കളരിയിൽ ഹരിശ്രീ കുറിച്ച് വീണനായർ
അപ്പോൾ കളരിത്തറയിൽ വിളക്ക് തെളിഞ്ഞു. മനസിൽ കളരി പരമ്പര െെദവങ്ങൾ. വിദ്യാരംഭ ദിവസം ആരംഭിച്ചു കളരിപഠനം.''പുതിയ ചുവടുവയ്പാണിത്.ഒരുപാട് നാളായുള്ള ആഗ്രഹമാണ് കളരി പഠനം. എല്ലാ ദിവസവും ക്ളാസുണ്ട്. കൈയും മെയ്യുമെല്ലാം അർപ്പിച്ചു കളരിത്തറയിൽ. എനിക്ക് നല്ല ഒരു കളരി അഭ്യാസിയാകണം. മുൻപ് സിനിമയുടെ ഭാഗമായി അഭ്യസിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല."" കോട്ടയം ഇരവിനല്ലൂർ തടിക്കൽ ഡോ. ബൈജു വർഗീസ് ഗുരുക്കളുടെ ശിഷ്യയായി വീണനായർ. പല പ്രായക്കാരായ നിരവധി കുട്ടികൾ. ഗുരുക്കളുടെ ശിഷ്യനാണ് മാമാങ്കത്തിലെ അച്യുതൻ . ''എന്റെ കളരി പഠനത്തിന് ഇനി മുടക്കമില്ല. ഗുരുക്കൾ തരുന്ന പ്രോത്സാഹനം വലുതാണ്. തലമുറകളായി കളരി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് ഗുരുവിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഗുരുക്കളുടെ മക്കൾ അസാദ്ധ്യ അഭ്യാസപ്രകടനം നടത്തുന്നവരാണ്. കളരിത്തറയിൽ നിന്നാണ് ഇപ്പോൾ ഒരു ദിവസം ആരംഭിക്കുന്നത്. അവിടെ നിൽക്കുമ്പോൾത്തന്നെ മനസിന് കുളിർമ്മ തോന്നും. മുറകൾ എല്ലാം പഠിച്ചശേഷം നല്ല ഒരു സദസിന് മുൻപിൽ അഭ്യാസപ്രകടനം നടത്തണം. കളരിപഠനത്തിന്റെ ചിത്രങ്ങൾ കണ്ട് ബാഹുബലി മൂന്നിൽ നായികയായി അഭിനയിക്കാൻ രാജമൗലി സാർ വിളിച്ചു എന്ന കമന്റുവന്നു.രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നല്ലോ എന്നു ഞാൻ. ഇനി നൃത്തം പോലെ കളരിപ്പയറ്റും ജീവിതത്തിന്റെ ഭാഗമായിരിക്കും. "" വീണ നായർ നിറഞ്ഞു ചിരിച്ചു. പിന്നെ കളരി പരിശീലനത്തിൽ മുഴുകി.
എന്റെ വി െെവബ്സ്
നല്ല യാത്രപ്രിയയാണ്. യാത്ര കഴിഞ്ഞു സ്റ്റാറ്റസ് ഇടും. സ്റ്റോറീസ് പോസ്റ്റ് ചെയ്യുമ്പോൾ കണ്ണേട്ടൻ ( ദുബായ് യിൽ റേഡിയോ ജോക്കിയാണ്
ഭർത്താവ് സ്വാതി സുരേഷ് ഭൈമി. ആർ.ജെ. അമൻ എന്നാണ് അറിയപ്പെടുന്നത്)പറയും, യുട്യൂബ് ചാനൽ തുടങ്ങരുതോയെന്ന്. ലോക് ഡൗൺ ചങ്ങനാശേരിയിലെ വീട്ടിൽ ഇരുത്തിയപ്പോൾ ഒന്നും ചെയ്യാനില്ലാതെ ശോകമടിച്ചു. യുട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ആലോചന അപ്പോൾ വീണ്ടും വന്നു. 'എപ്പോഴും വൈബ് ആയി ഇരിക്കാൻ ഞാൻ കണ്ണേട്ടനോട് പറയാറുണ്ട്." ഇതു കണ്ണേട്ടൻ തിരിച്ചും പറയാറുണ്ട്. വീണയുടെ വി ചേർത്ത് കണ്ണേട്ടൻ 'വി വൈബ്സ് "എന്ന പേരിട്ടു. രണ്ടുദിവസം കഴിഞ്ഞു ആദ്യ സ്റ്റോറി. പിന്നെ ലൈക്കും ഷെയറും വീഴുന്നു. സബ്സ്ക്രൈബേഴ്സും.കാമറ വാങ്ങി ഇറങ്ങി. വി വൈബ്സ് നല്ല രീതിയിൽ പോവുന്നുണ്ട്. 12 വ്ളോഗ്, നാല് ലൈവ്, ദുബായ് കാഴ്ചകളും കാട്ടി. വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ദുബായ് കാഴ്ചകൾ ഇനിയുമുണ്ട്.മഞ്ജുചേച്ചിയുടെ വ്ളോഗ് പൊളിച്ചെന്ന് സബ്സ്ക്രൈബേഴ്സ് .ഇനിയും കിടിലൻ വ്ളോഗുകൾ പ്രതീക്ഷിക്കാം. ചെറിയ വരുമാനവും കിട്ടിത്തുടങ്ങി. അതുകൊണ്ട് ആവേശം കൂടിയിട്ടുണ്ട്.
