
അതെ! നാം സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ആരുടെയും സഹായമില്ലാതെ ജീവിക്കാൻ ആർക്കുകഴിയും?
എനിക്കൊരുത്തന്റെയും സഹായം ആവശ്യമില്ലെന്ന് വല്ലാതെ പ്രകോപിതരും ക്ഷുഭിതരവുമാവുമ്പോൾ പലരും പറയാറുണ്ട്. ഒരു നിമിഷം ചിന്തിച്ചുനോക്കിയാൽ അത്തരമൊരു അഭിപ്രായം അവർ പറയുകയില്ല. പറന്നുപോകുന്ന കാക്കയെപോലും ആണ്ടിലൊരിക്കൽ ആവശ്യമുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്. വീടൊക്കെ കാഷ്ഠിച്ചു വൃത്തികേടാക്കുന്ന പല്ലിയെപ്പോലും കൊതുകിനെയും ക്ഷുദ്രപ്രാണികളെയും പിടിക്കാൻ നമുക്ക് ആവശ്യമുണ്ട്.
പണ്ടേക്കു പണ്ടേ പറഞ്ഞുകേൾക്കുന്ന ഒരു കഥ ഓർമ്മവരുന്നു. അതിസമ്പന്നനായ ഒരു ബിസിനസുകാരൻ തന്റെ ഏറ്റവും പുതിയ കാർ, റോഡരികിൽ ഇട്ട് കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആ ലക്ഷ്വറികാറിന്റെ സൗന്ദര്യത്തിൽ ശ്രദ്ധിച്ചു കൊണ്ട് അയാൾ അത് തുടച്ചുവൃത്തിയാക്കിക്കൊണ്ടിരുന്നു.
അപ്പോൾ അതുവഴി യാചകൻ എന്നു തോന്നിക്കുന്ന തരത്തിൽ വേഷം ധരിച്ച ഒരു വൃദ്ധൻ കടന്നുവന്നു. യാചകനെ കണ്ട് നമ്മുടെ ബിസിനസുകാരൻ പുറം തിരിഞ്ഞു നിന്നു. അയാളെ നോക്കിയാൽ എന്തെങ്കിലും കൊടുക്കേണ്ടിവന്നാലോ എന്നയാൾ കരുതി. പക്ഷേ ആ വൃദ്ധൻ ആ കാറിനെത്തന്നെ നോക്കി അവിടെതന്നെ നിന്നു. അല്പം കഴിഞ്ഞ് തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിലെ ബഞ്ചിൽ അയാൾ ഇരുന്നു.
''ഭാഗ്യം. അയാൾ ഒന്നും ചോദിക്കുന്നില്ലല്ലോ, അതുകൊണ്ട് ഒന്നും കൊടുക്കേണ്ട ആശ്വാസമായി.""
അയാൾ അങ്ങനെ ചിന്തിച്ചു.
ആ വൃദ്ധൻ ബസ് സ്റ്റോപ്പിൽ ഇരുന്നുകൊണ്ട് തന്റെ കാറിനെ തന്നെയാണ് നോക്കുന്നതെന്ന് അയാൾ മനസിലാക്കി. അയാളുടെ വേഷം മുഷിഞ്ഞതാണെങ്കിലും കണ്ണുകളിൽ അസാമാന്യ തിളക്കം ഉണ്ടായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ആ വൃദ്ധൻ അത്യധികം സന്തോഷം സ്ഫുരിക്കുന്ന ഭാവത്തോടെ പറഞ്ഞു.
''ഈ കാർ അതിമനോഹരമായിരിക്കുന്നു. ""
''താങ്ക് യൂ""
അയാൾ പ്രതിവചിച്ചു.
ബിസിനസ് കാരന് ആ വൃദ്ധനോട് ഒരു പ്രത്യേക സ്നേഹം തോന്നി. അയാൾ നേരിട്ട് ഭിക്ഷ ചോദിച്ചില്ലല്ലോ? തന്നെയുമല്ല കാറിനെക്കുറിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്തു. അയാൾക്ക് എന്തെങ്കിലും കൊടുത്തേക്കാം. എന്തുവേണമെന്നു ചോദിച്ചു നോക്കാം. ഇതായിരുന്നു അയാളുടെ ചിന്ത.
''നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?""
