ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ചില കാര്യങ്ങൾ കൊണ്ടത് വർക്കായില്ല. വാലൻന്റൈൻസ് ഡേ പോലുള്ള സ്പെഷ്യൽ ദിവസങ്ങളിൽ വിശ്വാസമില്ല
''പ്രണയദിനം പോലെയുള്ള സ്പെഷ്യൽ ദിവസങ്ങളിൽ വലിയ വിശ്വാസമില്ലാത്ത ഒരാളാണ് ഞാൻ. സ്കൂൾ ഡേയ്സിൽ ചെറിയ രീതിയിൽ വാലൻന്റൈൻസ് ഡേ സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. അന്നൊക്കെ ഞാൻ അന്തർമുഖയായ ഒരാളായിരുന്നു. ആരെങ്കിലും ഇഷ്ടം തുറന്നു പറ യാൻ വന്നാൽ മിടുക്കികളായ എന്റെ സുഹൃത്തുക്കളുടെ ബാക്കിലേക്ക് മാറും. കൗമാരക്കാരിയായപ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ചില കാര്യങ്ങൾ കൊണ്ടത് വർക്കായില്ല . ഇപ്പോഴും അതിന്റെ വേദനയിൽ നിന്ന് പൂർണമായി എനിക്ക് കരകയറാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സിനിമയെ സ്നേഹിച്ച് സിനിമയ്ക്കൊപ്പം ജീവിക്കുന്നു.'' ബോൾഡ് കഥാപത്രങ്ങളാണ് ലിയോണ ലിഷോയ് യെ തേടി കൂടുതലും വരുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങൾ എടുത്തു നോക്കമ്പോൾ അന്വേഷണത്തിലെ ലത സിദ്ധാർഥ് എന്ന ഗർഭിണിയായ പോലീസ് വേഷം മികച്ചു നിൽക്കുന്നുണ്ട്. മായാനദിയിലെ സമീറയും ,ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ തെരേസ റോയ് ,ഇഷ്കിലെ മറിയ ഇതെല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് .പുതിയ വർഷത്തിന്റെ പ്രതീക്ഷയിലാണ് താനെന്ന് പറഞ്ഞ് ലിയോണ തന്റെ സിനിമ ജീവിത വിശേഷങ്ങൾ പറഞ്ഞു തുടങ്ങി....
പുതു വർഷത്തിൽ മൂന്ന് സിനിമകൾ
സിജു വിൽസൺ ചിത്രം വരയനിൽ ഡെയ്സി എന്ന കഥാപാത്രം ചെയ്യുന്നുണ്ട്. ബോൾഡായ ഒരു പെൺകുട്ടിയുടെ വേഷമാണ്. ഞാൻ പൊതുവെ പക്വതയുള്ള റോളുകളാണ് കൂടുതലും ചെയ്തിട്ടുള്ളത്. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ബുള്ളറ്റ് ഓടിച്ചു നടക്കുന്ന ഫ്രീക്കത്തിയാണ് ഡെയ്സി. തന്റേടിയായ ഒരു ആലപ്പുഴക്കാരി നസ്രാണികൊച്ച് .
മറ്റൊന്ന് സിദ്ധാർഥ് ഭരതന്റെ ജിന്നിലെ കഥാപാത്രം. ആ സിനിമയുടെ റഫ് കട്ട് കണ്ടതുമുതൽ ത്രില്ലിലാണ് . എന്റെ ഗംഭീര മേക്കോവർ ആ ചിത്രത്തിലുണ്ട്. ഷോർട് ഹെയറാണ് .ചിലപ്പോൾ എന്നെ കണ്ടാൽ മനസിലാവില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ജിന്ന്. സൗബിന്റെ കഥാപാത്രമായാലും എല്ലാവർക്കും ഇഷ്ടപ്പെടും. എയർഹോസ്റ്റസിന്റെ വേഷം . ഞാൻ ആദ്യമായിട്ടാണ് അത്തരത്തിൽ ഒരു കഥാപാത്രം ചെയ്യുന്നത്. താര കോശി എന്നാണ് കഥാപാത്രത്തിന്റെ പേര്. മറ്റൊരു ചിത്രം റാം ആണ്. റാമിലെ എക്സൈറ്റിഗിന്റെ കാരണം ലാലേട്ടൻ തന്നെയാണ്. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റി. ലാലേട്ടനുമായുള്ള കോമ്പിനേഷൻ സീനുകളിൽ ചെറിയ ടെൻഷൻ ഉണ്ടായെങ്കിലും നന്നായി ചെയ്യാൻ ശ്രമിച്ചു. 2020 ഏറ്റവും വലിയ സന്തോഷം റാം ആണ്. പൊലീസ് ഓഫിസറുടെ വേഷമാണ്. ഇഷ്കിന്റെ തെലുങ്ക് പതിപ്പും ചെയ്തു കഴിഞ്ഞു.
