾക്ക് പകരം വയ്ക്കാനുള്ള എൽ.ഇ.ഡി ലൈററുകൾ ലഭിക്കാതെ വരുന്നത് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്ന് നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗം അധികൃതർ ചൂണ്ടിക്കാട്ടി.
2014ലാണ് ആദ്യമായി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. ഒറ്റഘട്ടമായി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനായി സ്വകാര്യ ഏജൻസിയെ കണ്ടെത്താനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. ഇതിനായി താൽപര്യപത്രം ക്ഷണിക്കുകയും ചെയ്തു. നിരവധി കമ്പനികൾ പദ്ധതി നടത്തിപ്പിനായി മുന്നോട്ട് വന്നെങ്കിലും പല കാരണങ്ങളാൽ അത് മുടങ്ങിപ്പോയി. പിന്നീട് 2016ൽ പദ്ധതിയുടെ കരാർ പൊതുമേഖലാ സ്ഥാപനമായ സിഡ്കോയെ ഏൽപിച്ചു. എന്നാൽ ഈ മേഖലയിൽ സിഡ്കോയ്ക്ക് വൈദഗ്ദ്ധ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. കെൽട്രോൺ ഉൾപ്പെടെ 13 കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ നിരക്കിൽ കരാറുറപ്പിച്ചത് സിഡ്‌കോ ആയിരുന്നു.
തെരുവുവിളക്കുകൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി കോർപ്പറേഷനും വൈദ്യുതി ബോർഡും തമ്മിൽ ഏറ്റുമുട്ടലിലായിരുന്നു, ട്യൂബ് ലൈറ്റുകൾ, ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കെ.എസ്.ഐ.ഇയിൽ നിന്ന് വാങ്ങിനൽകുന്ന കോർപ്പറേഷൻ വൈദ്യുതി നിരക്കിന് പുറമേ ലേബർചാർജും നൽകുന്നുണ്ട്. എന്നാൽ, ഉപകരണങ്ങളും തുകയും കൈമാറിയാലും വൈദ്യുതി ബോർഡ് തെരുവു് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തുന്നുവെന്നാണ് കോർപ്പറേഷന്റെ പരാതി. വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും അറ്റകുറ്റപ്പണികൾക്കും കോർപ്പറേഷൻ സ്വന്തം നിലയ്ക്ക് കരാർ തൊഴിലാളികളെ നിയോഗിക്കണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.