തന്റെ ആഗമനത്തിന്റെ ലക്ഷ്യം മാരീചൻ തന്നെ ആരാഞ്ഞസ്ഥിതിയ്ക്ക് സഹായ അഭ്യർത്ഥനയ്ക്ക് പറ്റിയ സമയം ഇതുതന്നെ. സ്നേഹപൂർവം രാവണൻ മാരീചനോട് ഇപ്രകാരം പറഞ്ഞു: അല്ലയോ മാരീച! എല്ലാകാലവും എന്റെ ഉത്തമ മിത്രവും സ്നേഹപാത്രവുമാണ് നീ. ഞാനിപ്പോൾ വലിയ അവശതയിൽ പെട്ടിരിക്കുന്നു. അതിൽ നിന്ന് കരകയറ്റുവാൻ മറ്റൊരാളെയും ഞാൻ മനസിൽ കാണുന്നില്ല. എന്റെ സോദരനായ ഖരനും മഹാശക്തിമാനായ ദൂഷണനും ത്രിശിരസും സോദരിയായ ശൂർപ്പണഖയും ബലവാന്മാരായ പതിനാലായിരം രാക്ഷസപ്രമുഖരും ജനസ്ഥാനത്തിൽ വസിച്ചിരുന്നു. ഖരന്റെ അഭീഷ്ടം സ്വയമറിഞ്ഞ് എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവർ. ആ കാട്ടിൽ തപസ്ചെയ്യുന്ന മുനിമാരെ ഉപദ്രവിക്കാനും അവർ മടിച്ചിരുന്നില്ല. ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതിനിടയിലാണ് അത്യാപത്ത് പിണഞ്ഞത്.
ഖരനും പരിവാരങ്ങളും രാമനോട് ഏറ്റുമുട്ടികാലപുരി പ്രാപിച്ചു. ദശരഥന്റെ പുത്രനാണ് രാമൻ. പിതാവ് കല്പിച്ച പ്രകാരം ഭാര്യയ്ക്കും അനുജനുമൊപ്പം കാട്ടിൽ കഴിയുകയാണ്. ഏറ്റുമുട്ടാനെത്തിയ ഖരഭൂഷണത്രിശിരസുകളെയും പതിനാലായിരം രാക്ഷസന്മാരെയും ഒറ്റയ്ക്ക് നിന്ന് യുദ്ധം ചെയ്തുവെന്നാണ് കേൾക്കുന്നത്.
ഖരൻ മാത്രമല്ല, ദൂഷണനും ത്രിശിരസും രാമന്റെ ശരമേറ്റ് മരണം പൂകി. രാമനങ്ങനെ നമ്മുടെ വംശത്തിന്റെ തന്നെ കാലനായി മാറിയിരിക്കുന്നു. പിതാവ് പോലും കൈവിട്ടവനല്ലേ രാമൻ. അല്പായുസുള്ളവൻ. അതികഠിനനും മഹാബുദ്ധനും സ്വന്തം ധർമ്മങ്ങളെ മാനിക്കാത്തവനുമല്ലേ ആ ക്ഷത്രിയൻ. ആർക്കും ഒരു അനിഷ്ടവും ചെയ്യാത്ത നമ്മുടെ സഹോദരിയായ ശൂർപ്പണഖയുടെ കാതും മൂക്കും അറുത്ത് വിരൂപയാക്കിയിരിക്കുന്നു. ദണ്ഡകാരണ്യത്തിൽ ഇനിയാരും രാക്ഷസന്മാരെ ഭയപ്പെടില്ല. അല്ലയോ മാരീച, ഇതിന് പകരം ചോദിച്ചില്ലെങ്കിൽ നമ്മുടെ വംശത്തിന് തന്നെ അപമാനമാണ്.