സ്പെഷ്യൽ ദിനങ്ങളിൽവിശ്വാസമില്ല
പ്രണയിക്കുന്നവർക്ക് വേണ്ടി ഒരു ദിവസത്തിന്റെ ആവശ്യമില്ല. അതേപോലെ മദേഴ്സ് ഡേ ക്ക് മാത്രം അമ്മമാരെ വിഷ് ചെയ്യുകയൊള്ളുവെന്നൊക്കെ പറയുന്ന പോലെ. വനിതാ ദിനത്തിന് മാത്രം സ്ത്രീകളെ ഓർക്കുന്നു. രണ്ടുപേർക്കിടയിൽ അതിപ്പോൾ കമിതാക്കളാവാം ദമ്പതികളാവാം പരസ്പരം ബഹുമാനിക്കുക എന്ന കാര്യം മാത്രമേയുള്ളു. അല്ലാതെ ഇങ്ങനെ ഒരു ദിനത്തിന്റെ ആവശ്യമില്ല. ചെറുപ്പം മുതൽ വാലൻന്റൈൻസ് ഡേ സമ്മാനങ്ങൾ ഏറെകിട്ടിയിട്ടുണ്ട്. സ്കൂൾ പഠിക്കമ്പോൾ ബോയ് ഫ്രണ്ട് തന്നിട്ടുള്ള പ്രണയ സമ്മാനം ഇപ്പോഴും എന്റെ വീട്ടിൽ ഇരിപ്പുണ്ട്. പഴയ മെമ്മറികളെല്ലാം സൂക്ഷിച്ചുവയ്ക്കുന്ന ആളാണ് ഞാൻ.
ഹൈസ്കൂളിൽ പഠിക്കമ്പോഴായിരുന്നു എന്നോട് ആദ്യമായി ഒരാൾ ഇഷ്ടം പറയുന്നത്. ശരിക്കും എനിക്കും അയാളെ ഇഷ്ടമായിരുന്നു . പക്ഷേ അത് കാണിക്കാൻ പേടിയും നാണവുമായിരുന്നു. ഐ കോൺടാക്ട് പോലും കൊടുക്കാറില്ല. ആ സമയത്തെല്ലാം ഫോണിൽ സംസാരിക്കുകയായിരുന്നു പ്രധാന വിനോദം.അതെല്ലാം വീട്ടിലും പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞപ്പോൾ അവരോട് പറയാതിരുന്നിട്ട് കാര്യമില്ല എന്ന് മനസിലായി.പിന്നെ അവരോട് പറയും. ചേട്ടനെ കണ്ടിട്ടാണ് ഞാൻ അങ്ങനെ ചെയ്തു തുടങ്ങിയത്. ചേട്ടൻ അവരുടെ അടുത്ത് ഫ്രീ ആയിരുന്നു.
ബ്രേക്കപ്പ് ബാധിച്ചിട്ടുണ്ട്
പ്രണയം ഉണ്ടായിരുന്നു. ചില കാരണങ്ങൾ കൊണ്ട് അത് വർക്കായില്ല. ഇപ്പോഴും അതിൽ നിന്ന് പുറത്തുവരാൻ എനിക്ക് സാധിച്ചിട്ടണ്ടോയെന്ന് പറയാൻ സാധിക്കില്ല. നമ്മൾ ഒരാളെ ഭയങ്കരമായി ഇഷ്ടപ്പെട്ടുപോയാൽ അയാളുടെ ഒരു ഭാഗം എപ്പോഴും നമ്മുടെ അടുത്ത് ഉണ്ടാകും. ഒരിക്കലും നമുക്ക് അവർ ആരുമല്ലായെന്ന് പറഞ്ഞ് മാറി നില്ക്കാൻ കഴിയില്ല. എനിക്ക് എപ്പോഴും അയാൾ പ്രധാനപ്പെട്ടൊരാൾ തന്നെയായിരിക്കും. ചില കാര്യങ്ങൾ നമ്മൾ എത്ര ആഗ്രഹിച്ചാലും അത് നടക്കില്ല. അങ്ങനെയുള്ള ഒരു കാര്യമായാണ് അതിനെ ഞാൻ കാണുന്നത്. ഒരിക്കൽ ബ്രേക്കപ്പായ ബന്ധം രണ്ടാമതും തുടങ്ങാതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. പ്രണയിക്കുന്ന ഒരാൾ നമ്മളുടെ നല്ല ഗുണങ്ങളെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന വ്യക്തിയായിരിക്കണം.നമ്മളെ വളരാൻ പ്രചോദിപ്പിക്കണം. പരസ്പരം വളരാൻ രണ്ടുപേരും വഴിയൊരുക്കണം എന്നാണ് എനിക്ക് തോന്നുന്നത്.നമ്മുടെ സന്തോഷം പങ്കുവയ്ക്കാൻ കഴിയുന്ന ഒരാളായിരിക്കണം.പരസ്പര ബഹുമാനത്തോടെയായിരിക്കണം പ്രണയം.
സിനിമ അപ്രതീക്ഷിതം
അച്ഛൻ (സിനിമ സീരിയൽ നടൻ ലിഷോയ് ) സിനിമയിലായതുകൊണ്ട് ചെറുപ്പംമുതൽ സിനിമയും മായി അടുപ്പമുണ്ട്. പക്ഷേ ഒരിക്കലും ഞാൻ ഒരു നടിയാവുമെന്ന് എന്നെ അറിയുന്ന ആരും ചിന്തിച്ചിട്ടില്ല. അമ്മ ബിന്ദു ,വീട്ടമ്മയാണ്. അമ്മയാണ് എന്റെയും അച്ഛന്റെയും ബെസ്റ്റ് ക്രിട്ടിക്. അമ്മയുടെ മുഖം തെളിയാനാണ് ബുദ്ധിമുട്ട്. സഹോദരൻ ലയണൽ ലിഷോയ്. ചേട്ടൻ ബാംഗ്ളൂരിൽ ഫ്രീലാൻസ് മ്യൂസിക് പ്രൊഡ്യൂസറാണ്. ഡാൻസറും കൂടിയാണ്. നല്ല ഓഫറുകൾ വന്നാൽ സിനിമയിലേക്ക് വരും.