ചെന്നൈ: തമിഴ്‌നാട്ടിൽ ചിദംബരത്ത് ജുവലറി ഉടമയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം തട്ടിയെടുത്ത കൊളളസംഘത്തിലെ തലവൻ ജുവലറിയിലെ മുൻ ജീവനക്കാരൻ. സീർക്കാഴിയിലെ ജുവലറിയിൽ നിന്നും മൂന്ന് വർഷം മുൻപ് പിരിച്ചുവിട്ട രാജസ്ഥാൻ സ്വദേശി രമേശ് പാട്ടീലാണ് കൊളളയുടെ ബുദ്ധികേന്ദ്രം. രമേശ് ഉൾപ്പടെ അഞ്ചുപേരാണ് ജുവലറി ഉടമ തങ്കരാജ് ചൗധരിയുടെ വീട്ടിലെത്തി തങ്കരാജിനെയും മകന്റെ ഭാര്യയെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയും ചെയ്‌തത്. ജുവലറിയിൽ നിന്ന് പിരിഞ്ഞ ശേഷം ഒരു വർക്‌ഷോപ്പിൽ ജോലി നോക്കുകയായിരുന്നു രമേശ്. ഈ സമയം രാജസ്ഥാൻകാരായ മറ്റ് പ്രതികളെ സംഘടിപ്പിച്ച് കൊളളയ്‌ക്ക് പദ്ധതിയിട്ടു.
തോക്ക് ഉൾപ്പടെ മാരകായുധങ്ങളുമായി ബുധനാഴ്‌ച പുലർച്ചെ ആറരയോടെ സംഘം സീർക്കഴിയിലെ തങ്കരാജിന്റെ വീട്ടിലെത്തി. ഇടപാടുകാരാണെന്ന് കരുതി വാതിൽ തുറന്ന ചൗധരിയെ ആക്രമിച്ച് സ്വർണം സൂക്ഷിച്ച ലോക്കർ നമ്പർ സംഘടിപ്പിച്ചു. ശബ്ദം കേട്ട് ഓടിവന്ന തങ്കരാജിന്റെ ഭാര്യ ആശ, മകൻ അഖിൽ എന്നിവരെ അപ്പോൾതന്നെ സംഘം കൊലപ്പെടുത്തി. ശേഷം വീട്ടിലെ കാറിൽതന്നെ സംഘം സ്വർണം തട്ടിയെടുത്ത് രക്ഷപ്പെട്ടു. കാറിൽ ജിപിഎസ് സംവിധാനമുണ്ടെന്ന് മനസ്സിലാക്കിയ കൊളളസംഘം തുടർന്ന് പൊലീസ് അന്വേഷിച്ച് വരാതിരിക്കാൻ ഇരിക്കൂർ എന്ന ഗ്രാമത്തിൽ കാറുപേക്ഷിച്ച് ഇവിടുളള നെൽപാടത്തിൽ സ്വർണം കുഴിച്ചിട്ടു. എന്നാൽ നാട്ടുകാർ ഇവരെ കണ്ടെത്തിയതോടെ പൊലീസ് പിടിയിലായി.
തുടർന്ന് പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ കൂട്ടത്തിലെ മണിലാൽ എന്നയാൾ ശ്രമിച്ചതോടെ പൊലീസ് വെടിവച്ചു.അങ്ങനെ ഇയാൾ കൊല്ലപ്പെട്ടു. കൂട്ടത്തിൽ നിന്നും ഒരാൾ രക്ഷപ്പെട്ടു. ഇയാളെ വ്യാഴാഴ്‌ച രാത്രി കുംഭകോണത്ത് നിന്നും പിടികൂടി.