പ്രതികാരം ഉചിതമായതും മൂർച്ചയേറിയതുമായിരിക്കണം. നമ്മുടെ സോദരിയെ വിരൂപയാക്കുകയും എക്കാലവും കരയിക്കുന്നവളുമാക്കിയ രാമനെ അതേ രീതിയിൽ ശിക്ഷിക്കണം. രാമന്റെ പത്നിയായ സീതയെ നമുക്ക് ബലാൽ പിടിച്ചു കൊണ്ടുവരണം. പൗലസ്ത്യവംശത്തോട് കളിക്കാൻ വന്നാൽ ഇത്തരത്തിലായിരിക്കും ശിക്ഷയെന്ന് അവർ പഠിക്കണം. അതിന് അങ്ങയുടെ സഹായം കൂടിയേ തീരൂ. എനിക്ക് ബലവാന്മാരായ സഹോദരന്മാരുണ്ട്. പക്ഷേ ഇതിന് അവരൊന്നും പര്യാപ്തമല്ല. ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ കെല്പുള്ള ഒരാളേ രാക്ഷസവംശത്തിലുള്ളൂ. അത് അങ്ങ് മാത്രം. ഈ ആപൽഘട്ടത്തിൽ അങ്ങ് എന്നെ കൈവിടില്ലെന്നാണ് എന്റെ വിശ്വാസം.
മാരീചന് തുല്യനായ മറ്റൊരാളെയും ഞാൻ കാണുന്നില്ല. യുദ്ധതന്ത്രം, ആത്മവിശ്വാസം, പരാക്രമം, ശൗര്യം എന്നിവയിൽ അങ്ങയ്ക്ക് തുല്യനായി മറ്റൊരാളില്ല. അങ്ങയുടെ സഹായം തേടിയാണ് ഞാനിപ്പോൾ വന്നത്. അങ്ങേയ്ക്ക് എന്നെ സഹായിക്കാൻ പറ്റുന്ന മാർഗവും എന്റെ ഉള്ളിൽ തെളിഞ്ഞിട്ടുണ്ട്. സ്വർണനിറവും വെള്ളിപോലുള്ള പുള്ളികളുമുള്ള ഒരു മാൻരൂപം അങ്ങ് കൈക്കൊള്ളണം. രാമനും സീതയും വസിക്കുന്ന ആശ്രമസമീപത്ത് അവരെ മോഹിപ്പിക്കുന്ന മായാമൃഗമായി ഉല്ലസിക്കണം. സ്വാഭാവികമായും സീതയ്ക്ക് അതിൽ കൗതുകം ജനിക്കും. അതിനെ സ്വന്തമാക്കിയാൽ ഒറ്റയ്ക്കിരിക്കുമ്പോൾ കളിക്കാമല്ലോ എന്ന് സീത രാമനോട് പറയും. സീതയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ രാമനും ലക്ഷ്മണനും പുറത്തേക്ക് പോകുമ്പോൾ രാഹു എപ്രകാരമാണോ ചന്ദ്രനെ സമീപിക്കുന്നത് അതേപോലെ ഞാൻ ആശ്രമത്തിലെത്തി സീതയെ അപഹരിക്കാം. ഭാര്യയെ നഷ്ടപ്പെട്ട് ദുഃഖാഗ്നിയിൽ നീറുന്ന രാമനെ നമുക്ക് പീഡിപ്പിക്കാൻ എളുപ്പമാണ്.
ശത്രുവിനെ എപ്പോൾ എങ്ങനെ കീഴടക്കണമെന്ന് ഉദാഹരണസഹിതം അവതരിപ്പിച്ചത് മാരീചന്റെ സഹായം കിട്ടാൻ കൂടുതൽ ഉപകരിക്കുമെന്നായിരുന്നു രാവണന്റെ കണക്കുകൂട്ടൽ. എന്നാൽ ശ്രീരാമനെക്കുറിച്ചുള്ള രാവണന്റെ വാക്കുകൾ കേട്ടപ്പോൾ മാരീചൻ ഭയന്ന് വിറച്ച് തൊണ്ടവരണ്ടു. മനസാകെ പതറി. ഇമവെട്ടാൻ പോലും മറന്നു. രാവണനെ നിശ്ചലനേത്രങ്ങളോടെ മാരീചൻ നോക്കിയിരുന്നു. ദണ്ഡകാരണ്യത്തിലെ അനുഭവം ഒരുനിമിഷം ചിന്തിച്ചുപോയി. ശ്രീരാമതത്വവും പരാക്രമവും ഉൾക്കണ്ണുകളിൽ കണ്ട മാരീചൻ ഏറ്റവും വിനയത്തോടെ തലയ്ക്കുമുകളിൽ കൈകൾ കൂപ്പി പറഞ്ഞുതുടങ്ങി.
(ഫോൺ: 9946108220)