ആ കുറ്റപ്പെടുത്തൽ അസഹനീയമായിരുന്നു. ചേച്ചിയെ ശ്യാമള ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്നുണ്ടായിരുന്നു.
''ഞാനും വരാം കടയിൽ.""
കവിതയുടെ കൈയിൽ തുണിസഞ്ചിയുണ്ടായിരുന്നു. അവൾ സാധനം വാങ്ങാൻ ഇറങ്ങിയതുതന്നെയാണെന്ന് തോന്നി.
''ആ കടയിൽ പാൽ കിട്ടുമോ?""
ശ്യാമളയ്ക്ക് അറിയില്ല.
''ഓ, നീയും ഇവിടെ പുതിയതാണല്ലോ.""
അവൾക്കൊപ്പം കവിതയും പച്ചക്കറി കടയിലെത്തി. വേണ്ടതുവാങ്ങി സഞ്ചിയിലിട്ടു. ശ്യാമള ഉള്ളിമാത്രം വാങ്ങി.
''ഇവിടെ പാലുണ്ടോ?""
കച്ചവടക്കാൻ ഇല്ല എന്നറിയിച്ചു.
''ദേ, അവിടെ കിട്ടും.""
അയാൾ ചൂണ്ടിക്കാണിച്ച കടയിലേക്ക് കവിത നടക്കുമ്പോൾ ശ്യാമള തിരിഞ്ഞുനിന്നു. ഒപ്പം പോവേണ്ടതില്ല. തനിക്ക് വാങ്ങാനുള്ളത് വാങ്ങിച്ചു. പക്ഷേ, കവിത നിർബന്ധിച്ചു.
''അവിടെ വരെ പോയിട്ട് നമുക്കൊന്നിച്ച് തിരികെ കയറാം.""
ശ്യാമളയ്ക്ക് ഒഴിയാൻ കഴിഞ്ഞില്ല.
ചെറിയൊരു സൂപ്പർമാർക്കറ്റായിരുന്നു അത്. ഇവിടെ താമസമാരംഭിച്ചതിനുശേഷം കവിത ആദ്യമായാണ് ആ ഷോപ്പിൽ കയറുന്നത്. കൗണ്ടറിലിരുന്ന മദ്ധ്യവയസ്കനായ ഉടമ പരിചയപ്പെടാനെത്തി. പുതിയൊരാളെ സ്വീകരിക്കാൻ, ആകർഷിക്കാൻ, കവിത ഫ്ലാറ്റിലാണ് താമസമെന്ന് അയാൾ ചോദിച്ചറിഞ്ഞു.
''വിളിച്ചുപറഞ്ഞാൽ മതി, കൊടുത്തയ്ക്കാം.""
അയാൾ ഫോൺ നമ്പർ രേഖപ്പെടുത്തിയ കാർഡ് നൽകി.
''കൊടുത്തയയ്ക്കുകയൊന്നും വേണ്ട. പുറത്തിറങ്ങി നടക്കാനാ എനിക്കിഷ്ടം.""
കവിത അറിയിച്ചു.
പാൽ വാങ്ങി പണം നൽകുമ്പോൾ അയാളൊന്നും ചോദിച്ചില്ലെങ്കിലും കവിത, ശ്യാമളയെ തൊട്ടു പറഞ്ഞു:
''ഇത് ഞങ്ങളുടെ മാജിക് ട്രൂപ്പിലെ കുട്ടിയാ.""
അയാളുടെ കണ്ണുകളിൽ അത്ഭുതം.
''മാഡത്തിന് മാജിക് ട്രൂപ്പോ?""
അല്പം അഹങ്കാരത്തോടെ കവിത തലയാട്ടി.
''ഷോ നടത്താറുണ്ട്.""
