ചെറിയൊരു ത്രെഡിൽ നിന്ന് ആഴത്തിലുള്ള പ്രണയം അവതരിപ്പിക്കുകയാണ് ഒ.ടി.ടി യിൽ പ്രദർശിപ്പിച്ചുവരുന്ന സാർ എന്ന ചിത്രം
ചില സിനിമകൾ കണ്ടശേഷം ചിലകഥാപാത്രങ്ങൾ പ്രേക്ഷകരെ ഹൃദ്യമായി തഴുകിനിൽക്കാറുണ്ട്. സിനിമയ്ക്ക് ശേഷം എന്തെന്നില്ലാത്ത ഒരു സന്തോഷം പൊതിഞ്ഞുനിൽക്കും. രോഹിന ഗെരെയുടെ സാർ എന്ന ചിത്രം കണ്ടത്തിനു ശേഷം 'രത്ന"ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ ആഴത്തിൽ അലയടിക്കുകയാണ്.ന്യൂ യോർക്കിൽ നിന്ന് മുംബൈയിലേക്ക് പറിച്ചു നടുന്ന അശ്വിൻ എന്ന ആർക്കിടെക്ടിന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായ രത്നയായി വേഷപ്പകർച്ച നടത്തിയത് ഇംഗ്ലീഷ് -ഹിന്ദി -ബംഗാളി നടി തിലോത്തമ ഷോം ആണ്. രണ്ടു പതിറ്റാണ്ടായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിലോത്തമയുണ്ട് . ചെയ്ത കഥാപത്രങ്ങളിൽ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാൻ മറക്കാത്ത നടിയുടെ രത്ന എന്ന കഥാപാത്രം ഓരോ പ്രേക്ഷകനിലും കൂടുതൽ ചേർന്ന് നിൽക്കുന്നു. 2018 കാൻ ഫെസ്റ്റിൽ 'സാർ" പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് യൂറോപ്പിൽ റിലീസായെങ്കിലും 2020 നവംബറിലാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.
ഒരു ചിന്തയിൽ പോലും ഒരുമിക്കാത്ത രണ്ടുപേരുടെ പ്രണയം ഒട്ടും ഇഴച്ചിലില്ലാതെ കൃത്രിമത്വം ഇല്ലാതെ സ്ക്രീനിൽ കൊണ്ടുവന്നപ്പോൾ സംവിധായികയ്ക്കൊപ്പം രത്നയായി വേഷമിട്ട തിലോത്തോമാ ഷോമും ഒപ്പം അശ്വിനായി വേഷമിട്ട വിവേക് ഗോമ്പറും തിളങ്ങുന്നു.നാലു മാസം മാത്രം ഭർത്താവിനോടൊപ്പം കഴിഞ്ഞ് വിധവയാകുന്ന രത്ന തന്റെ ഇടങ്ങളെ കണ്ടു പിടിക്കുന്ന, തന്റെ സൗഹൃദങ്ങളിലും തന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളിലും സന്തോഷിക്കുന്ന , തനിക്ക് പറയാനുള്ള കാര്യങ്ങൾ ബോൾഡായി പറയാൻ മടിക്കാത്ത വ്യക്തിത്വമുള്ള കഥാപാത്രമാണ് .
രണ്ടു സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്ന രണ്ടുപേർ.ഓർഗാനിക്കായി അവർ പ്രണയത്തിലാവുന്നു. ഓരോ നോട്ടങ്ങൾകൊണ്ടും ശരീര ഭാവങ്ങൾ കൊണ്ടും സംസാരിക്കുന്ന രണ്ടുപേർ. 4000 രൂപയ്ക്ക് ജോലിചെയ്യുന്ന രത്ന പണ്ടെപ്പോഴോ മറന്ന തന്റെ ഫാഷൻ ഡിസൈനിംഗ് മോഹം പൊടിതട്ടി എടുക്കുന്നതും അതിനായി സ്മാർട്ടായി തന്റെ ഇടങ്ങളും സമയങ്ങളും ഉപയോഗിക്കുന്നതും സിനിമയിലൂടെ പറയുന്നുണ്ട്. തന്റെ കുഞ്ഞു മോഹങ്ങൾക്ക് വലിയ തിരക്കുകൾക്കിടയിൽ നിന്ന് തന്നെ പ്രചോദിപ്പിക്കാൻ സമയം കണ്ടെത്തുന്ന സാറിനോട് അറിഞ്ഞോ അറിയാതെയോ പ്രണയം തോന്നുക സ്വാഭാവികം. ബ്രാന്റഡ് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന തന്റെ സാറിന് ബർത്ത് ഡേ ദിവസം രത്ന വാങ്ങിയ ഷർട്ട് കൊടുക്കുന്നതും അന്നത് ധരിച്ച് അദ്ദേഹം ഓഫിസിലേക്ക് പോകുന്നതും എല്ലാവർക്കും രത്നയുടെ സമ്മാനം ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ തിളക്കം സിനിമ കണ്ടുകൊണ്ടിരിക്കുന്നവരിലേക്ക് പകർന്നു നല്കാൻ രോഹിനയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രണയം പല വഴിയിലേക്ക് തിരിയാവുന്ന സാദ്ധ്യത കളിൽ നിന്നു പോകുമ്പോഴും ബാക്കിയാകുന്നത് പ്രേക്ഷകരുടെ ഹൃദയമിടിപ്പാണ്. കൂടിചേരലിലും വിവാഹത്തിലും അല്ലാതെയും പ്രണയത്തിന്റെ സാദ്ധ്യതകളെ മുന്നിലേക്കിട്ടാണ് ' സാർ" സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.ക്ലൈമാക്സിൽ ഒരു മാറ്റി വിളിക്കലിലൂടെ രത്ന തന്റെ പ്രണയം ഉറക്കെ വിളിച്ചു പറയുന്നിടത് സാർ അവസാനിക്കുമ്പോഴും രത്ന പ്രേക്ഷകരെ വിടാതെ പിന്തുടരുകയാണ്. 2001 ൽ മൺസൂൺ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് തിലോത്തമ ഷോം സിനിമ ലോകത്ത് ഹരിശ്രീ കുറിച്ചത്. പിന്നീട് നിരവധി ശ്രദ്ധേയ ഷോർട്ട് ഫിലിമുകളിൽ (ഇംഗ്ലീഷ് ,ഹിന്ദി ,ബംഗാളി )വേഷമിട്ടു. ഹിന്ദി മീഡിയം ,യൂണിയൻ ലീഡർ , എ ഡെത്ത് ഇൻ ദ ഗുഞ്ച എന്നിവയാണ് തിലോത്തമയുടെ പ്രധാന ചിത്രങ്ങൾ. ഇർഫാൻ ഖാൻ ഏറ്റവുമൊടുവിൽ അഭിനയിച്ച അംഗ്രേസി മീഡിയമാണ് ഷോം ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രം.