എന്റെ വെബ് സിരീസ്
പുതിയ മേഖലയാണ് എനിക്ക് വെബ് സിരീസ്. ബോയിംഗ് ബോയിംഗ് എന്നാണ് സിരീസിന്റെ പേര്.ആര്യ, ഞാൻ, ഫുക്രു, പ്രദീപേട്ടൻ, ഷാജിയേട്ടൻ, സുരേഷേട്ടൻ, രാജിനി ആന്റി ഉൾപ്പെടുന്ന ബിഗ് ബോസ് ടീം അംഗങ്ങളെല്ലാമുണ്ട്. വെബ് സിരീസിന്റെ ഭാഗമാകുന്നത് ആദ്യമാണ്. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കുന്നത്. വെബ് സിരീസ് ചെയ്യാൻ പോവുന്നതിന്റെ സന്തോഷവും വലുതാണ്. സിനിമയെ വെല്ലുന്ന കഥകളാണ് മിക്ക വെബ് സിരീസിന്റേതും.ത്രില്ലർ സീരിസുകൾ ഒരു രക്ഷയുമില്ല.നോക്കിയിരുന്നു പോകും. ഒാരോ സീനും ഉദ്വേഗഭരിതം.കോമഡി ട്രാക്കിൽ വ്യത്യസ്തമായ സിരീസുകൾ വരുന്നുണ്ട്.
എന്റെ നായിക വേഷം
ഗഫൂർ ഇല്യാസ് സംവിധാനം ചെയ്യുന്ന 'മറിയം" എന്ന ചിത്രത്തിൽ നായികയാവുന്നു.ദുബായിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'മറിയം" ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ചിത്രീകരണം നിശ്ചയിച്ചതാണ്. എന്നാൽ ബിഗ് ബോസിന്റെ ഭാഗമായപ്പോൾ മറിയം മാറിമറിഞ്ഞു. ബിഗ് ബോസ് കഴിഞ്ഞു വന്നപ്പോൾ കൊവിഡ്. ഏപ്രിൽ ആദ്യം ദുബായിൽ 'മറിയം" ആരംഭിക്കും.ഗുണദോഷ സമ്മിശ്രമാണ് 2020. ബിഗ് ബോസ് എന്ന വലിയ റിയാലിറ്റി ഷോയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബിഗ് ബോസിന്റെ ഭാഗമായി വന്നതോടെയാണ് വീണ നായരെ എല്ലാ മലയാളിയും അറിഞ്ഞുതുടങ്ങിയത്. 64 ദിവസം ആ വീട്ടിൽ നിന്നപ്പോൾ എല്ലാ വീട്ടിലും ഇടിച്ചുകയറാൻ സാധിച്ചു. പോയവർഷം സിനിമയിൽ അഭിനയിച്ചില്ല. കൊവിഡ് ഒരുവശത്ത് വിഷമം തന്നു. നാട്ടിലും ദുബായിലും ലോക്ക് ആയി പോയി.
