ബംഗാളിലേക്കുള്ള മടക്കയാത്രയും അവിടെ ആശ്രമവും കൃഷിയിടവും നവീകരിക്കാനും നീണ്ടസാധനയ്ക്കുമായി ചെലവിടുന്ന കാലവും ജനുവരി മുതലാരംഭിക്കുന്ന ബാവൂൾ മേളകളിലും ഉത്സവങ്ങളിലും പങ്കാളിയാകേണ്ട നാളുകളും ഒരു ലിസ്റ്റിലൊതുങ്ങാതെ പറഞ്ഞ് പരിഭവിക്കുമ്പോൾ രവിയ്ക്കൊപ്പം ചേർന്നിരുന്ന വളർത്തുനായ 'കുങ്കും" കുതറിയെണീറ്റു.നാലുവയസുകാരി ആ വെളുത്ത ചാപല്യക്കാരി മുക്കിയും മൂളിയും മുരണ്ടു. ഒരു വിലാപം പോലെ ഞരങ്ങിമുരണ്ട് ചേഷ്ടകൾ കാട്ടി പാർവതിയെ കെട്ടിപ്പുണർന്നു.അവളെ ആവർത്തിച്ചാവർത്തിച്ച് ചുംബിച്ച പാർവതി കണ്ണുകളിലേക്ക് ഉറ്റുനോക്കി ചോദിച്ചു. എന്തിനാ കുങ്കും കരയുന്നേ? കുങ്കുമിന്റെ കൺകോണുകളിൽ ഈറൻ നിറഞ്ഞ് സ്ഫടിക വെടിപ്പോടെ ഇറ്റിറ്റുവീണു. എനിക്ക് പോയല്ലേ പറ്റൂ... നീയവിടെ വന്നിട്ടില്ലെങ്കിലും നിന്റെ ഉള്ളകത്ത് നിറകാഴ്ചയായി പടർന്നിരിക്കുകയല്ലേ ബംഗാളും ബാവൂജും സനാഥൻ ആശ്രമവും. മാത്രമല്ല ഞാൻ യാത്രചെയ്യുന്ന ട്രെയിനിലും വിമാനത്തിലും നിന്നെയും കൂട്ടാൻ അവർ അനുവദിക്കില്ല. ഞാൻ പോയാൽ ഇവിടെ ഒറ്റയ്ക്കാവുന്ന രവിയേട്ടന് ആരുണ്ട് കൂട്ടിന്...? എന്റെ കൊഞ്ചലും കൊഴയലും കിന്നാരങ്ങളും പരിഭവങ്ങളും അതേപടി അനുകരിക്കാൻ നിനക്കുമാത്രമല്ലേ കഴിയൂ...ഞാനില്ലാത്ത ശൂന്യതയിൽ ഞാനായി മാറുന്ന നിന്നെ ചാരത്തിരുത്തിക്കൊഞ്ചിക്കാതെ രവിയേട്ടന് എങ്ങനെ...
പാർവതിയുടെ നോവുന്ന മനസറിഞ്ഞ കുങ്കും തലതാഴ്ത്തി മുരണ്ടു. മുൻകരുതലുകൾ മടക്കി തല പാർവതിയുടെ മടിയിൽ ചായ്ച്ച് ഏകതാര മീട്ടുന്ന കൈവിരലുകളുടെ തഴുകലിൽ കണ്ണിണകൾ കൂപ്പി മൗനിയായി.മടിയിലുറങ്ങുന്ന കുങ്കുമിനെ നോക്കി പാർവതി പറഞ്ഞു:
''ഇതേ ഉറക്കമായിരുന്നു ഇവൾക്ക് അന്നും. ആദ്യം കണ്ടനാൾ... വർഷങ്ങൾക്ക് മുമ്പാണ്. 'ദി ഹിന്ദു" ദിനപത്രത്തിൽ ബ്രിട്ടീഷ് സംഗീതജ്ഞയുടെ ഒരു പരസ്യമാറ്റർ കണ്ടു. 'നാല് നായ് കുട്ടികളെ വളർത്താനാഗ്രഹിക്കുന്നവർക്ക് നൽകാൻ താത്പര്യപ്പെട്ടുകൊണ്ടുള്ള പരസ്യമായിരുന്നത്. കോവളത്തെ ഒരു ഹോട്ടൽ അഡ്രസുമുണ്ടായിരുന്നു. രവിയേട്ടനുമായി അന്നുതന്നെ കോവളത്തെ വിലാസം തേടിയെത്തി. കാണുമ്പോൾ ഒരു പത്രത്തിൽ വിഷാദത്തോടെ ഇരിക്കുകയായിരുന്നിവൾ. ഇവൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആൺകുട്ടികളെ ആരൊക്കെയോ വന്നുകൊണ്ടുപോയെന്ന് സംഗീതജ്ഞ പറഞ്ഞു. ഞാനിവളെ കൗതുകത്തോടെ നോക്കി തറയിലിരിക്കവെ ചാടി എന്റെ മടിയിൽ കയറി ഉറക്കം തുടങ്ങി. പാൽകുടി മാറാത്ത കുട്ടി.""