കവിതയുമായി ഒരു ബന്ധവുമില്ലെന്നറിയിക്കണമെന്ന് ശ്യാമള ആഗ്രഹിച്ചു. പക്ഷേ, അവർക്കിടയിൽ കയറി സംസാരിക്കാനായില്ല. അല്ലെങ്കിൽ തന്നെ സൂപ്പർമാർക്കറ്റുകാരനോട് വീമ്പുപറയുകയും തിരുത്തുകയും ചെയ്യേണ്ട കാര്യമില്ല. ഈ ചേച്ചിയുടെ പൊങ്ങച്ചം!
''അപ്പോ, ഫ്ലാറ്റിലിരുന്ന് വിചാരിച്ചാലും എന്റെ കടയിലെ സാധനങ്ങൾ അവിടെയെത്തുമല്ലോ, മാജിക്കിന്റെ ശക്തി...""
ഫലിതം പറഞ്ഞമട്ടിൽ അയാൾ പൊട്ടിച്ചിരിച്ചു.
''സാധനങ്ങൾ മാത്രമല്ല""
കവിത കൂട്ടിച്ചേർത്തു
''ആളുകളേയും ഞങ്ങൾ വിചാരിച്ചാൽ പൊക്കിയെടുക്കും.""
എന്നിട്ട് ശ്യാമളയെ നോക്കി ശുദ്ധമായി പുഞ്ചിരിച്ചു. വെല്ലുവിളിപോലെ. അവൾ വേഗത്തിൽ കടയിൽ നിന്നിറങ്ങി. പിന്നാലെയെത്തിയ കവിതയ്ക്ക് നീരസം.
''നീയെന്തിനാ ഓടുന്നത്?""
ശ്യാമളയ്ക്ക് അരിശവും സങ്കടവുമുണ്ടായി.
''ചേച്ചി എന്തിനാ അങ്ങനെ പറഞ്ഞത്? ഞാൻ മാജിക്കിലില്ലല്ലോ.""
''പിന്നെ, വേലക്കാരിയാണെന്ന് പറയണോ?""
ആ മറുചോദ്യത്തിലെ പരിഹാസം അവളെ നൊമ്പരപ്പെടുത്തി. വേലക്കാരിയാണെന്ന സത്യം വേദനാജനകമാണ്. മറ്റൊന്നിനും ഭാഗ്യമില്ലാത്തവൾ. എങ്ങും എത്താത്തവൾ. അത് മറ്റുള്ളവരോട് വിളിച്ചുപറയാതിരിക്കുന്നത് ചേച്ചിയുടെ മര്യാദ തന്നെ.
''നിന്നെ ഞാൻ മാജിക്ക് കാരിയാക്കും""
കവിത ഉറപ്പുകൊടുത്തു.
''ശബരി, നാടാകെ അറിയുന്ന കലാകാരനാവുമ്പോൾ നിനക്ക് സന്തോഷമാവും.""
ആ പ്രലോഭനം അവളെ ചെറുതായി സ്പർശിച്ചു. കുഞ്ഞോളം... ആ ഓളം മെല്ലെ മെല്ലെ ഒരു തിരയായി ഉയർന്നു. മോഹത്തിന്റെ തിര, പ്രതീക്ഷയുടെ കുതിപ്പ്, ആവേശത്തിന്റെ ഉയരം. ഒരു വേലക്കാരിയുടെ സ്ഥാനമെവിടെ, ഒരു മാജിക് കലാകാരിയുടെ സ്ഥാനമെവിടെ? ആകാശത്തേക്ക് പറക്കുന്ന ഒരു പട്ടമായി മനസ്. കാറ്റിലുലയുന്ന പട്ടം. കരകവിഞ്ഞൊഴുകുന്ന ആഹ്ലാദം. ലിഫ്ടിലേക്ക് കയറുമ്പോൾ കവിത അവളുടെ ചുമലിൽ അമർത്തിപ്പിടിച്ചു.
''നിന്നെ ഞാൻ വന്ന് വിളിക്കും. ഇറങ്ങിവരണം. എന്റെ വീട്ടിൽ പാർക്കാം.""
അവൾക്ക് പേടിയായി.