ബിസിനസുകാരൻ ഔദാര്യം പ്രകടിപ്പിച്ചു.
''നമുക്കെല്ലാം സഹായം ആവശ്യമുള്ളവരല്ലേ സാർ""
ഇതായിരുന്നു ആ വൃദ്ധന്റെ പ്രതികരണം.
ഈ മറുപടി നമ്മുടെ ബിസിനസുകാരനെ ഞെട്ടിച്ചുകളഞ്ഞു. കാരണം ആ വാക്കുകൾ അയാളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും ആത്മജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്തു. ആരുടെയും സഹായമില്ലാതെ ആർക്കും ജീവിക്കാൻ കഴിയുകയില്ലെന്ന വെളിപാട് ആ വൃദ്ധന്റെ ചോദ്യത്തിന്റെ വെളിച്ചത്തിലൂടെ ആ ബിസിനസുകാരനുണ്ടായി.
അയാൾ പേഴ്സ് തുറന്ന് ഒരുദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമുള്ള പണമെടുത്ത് ആവൃദ്ധന് കൊടുത്തു. പക്ഷേ അയാളുടെ ചോദ്യം അപ്പോഴും അയാളുടെ ചിന്താസമുദ്രത്തെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. ആ ബിസിനസുകാരന് പണമുള്ളതിനാൽ ആഹാരത്തിനും വസ്ത്രത്തിനും താമസത്തിനും ബുദ്ധിമുട്ടില്ലായിരിക്കാം. പക്ഷേ പണമുണ്ടെങ്കിലും ഭക്ഷണം വാങ്ങാൻ കിട്ടിയില്ലായിരുന്നെങ്കിലോ? അപ്പോൾ ആ ഭക്ഷണമുണ്ടാക്കിയ കൃഷിക്കാരനും അതു കടയിൽ എത്തിച്ച വിതരണക്കാരനും അത് സ്റ്റോക്ക് ചെയ്ത് കടയിൽ ലഭ്യമാക്കിയ കച്ചവടക്കാരനും അയാളെ സഹായിക്കുകയല്ലേ ചെയ്തത്. അവരുടെ സഹായമില്ലെങ്കിൽ പണക്കാരനായ അയാൾ പട്ടിണികിടക്കേണ്ടി വന്നേനേ! എത്രയൊക്കെ സമ്പത്തും ആരോഗ്യവും പദവിയും പ്രതാപവും ഉണ്ടെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ ആർക്കും ജീവിക്കാൻ കഴിയുകയില്ല.
അതുപോലെ മറ്റൊരു തത്വംകൂടി ആ യാചകവേഷധാരിയായ വൃദ്ധനിൽ നിന്നും അയാൾ മനസിലാക്കി. ഒരാൾക്ക് പണമോ, പദവിയോ,കിടപ്പാടമോ ഇല്ലെങ്കിലും അയാൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടെങ്കിലും മറ്റൊരാളെ സഹായിക്കാൻ കഴിയും. പണമോ വസ്തുക്കളോ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അയാൾക്ക് നല്ല വാക്കുകൾ കൊടുക്കാൻ കഴിയും. സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും ഭാഷ സംസാരിക്കാൻ കഴിയും. എല്ലാ തികഞ്ഞ ഒരാളെന്ന് മറ്റൊരാളെക്കുറിച്ച് നമുക്ക് തോന്നിയേക്കാം. അയാൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബാഹ്യപ്രകൃതികണ്ട് നമ്മൾ വിലയിരുത്തിയേക്കാം. പക്ഷേ, അയാളുടെ ആത്മാവ് എന്തിനൊക്കെയോ വേണ്ടി ദാഹിക്കുന്നുണ്ട്. ഭൗതിക സുഖസൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും സ്നേഹത്തിനും അംഗീകാരത്തിനും ആദരവിനും വേണ്ടി അഭിലഷിക്കുന്ന ഒരു മനസായിരിക്കാം അത്. അതുകൊണ്ട് നമുക്ക് മറ്റുള്ളവരെകൊണ്ടും മറ്റുള്ളവർക്ക് നമ്മെക്കൊണ്ടും എന്തെങ്കിലും ആവശ്യമുണ്ടാകും എന്ന ഉൾക്കാഴ്ചയോടെ ജീവിക്കുക. സന്തോഷത്തിന്റെ ഒരു പാതയാണത്.