modi

ന്യൂഡൽഹി : 2007 മുതൽ 2017 വരെ ഇന്ത്യൻ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരി അദ്ദേഹത്തിന്റെ അനുഭവ കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറക്കുകയാണ്. ബൈ മെനി എ ഹാപ്പി ആക്സിഡന്റ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിന് മുൻപേ ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്തുള്ള ബന്ധവും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്.

2007ൽ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ തന്നെ കാണുവാൻ നരേന്ദ്ര മോദി എത്തി. വിവിധ വിഷയങ്ങളിൽ സംസാരിക്കവേ രാജ്യത്തെ പിടിച്ചു കുലുക്കിയ ഗോദ്ര കലാപത്തിനെക്കുറിച്ച് താൻ അദ്ദേഹത്തോട് ചോദിച്ചു, പ്രത്യേകിച്ചും കലാപത്തിന് ശേഷമുള്ള അവസ്ഥയെകുറിച്ചാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയിൽ നിന്നും ഉപരാഷ്ട്രപതി ചോദിച്ച് മനസിലാക്കാൻ ശ്രമിച്ചത്. എന്നാൽ ഗുജറാത്തിലെ സംഭവങ്ങളിൽ ആളുകൾ ഈ വിഷയത്തിന്റെ ഒരു വശം മാത്രം നോക്കുന്നുവെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അവിടെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന നല്ല കാര്യങ്ങൾ നോക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്റെ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ. തുടർന്ന് അതിന്റെ വിശദാംശങ്ങൾ താൻ താത്പര്യപൂർവം മോദിയിൽ നിന്നും കേട്ട് മനസിലാക്കി.

തുടർന്ന് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുളള അദ്ദേഹവുമായുള്ള അനുഭവവും പുസ്തകത്തിൽ ഹമീദ് അൻസാരി പങ്കുവയ്ക്കുന്നു. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്നത്. മോദി അധികാരമേറ്റ സമയത്ത് രാജ്യസഭയിൽ ഭൂരിപക്ഷം ബി ജെ പി നേടിയിരുന്നില്ല, അതിനാൽ തന്നെ ലോക്സഭയിൽ പാസാക്കുന്ന ബില്ലുകൾ രാജ്യസഭ കടക്കാൻ ഭരണകക്ഷി ബുദ്ധിമുട്ടുന്ന കാലമായിരുന്നു അത്. ഒരു ദിവസം മുൻകൂട്ടി അറിയിക്കാതെ പ്രധാനമന്ത്രി ഹമീദ് അൻസാരിയുടെ ഓഫീസിലേക്ക് കടന്നുവന്നു. മുഖവുരയായി താങ്കൾ എന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞാണ് മുറിയിലേക്ക് അദ്ദേഹം കടന്നുവന്നത്. രാജ്യസഭയിൽ ബഹളത്തിനിടെ ബില്ലുകൾ പാസാക്കിയെടുക്കാത്തത് എന്താണെന്ന് പ്രധാനമന്ത്രി തന്നോട് ചോദിച്ചത്.

ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കാറുണ്ട് എന്നാൽ സഭ ബഹളത്തിൽ മുങ്ങിനിൽക്കുമ്പോൾ ഹമീദ് അൻസാരി ഇത്തരത്തിലുള്ള വോട്ടെടുപ്പുകൾ അനുവദിച്ചിരുന്നില്ല, ഇതാണ് മോദിയുടെ പരിഭവത്തിന് കാരണമായത്. എന്നാൽ യു പി എ സർക്കാരിന്റെ കാലത്തും താൻ ഇതേ നയമായിരുന്നു സ്വീകരിച്ചിരുന്നതെന്നും മുൻ ഉപരാഷ്ട്രപതി വ്യക്തമാക്കുന്നു.