''തത്ക്കാലം ആരോടും പറയേണ്ട. ഞായറാഴ്ചത്തെ ഷോയ്ക്ക് ശബരി വേറെ ആരെയെങ്കിലും വിളിക്കട്ടെ... അതുകഴിഞ്ഞാൽ പിന്നെ നീ...നീ മാത്രം.""
ആ ഉറപ്പിൽ ശ്യാമള പൂത്തു. അടുക്കളപ്പണിയിൽ നിന്ന് മോചനം. പുതിയ സ്വപ്നങ്ങൾ, ജീവിതത്തിന് അർത്ഥമുണ്ടാവുന്നു. നാളെയെക്കുറിച്ചുള്ള ചിത്രങ്ങൾ തുന്നാൻ തുടങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് അവളോർത്തത്. ഉള്ളിയെടുത്തിട്ടില്ല. കവിത തന്റെ കൈയിൽ നിന്ന് ഉള്ളിപ്പൊതി വാങ്ങി, പാലിട്ട കവറിൽ തിരുകിയത് ഓർമ്മയുണ്ട്. താൻതന്നെ കൈയിൽ വച്ചാൽ മതിയായിരുന്നു. അബദ്ധമായി. വാതിൽ തുറന്ന സുമി ചോദിച്ചു.
''ഉള്ളിയെവിടെ?""
ശ്യാമളയുടെ കൈയിൽ ഒന്നുമില്ലെന്ന് ഒറ്റനോട്ടത്തിൽ അവൾ മനസിലാക്കി.
'' അയ്യോ, എടുക്കാൻ മറന്നു""
പറഞ്ഞു ശീലിച്ചിട്ടില്ലെങ്കിലും അവൾ വേഗത്തിൽ നുണ പറഞ്ഞു.
''കടയിൽ വച്ച് പോന്നു...""
കവിത ഒപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ സുമിക്ക് രസിക്കില്ലെന്ന് ഗ്രഹിക്കാനുള്ള സാമാന്യ ബുദ്ധിയുണ്ട്. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് കവിതയുടെ ഫ്ലാറ്റിൽ പോയി ഉള്ളിയുമായി എത്താമെന്നായിരുന്നു അവൾ കരുതിയത്.
''ഓ, ഇനി പിന്നെ വാങ്ങിക്കാം""
സുമി തടുത്തു.
''ഇല്ല ചേച്ചീ, ഓടിവരാം.""
അവൾ ഇടനാഴിയിലേക്കിറങ്ങി, സംശയമൊന്നുമില്ലാതിരുന്നതുകൊണ്ട് സുമിയുടെ നോട്ടം അവളെ പിന്തുടർന്നില്ല. അവൾ കവിതയുടെ വാതിലിൽ ചെന്നുമുട്ടി. വാതിൽ തുറന്നത് ശബരിയാണ്. അവൾ പരുങ്ങി.
''ചേച്ചി?""
''ഡ്രസ് മാറുകയാണ്. വിളിക്കണോ?""
അവൾ മൂളി.
അയാളവളെ അടിമുടി നോക്കി. കൊലുന്നനെയുള്ള കടഞ്ഞെടുത്ത ഈ പെണ്ണ് മാജിക്കിൽ അത്ഭുതം സൃഷ്ടിക്കും. കവിത സൂചിപ്പിച്ചത് വെറുതെയല്ല. അയാളുടെ നോട്ടത്തിനു മുന്നിൽ അവൾ ചൂളി. ഭാഗ്യത്തിന് അപ്പോഴേയ്ക്ക് കവിത ഇറങ്ങിവന്നു.
''എന്തുപറ്റി?""
''ഉള്ളി ചേച്ചിയുടെ കവറിലാ""
''അയ്യോ, മറന്നുപോയി.""
