കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എമ്മിലെ നാല് വനിതകൾ മത്സരത്തിന് ഇറങ്ങുമെന്ന് ഉറപ്പായി. മുൻ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ. ശ്രീമതിയാണ് ഇതിലൊരാൾ. ശ്രീമതി കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടിയേക്കും. രണ്ട് ഘട്ടം പൂർത്തിയാക്കിയ ടി.വി. രാജേഷ് ഇക്കുറി മത്സരത്തിന് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. ഇതാണ് ശ്രീമതിയ്ക്ക് വഴിയൊരുക്കുന്നത്. നേരത്തെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. പിണറായി മന്ത്രിസഭയിലെ രണ്ടാമൻ ഇ.പി. ജയരാജന്റെ ഉറച്ച പിൻതുണ പി.കെ. ശ്രീമതിക്കുണ്ട്. ഇ.പി. യുടെ ഭാര്യാ സഹോദരി കൂടിയാണ് പി.കെ. ശ്രീമതി.
സി.പി.എം. കോട്ടയായ ഇവിടെ പി.കെ. ശ്രീമതിയുടെ രംഗപ്രവേശത്തിന് രാഷ്ട്രീയ എതിരാളികളിൽ നിന്നും വെല്ലുവിളി ഉയരാൻ സാദ്ധ്യതയില്ല. മട്ടന്നൂരിൽ മന്ത്രി കെ.കെ. ശൈലജ ജനവിധി തേടും. പിണറായി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ മന്ത്രിസഭയിൽ രണ്ടു പ്രമുഖ വനിതാ നേതാക്കളെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. വിദേശ മാദ്ധ്യമങ്ങൾ വരെ കേരളത്തിലെ കൊവിഡ് പ്രതിരോധം മാതൃകയായി ഉയർത്തിക്കാട്ടി. പിണറായി മന്ത്രിസഭയിലെ ഏറ്റവും തിളക്കമാർന്ന മന്ത്രിമാരിലൊരാളായി ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈലജ മാറി.
എന്നാൽ പാർട്ടിയിലും സംഘടനാ തലത്തിലും സീനിയർ നേതാവ് പി.കെ. ശ്രീമതി തന്നെയാണ്. അതു മറികടന്നു കൊണ്ട് ശ്രീമതിക്ക് മന്ത്രി സ്ഥാനം നിഷേധിക്കാനാകില്ല. ശ്രീമതിക്കും ശൈലജയ്ക്കും പുറമേ പി.കെ. ശ്യാമള, എൻ. സുകന്യ എന്നിവരെയും മത്സരിക്കുന്നതിനായി സി.പി.എം പരിഗണിക്കുന്നുണ്ട്. പി.കെ. ശ്യാമള തളിപ്പറമ്പിലും എൻ. സുകന്യ അഴീക്കോടും മത്സരിച്ചേക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് പി.കെ. ശ്യാമള. മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സണും ജനാധിപത്യാ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമാണ്. തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറിയമായ എൻ. സുകന്യയെ കളത്തിലിറക്കാനാണ് പാർട്ടി തീരുമാനം. സംഘടനാ രംഗത്ത് കരുത്ത് തെളിയിച്ച നേതാക്കളാണ് നാലപേരും എന്നതാണ് ഇവർക്ക് ലഭിക്കുന്ന ജനപിന്തുണ.