president

ന്യൂഡൽഹി: നയപ്രഖ്യാപന പ്രസംഗത്തിനിടെ മഹാകവി വളളത്തോളിന്റെ കവിതാശകലം ചൊല്ലി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 'ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം' എന്ന വരികളാണ് രാഷ്ട്രപതി പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തവെ ചൊല്ലിയത്. റിപ്പബ്ലിക്ക് ദിനവും കർഷക പ്രക്ഷോഭവും ദേശീയ പതാകയുമൊക്കെ പരാമർശിക്കപ്പെട്ട നയപ്രഖ്യാപനത്തിൽ ദേശ സ്‌നേഹം എടുത്തുപറയാനാണ് വളളത്തോളിനെ രാഷ്ട്രപതി ഓർത്തത്.

നയപ്രഖ്യാപന പ്രസംഗത്തിൽ റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഡൽഹിയിലുണ്ടായ സംഘർഷത്തെയും രാഷ്ട്രപതി അപലപിച്ചു. ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും രാഷ്ട്രപതി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമ പരിഷ്‌കാരത്തെ ന്യായീകരിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. അതേസമയം പ്രസംഗത്തിനിടെ കർഷകനിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.