കവിത അവളേയും കൂട്ടി അടുക്കളയിലേക്ക് പോയി. പാൽ ഫ്രിഡ്ജിൽ എടുത്തുവച്ചു കഴിഞ്ഞിരുന്നു. കവറിൽ ഉള്ളിപ്പൊതി മാത്രം. ആ പൊതിയെടുത്ത് അവൾ നിവർത്തി. ഉള്ളിക്കു പകരം സ്ഫടിക ഗോളങ്ങൾ. ഉള്ളിയുടെ നിറത്തിലുള്ള തിളക്കങ്ങൾ. അവ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കി. ശ്യാമളയുടെ വിസ്മയക്കണ്ണുകളിൽ നോക്കി കവിത പറഞ്ഞു.
''ഇതാണ് മാജിക്""
ആ നിമിഷം ശ്യാമള ജാലവിദ്യയെ വല്ലാതെ സ്നേഹിച്ചു. അത്ഭുതങ്ങളുടെ രഹസ്യവാതിൽ തുറക്കാൻ ധൃതിയായി. ഇതൊരു ചെറിയ തുടക്കം മാത്രം.
''എന്നെ പഠിപ്പിക്കോ?""
അവൾ അപേക്ഷിച്ചു.
''ഞാൻ പറഞ്ഞില്ലേ, നിന്നെ ഞാൻ പഠിപ്പിക്കാം. ജാലക്കാരിയാക്കും.""
ശബരി അത് കേൾക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ വാക്കുകൾ അയാൾക്കുള്ളിൽ പ്രതിദ്ധ്വനിച്ചു. അയാൾ മന്ത്രിച്ചു.
''ഇവൾ എന്റെ ജാലക്കാരി.""
സ്ഫടികഗോളങ്ങൾ ഉള്ളിയായി മാറുന്നതും അവൾ കണ്ടു. ഇതെങ്ങനെ സാധിച്ചുവെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു.
''വരട്ടെ...ആദ്യം മുതൽ തുടങ്ങണം...""
ആ വാഗ്ദാനത്തിലെ പ്രലോഭനം അവളുടെയുള്ളിൽ രത്നങ്ങൾ പാകി.തിരികെ ഫ്ലാറ്റിലെത്തിയ ശ്യാമളയുടെ കൈയിൽ നിന്ന് ഉള്ളിപ്പൊതി സുമി വാങ്ങി. സംശയം തോന്നിയിട്ടല്ല. ചോദ്യം ചെയ്യാനുമല്ല, അവൾ കവിതയുടെ ഫ്ലാറ്റിലാണ് പോയിവന്നതെന്ന് അറിയുമായിരുന്നില്ല. ഉള്ളിയുടെ തോൽ കളഞ്ഞ് അരിയാമെന്ന് ഉദ്ദേശ്യം മാത്രം. എല്ലാ ജോലിയും ഏല്പിച്ച് അവളെ വീർപ്പുമുട്ടിക്കേണ്ട എന്ന നല്ല മനസിന്റെ നീക്കം മാത്രം. അടുക്കളയിലെത്തി പൊതി തുറന്നു സുമിയുടെ കൈയിലിരുന്ന് വർണപ്പകിട്ടുള്ള ചില്ലുഗോളങ്ങൾ തിളങ്ങി. സ്തബ്ധയായ അവൾ കൈകുടഞ്ഞു. നിലവിളിച്ചു. ഗോളങ്ങൾ നിലത്തുവീണ് ചിതറി.
''എന്താ ചേച്ചീ""
ശ്യാമള ഓടിവന്നു. അവൾ കണ്ടത് നിലത്തുകിടക്കുന്ന ഉള്ളിമാത്രമാണ്. ചേച്ചി എന്തിനാണ് പേടിച്ചുനിലവിളിച്ചതെന്ന് മനസിലായില്ല.
''എന്താ ചേച്ചീ""
ശ്യാമള വീണ്ടും ചോദിച്ചു.
''നീയെന്താ വാങ്ങിക്കൊണ്ടുവന്നത്?""
സുമിക്ക് കിതപ്പടക്കാൻ കഴിഞ്ഞില്ല.