എന്റെ വെള്ളിമൂങ്ങ
ആറുവർഷം മുൻപ് 'വെള്ളിമൂങ്ങ"യിലെ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നാണ് തുടങ്ങുന്നത്. ഒന്നുമായില്ല. ഒരുപാട് ആഗ്രഹമുണ്ട്. സിനിമയിൽ വലിയ മത്സരമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിശ്ചയിച്ച രണ്ടുമൂന്ന് സിനിമ കൈയിൽനിന്നുപോയി. ഞാൻ മാറി വേറെ ആള് വന്നു. സിനിമ തേടി വരിക എന്നതു ഭാഗ്യം തന്നെയാണ്. ഒരു ബ്രേക്ക് ലഭിക്കണം. 24 ലധികം സിനിമയിൽ അഭിനയിച്ചെങ്കിലും വെള്ളിമൂങ്ങ ആണ് കൂടുതൽ പ്രിയം. മറ്റു ചിത്രങ്ങളും ഇഷ്ടം തന്നെ. വെള്ളിമൂങ്ങയിലെ കഥാപാത്രം പോലെ രസകരമായ മറ്റൊന്ന് പിന്നീട് ലഭിച്ചില്ല. കിട്ടുന്നതെല്ലാം ബോണസ് എന്ന രീതിയിൽ കാണാനാണ് താത്പര്യം. ഒരു പ്രതീക്ഷ പോലുമില്ലാത്ത സമയത്താണ് ആളുകൾ അറിഞ്ഞുതുടങ്ങിയത്. നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. വൈകാതെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ.
എന്റെ അമ്പാടി
കണ്ണേട്ടനും ഞാനും മകൻ ധൻവിനും ചേരുന്നതാണ് ഞങ്ങളുടെ കുഞ്ഞുലോകം.അമ്പാടി എന്നാണ് ചെല്ലപ്പേര്. മക്കൾക്കു വേണ്ടിയാണല്ലോ അച്ഛനമ്മമാർ ജീവിക്കുന്നത്. ഞങ്ങളുടെ എല്ലാമാണ് അമ്പാടി. കണ്ണേട്ടന്റെ വീട്ടിലെയും എന്റെ വീട്ടിലെയും കണ്ണിലുണ്ണി. ഷൂട്ട് കഴിഞ്ഞാൽ വേഗം എത്തും. സന്തോഷവും വിഷമവും വരുമ്പോൾ അമ്പാടിയുടെ മുഖമായിരിക്കും മനസിൽ. അമ്പാടിക്ക് നാലുവയസായി. ഇൗ വർഷം സ്കൂളിൽ ചേരുകയാണ്. അമ്പാടി മാത്രമല്ല ഞാനും പഠിക്കാൻ പോവുകയാണ്. ബി. എ ഭരതനാട്യം പഠനം കഴിഞ്ഞതാണ്.
എന്റെ കവർ സോംഗ്
എന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. ആര്യയുമായാണ് കൂടുതൽ അടുപ്പം. സിനിമയിലെ മറ്റൊരു സൗഹൃദമാണ് ഭാമ. പിന്നേ, കെ.പി.എ.സി ലളിതചേച്ചിയും മഞ്ജു ചേച്ചിയും. 'എടീ, നീ, എവിടാ "എന്നു രണ്ടാഴ്ചയിലൊരിക്കൽ ലളിതാമ്മ വിളിച്ചുചോദിക്കും. എനിക്കു അമ്മ തന്നെയാണ് ലളിതാമ്മ. സ്നേഹവും ഇഷ്ടവും എല്ലാം ചേർത്താണ് ലളിതാമ്മ എന്നു വിളിക്കുന്നത്. ബിഗ് ബോസിൽ പോയപ്പോൾ 'നീ വേഗം വരണേടീ ,ഔട്ടാകാൻ പ്രാർത്ഥിക്കുന്നുണ്ടെന്ന് "പറഞ്ഞു . സൗഹൃദത്തിലൂടെയാണ് പല പ്രോജക്ടുകളും വരുന്നത്. പാട്ടു പാടാറുണ്ട് 'ഗോദ"യിലെ ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം എന്ന പാട്ടിന്റെ കവർ പതിപ്പ് ചെയ്തു. ആദ്യ കവർസോംഗ്. വീണ നായരുടെ പാട്ട് ആളുകൾ കണ്ടു കേട്ടു.