''ഉള്ളി""
അവൾ നിലത്തുകിടന്ന ഉള്ളി പെറുക്കിയെടുക്കാൻ തുടങ്ങി.
''തൊടല്ലേ""
സുമി ഉച്ചത്തിൽ തടുത്തു.
''അത് ഉള്ളിയല്ല""
തറയിൽ നിന്ന് ഓരോ ഉള്ളിയായി എടുത്ത് ശ്യാമള അവളെ കാണിച്ചു ബോദ്ധ്യപ്പെടുത്തി. അടർന്നുവീണ തോടുകളും. ഇപ്പോൾ സുമി കാണുന്നത് ഉള്ളിതന്നെയാണ്. സ്ഫടികഗോളങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു, അതോ വെറും തോന്നലായിരുന്നോ? തോന്നൽ തന്നെയെന്ന് സുമി ഉറപ്പിച്ചു. ഓടിവന്ന ശ്യാമള ഉള്ളിയാണ് പെറുക്കിയെടുത്തത്. അസ്വാഭാവികമായി അവൾ ഒന്നും കണ്ടില്ല. കണ്ടിരുന്നെങ്കിൽ തന്നെ പോലെ ഭയന്ന് നിലവിലിക്കുമായിരുന്നു. പക്ഷേ, ശ്യാമളയ്ക്ക് കാര്യം പിടികിട്ടി. തന്നെ ഞെട്ടിച്ച അതേ ജാലവിദ്യ ഇവിടെയും ചിറകുവിടർത്തി. സുമി ആ വിദ്യയ്ക്ക് മുന്നിൽ പകച്ചു. ഇപ്പോൾ എല്ലാം സാധാരണം. കുസൃതികളുടെ അന്ത്യം. എങ്കിലും അവൾക്ക് പിടികിട്ടാത്ത ഒരു രഹസ്യമുണ്ടായിരുന്നു. മറ്റൊരു ഫ്ലാറ്റിലിരുന്നുകൊണ്ട് കവിത ഇവിടത്തെ കാര്യം നിയന്ത്രിച്ചത്? അത്ര ശക്തിയുള്ളതാണോ മാജിക്? എങ്കിൽ ഈ അത്ഭുതവിദ്യ എത്രയും വേഗം ഹൃദിസ്ഥമാക്കണം. പ്രയോഗിക്കണം. നാട്ടിൽ പലരോടും പകവീട്ടണം. കവിത അവളുടെ മനസിൽ ദേവതയായി. ആഗ്രഹസിദ്ധിയുടെ അവതാരമായി. ഏതു നിമിഷവും ആ ചേച്ചിയുടെ വിളിയുണ്ടാവും. ഇവിടെ നിന്ന് ഇറങ്ങിപ്പോവാനുള്ള വിളി. പെട്ടെന്നാണ് സുമി അവളുടെ ചുമലിൽ അമർത്തിപ്പിടിച്ചത്.
''സത്യം പറയ്, നിനക്ക് മാജിക് അറിയാമോ?""
അവൾ വിരണ്ടുപോയി.
''ഇല്ല...""
''നീ എന്നെ പേടിപ്പിക്കാൻ വന്നതാണോ?""
''അല്ല ചേച്ചീ അല്ല...""
അവൾ കരഞ്ഞുപോയി. ഈ നിമിഷം താൻ പുറത്താക്കപ്പെടുമെന്ന ഭയം മുള്ളുപോലെ. പുറത്താക്കിയാൽ പുച്ഛിച്ചുകൊണ്ട് കവിതയുടെ ഫ്ലാറ്റിൽ അഭയം തേടാമെന്ന ധൈര്യം അവൾക്കുണ്ടായില്ല. അത്രത്തോളം കവിതയെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല, വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ല. സുമിയുടെ മനസിലും കാർമേഘം നിറഞ്ഞു. ശ്യാമളയോട് തോന്നിയിരുന്ന സ്നേഹവും സഹതാപവും ഇഴഞ്ഞകലുന്നതുപോലെ. ദുരൂഹമായ ഒരു കഥാപാത്രമായി മാറിയതു പോലെ... കടന്നുവരവ് പോലും വിചിത്രമായിരുന്നു. ശബരിയിൽ തുടങ്ങിയ മായക്കാഴ്ച. കവിതയുടെ കരവിരുത്. അതിന്റെ തുടർച്ചയാണ് ശ്യാമള എത്തിയിരിക്കുന്നതെന്ന സന്ദേഹം അവളെ അസ്വസ്ഥമാക്കി. ഈ ചുമരകങ്ങളിലെ സ്വസ്ഥത നഷ്ടമാവുകയാണ്. വിശ്വനാഥനെ അറിയിച്ചാൽ ശകാരിക്കും. ആദ്യമേ ഉപദേശിച്ചതല്ലേ എന്ന മറുചോദ്യമുണ്ടാവും. ഇവളുടെ ഓരോ നീക്കവും നിരീക്ഷിക്കേണ്ടിയിരിക്കുന്നു. മാജിക് പുസ്തകത്തിനോടുള്ള ആർത്തി ഒരു തെളിവാണ്.
''നിനക്ക് വേറെ വല്ല ഉദ്ദേശ്യവുമുണ്ടെങ്കിൽ തുറന്ന് പറഞ്ഞേക്ക്.""
സുമിയുടെ താക്കീത്, ശ്യാമള ശരിക്കും തളർന്നുപോയി. ചതിക്കാൻ വന്നതല്ല. മോഷ്ടിക്കാനെത്തിയതല്ല അഭയം തന്നയാളെ വഞ്ചിച്ചാൽ ദൈവം പൊറുക്കുകയില്ലെന്നറിയാം. തന്റെ പക്ഷത്തു നിന്ന് ഒരു തെറ്റുണ്ടായി. മാജിക്കിനോടുള്ള ഭ്രമം. കളിപ്പാട്ടം കണ്ട കുട്ടിയെപ്പോലെ. അവൾ പൊട്ടിക്കരഞ്ഞു.
''ഞാനൊന്നും ചെയ്തില്ല, ഒന്നുമറിയില്ല...""
അവളുടെ സ്വരം ചിതറി. അപ്പോഴും ഉള്ളി സ്ഫടികഗോളമായി മാറിയതന്റെ പൊരുൾ വിശദീകരിക്കാൻ അവൾക്കാവുമായിരുന്നില്ല. കവിതയുടെ വീട്ടിൽ പോയെന്നോ ഒപ്പം കടയിൽ പോയെന്നോ പറയാൻ വയ്യ. അക്ഷരാർത്ഥത്തിൽ നടുക്കടലിലായി അവൾ. അടുക്കള സ്ലാബിൽ അവൾ വായിച്ചുവച്ചിരുന്ന ബുക്ക് സുമിയെടുത്തു. ആ മുഖത്ത് ഒരു കനൽ തെളിഞ്ഞു.
''ഇത് കൊണ്ട് കളഞ്ഞിട്ടുവാ""
ശ്യാമള നിസഹായയായി.
''ഇവിടെയിട്ട് ഒന്നും കത്തിക്കാൻ പറ്റില്ല. താഴെ വേസ്റ്റ് ഡബ്ബുണ്ട്. അതിലിട്ടാൽ മതി.""
മടിച്ചുനിന്ന അവളെ സുമി തള്ളിവിട്ടു.
''സെക്യൂരിറ്റിയോട് ചോദിച്ചാൽമതി കാണിച്ചുതരും. ""
ഹൃദയത്തോട് ചേർത്തുപിടിച്ച ആ പുസ്തകവുമായി മുറിവേറ്റവളായി അവൾ പുറത്തിറങ്ങി. ലിഫ്ടിനുള്ളിൽ നിൽക്കുമ്പോൾ കരച്ചിലടക്കാനായില്ല. കണ്ണുനീരിറ്റ് വീണ് പുസ്തകം നനഞ്ഞു. ഗ്രൗണ്ടിലിറങ്ങിയ അവൾ പൂന്തോട്ടത്തിന് സമീപം നിൽക്കുന്ന സെക്യൂരിറ്റിഗാർഡിനോട് ചോദിച്ചു.
''എവിടെയാ വേസ്റ്റ് ഡബ്ബ്?""
അവളുടെ കൈയിൽ അടുക്കള മിച്ചത്തിന്റെ കൂട് കാണാത്തതുകൊണ്ട് അയാൾ ചോദിച്ചു
''എന്ത് വേസ്റ്റ്?""
അവൾ പുസ്തകം കാണിച്ചു.
അയാൾ അതുവാങ്ങി
''അയ്യോ... ഇത് ഡബ്ബിലിടണ്ട.""
താളുകൾ നിവർത്തിനോക്കി അയാൾ പറഞ്ഞു.
''ഞാൻ വായിച്ചുകൊള്ളാം.""
''രാത്രിയിൽ ഉറങ്ങാതെ കാവലിരിക്കുമ്പോൾ എന്തെങ്കിലും വായിക്കാനുണ്ടാവുന്നത് ആശ്വാസകരമാണ്. പ്രത്യേകിച്ച് ഇത്തരം പടമുള്ള പുസ്തകങ്ങൾ.""
''ഓ... ഇത് മാജിക്കാണല്ലോ.""
അയാൾക്ക് സന്തോഷമായി.
''ഞാൻ വായിച്ചു പഠിക്കാം. ചെറുപ്പത്തിൽ എന്റെ വലിയ ആശയായിരുന്നു മജിഷ്യനാവാൻ... എന്നിട്ടെത്തിയതോ ഈ സെക്യൂരിറ്രി പണിയിൽ.""
തമാശ പറഞ്ഞതുപോലെ അയാൾ ചിരിച്ചു.
''അത് കളയണം""
അവൾ വാശിപിടിച്ചു.
''അതെന്തിനാ?""
അയാൾക്ക് അതിശയം
''ചേച്ചി പ്രത്യേകം പറഞ്ഞു. ""
''കളഞ്ഞെന്ന് ചേച്ചിയോട് പറഞ്ഞാൽ മതി.""
പുസ്തകം കീശയിൽ തിരുകിയശേഷം അയാൾ ചെടി നനയ്ക്കാൻ തുടങ്ങി. അയാളിൽ നിന്ന് അത് മടക്കികിട്ടുകയില്ലെന്ന് തീർച്ചയായി. ചേച്ചിയോട് എന്ത് പറയും? നുണ പറയാനുള്ള കരുത്തില്ല.
''വായിച്ചിട്ട് കത്തിച്ച് കളയണേ"" അവൾ അപേക്ഷിച്ചു.
''ഞാനെന്തെങ്കിലും ചെയ്തോളാം. കൊച്ചുപോ.""
അയാളവളെ ഒഴിവാക്കി. പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ ശ്യാമള പെട്ടെന്ന് തിരിഞ്ഞുനിന്നു. മേലാസകലം കരുത്തുപടരുന്നതായി അനുഭവപ്പെട്ടു. അവൾ വെള്ളമൊഴിക്കാൻ ഓസ് ഘടിപ്പിച്ച പൈപ്പിനടുത്തേക്ക് ചെന്നു.
''ചേട്ടാ...""
അവളുടെ സ്വരം കർക്കശമായി.
''ആ ബുക്കിംഗ് തന്നേ ""
അയാളുടെ മുഖം കറുത്തു. ഇവളെന്തിനാണ് ചെറിയൊരു കാര്യത്തിന് ചുറ്റിപ്പിടിക്കുന്നത്, ഭ്രാന്താണോ? വിശ്വാസമില്ലായ്മയാണോ?
അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ പറ്റില്ല,
''ഇല്ല""
''അതെന്റെ ബുക്കാണ്.""
''അതേ""
''അതാ പറഞ്ഞത് ഇങ്ങ് തരാൻ.""
അവൾ ഒരു വേലക്കാരിയാണെന്നറിയാവുന്നതുകൊണ്ട് വാച്ചർ ഒട്ടും അയഞ്ഞില്ല.
''കളയാൻ കൊണ്ടുവന്നതല്ലേ, ഞാൻ കളഞ്ഞോളാം.""
അയാൾ അധികാരത്തോടെ കൂട്ടിച്ചേർത്തു.
''ഇവിടത്തെ വേസ്റ്രിന്റെ കാര്യങ്ങളൊക്കെ ഞാനാ നോക്കുന്നത്.""
അയാളുടെ അഹന്ത അവൾക്ക് സഹിക്കാനായില്ല. ഒറ്റക്കുതിപ്പിന് അയാൾക്കരികിലെത്തിയ അവൾ കീശയിൽ നിന്ന് ബുക്ക് വലിച്ചെടുത്തു. ഒരു പെണ്ണ് ഇങ്ങനെ ചാടിവീഴുമെന്ന് അയാൾ പ്രതീക്ഷിച്ചതല്ല, അതുകൊണ്ടുതന്നെ അവൾക്ക് എളുപ്പത്തിൽ ലക്ഷ്യം സാധിക്കാൻ കഴിഞ്ഞു. വാച്ചർക്ക് പരിഭ്രമമായി. ഇവൾ ഏത് ഫ്ളാറ്റിലെ പെണ്ണാണെന്നറിയില്ല.ഫ്ലാറ്റുടമ മുൻകോപിയാണെങ്കിൽ തന്നെ ചോദ്യം ചെയ്യാനെത്തും. അസോസിയേഷനിൽ പരാതി ഉയരും. പണി നഷ്ടപ്പെടാനുമിടയുണ്ട്. താമസക്കാരുടെ പണമാണല്ലോ തനിക്ക് ശമ്പളം. ആ പെണ്ണിനോട് മത്സരിക്കേണ്ടിയിരുന്നില്ല.
ബുക്ക് നേടിയ ശ്യാമളയ്ക്ക് അത് നശിപ്പിക്കാൻ മനസുണ്ടായില്ല. സുമിയുടെ ഉഗ്രശാസന മുന്നിലുണ്ടെങ്കിലും അവൾ അതെവിടെയെങ്കിലും ഒളിച്ചുവയ്ക്കാൻ നിശ്ചയിച്ചു. അവൾ ഗ്രൗണ്ടിൽ പരതി നടന്നു. ഒടുവിൽ കുട്ടികളുടെ പാർക്കിലെത്തി. തല പാതി തുറക്കാവുന്ന കുതിരയുടെ രൂപം ശ്രദ്ധയിൽപെട്ടു. കുട്ടികൾ കയറിയിരുന്നാടുന്ന കുതിരയാണ്. പകൽ വെയിലിൽ പൊള്ളികിടക്കുമെങ്കിലും സായാഹ്നത്തിൽ കുട്ടികളുടെ തലോടലേൽക്കുന്ന കുതിര. അവൾ പരിസരം നിരീക്ഷിച്ചു. സമീപത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി തടിക്കുതിരയുടെ തലപിളർത്തി ബുക്ക് ഉള്ളിൽ നിക്ഷേപിച്ചു. മാന്ത്രികബുക്ക് ഇവിടെ സുരക്ഷിതം. പിന്നീടൊരവസരത്തിൽ വന്നെടുക്കാം. സുമി ചേച്ചി ശ്രദ്ധിക്കാത്തപ്പോൾ ബാഗിൽ തിരുകാം.അവൾ ആശ്വാസത്തോടെ ഫ്ലാറ്റിലെത്തി. അവളുടെ കളവിന്റെ പരിഭ്രമവും പിരിമുറുക്കവും വിയർപ്പുചാലും നോക്കി സുമി കളിയാക്കി.
''നീ യുദ്ധം കഴിഞ്ഞുവരികയാണ?""
അവൾ മൂളി.
(തുടരും)