ബംഗാളിലേക്കുള്ള തിരിച്ചുയാത്രയ്ക്കിടെ പാർവതി ബാവൂലിന്റെ മനസ് നിറയെ പ്രിയപ്പെട്ട വളർത്തുനായ കുങ്കുമായിരുന്നു. കുങ്കുമിനും അങ്ങനെ തന്നെ, പാർവതി പോയ വഴിയിലേക്ക് വേദനയോടെ അവൻ ആരെയോ കാത്തിരിക്കുന്നു.കൗമാര യൗവ്വനങ്ങളെ മലയാളത്തിലലിയിച്ച വംഗദേശ സുന്ദരി... കേരളക്കരയുടെ സ്വന്തം മരുമകൾ. ബാവൂൽ സംഗീതത്തിലൂടെ വിശ്വപ്രണയിനിയായ പാർവ്വതി ബാവൂൾ എന്ന മൗഷ്മി പര്യാലിന്റെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്.പിറവി ഗ്രാമമായ ബംഗാളിലേക്ക് മടങ്ങുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച.
നെടുമങ്ങാട്ടെ ആശ്രമ തുല്യമായ ചിറ്റൂർ ഹൗസിലെ 'ഏകതാര " ധ്യാന കളരിയിലിരുന്ന് ഭാണ്ഡം മുറുക്കവെ പാർവ്വതി പറഞ്ഞു: കേരളം എനിക്കെല്ലാംതന്നു. കളരി, ധ്യാനം, യോഗ, നൃത്തം. എന്നുവേണ്ട... എല്ലാമെല്ലാം.. എന്റെ അസുഖം പോയതും ഇൗ നാട്ടിൽ വന്നശേഷമാണ്. കേരളത്തിലെത്തിയിട്ട് ഇപ്പോൾ 22 വർഷം പിന്നിട്ടിരിക്കുന്നു. ഞാൻ ബംഗാളിയും മലയാളിയും മാത്രമല്ല, ഇന്ത്യാക്കാരിയാണ്. നുണക്കുഴികൾ തെളിയെ പാർവ്വതി ചിരിക്കും. ഒരു അനുപമ രാഗംപോലെ..
തിടുക്കത്തിലുള്ള യാത്രയെക്കുറിച്ച് ആരായും മുമ്പേ പാർവ്വതി പറഞ്ഞു: നേരത്തെ പോകേണ്ടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരുന്നതിനാൽ യാത്ര നീണ്ടു... അവിടെ ആശ്രമം, അല്പം കൃഷിഭൂമി.. ഇനിവേണം അതൊക്കെ ശരിയാക്കാൻ. അവിടെ താമസിച്ച് സാധകം ചെയ്യണം. ശക്തികൂട്ടണം. ചുറ്റുംനിറയെ ബാവൂൽ ഉത്സവകാലം. പലദേശങ്ങളിൽനിന്ന് ബാവൂൽ സംഘങ്ങളെത്തും. ഉത്സവത്തിലാറാടുന്ന ആശ്രമങ്ങളിൽ മാറിമാറി പോകണം. പരിചയം പുതുക്കൽ. പുതിയ അറിവുകൾ, പുതിയ സംഗീതം, രാഗങ്ങൾ, പുതിയ ബാവൂലുകളെ കണ്ടെത്തൽ, ഗുരുക്കന്മാരുടെ ദർശനം, എല്ലാത്തിനും സുവർണ കാലമാണിത്. മുസ്ളിം, സൂഫി ആശ്രമങ്ങളുടെയും നാടാണത്. അവർക്ക് അവരുടെ സമ്പ്രദായങ്ങളും എണ്ണമറ്റ സങ്കേതങ്ങളുമുണ്ട്. അവരുടെ ഉത്സവകാലവുമിതുതന്നെ. ബാവൂലുകളും സൂഫികളും പരസ്പരം ഉത്സവങ്ങളിൽ പങ്കുചേരും. അവിടെ ജാതി-മതങ്ങളില്ല...."
ബാവൂൽ എന്നാൽ വേരുകളില്ലാത്തത് എന്നാണർത്ഥം. ഭ്രാന്ത് എന്നും വിശേഷിപ്പിക്കാം. അതെ ഇതൊരു തരം ഭ്രാന്താണ്. ബാവൂൽ പൈതൃകമോ, പാരമ്പര്യമോ, കുലത്തൊഴിലോ അല്ല. വന്നു ഭവിക്കുന്നതാണ്....
പാർവ്വതി സ്വന്തം കഥയിലേക്ക് തിരിഞ്ഞു. എന്റെ കുടുംബത്തിലെ പൂർവ്വികരിലോ ബന്ധുക്കളിലോ ബാവൂലുകളില്ല. പിതാവ് ബീരേന്ദ്രനാഥ് പര്യാൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ബംഗ്ളാദേശിൽ പിറന്ന് കൊൽക്കട്ടയിൽ വളർന്ന സന്ധ്യാചക്രബർത്തിയാണ് അമ്മ. ഭക്ത ഗായികയും ശ്രീരാമകൃഷ്ണാശ്രമം ഭജന സംഘത്തിലെ സ്ഥിരാംഗവുമായിരുന്നു. പിതാവ് അസമിലെ നോർത്ത് ലക്ഷ്മിൻപൂരിൽ ഉദ്യോഗസ്ഥനായിരിക്കെ അവരുടെ നാലാമത്തെ ആളായി ഞാൻ പിറന്നു. റെയിൽവേ ക്വാർട്ടേഴ്സിലായിരുന്നു ജനനം. മൂത്തത് രണ്ട് ചേച്ചിമാരും ഒരു ജ്യേഷ്ഠനും. ജനിച്ചുവീണത് തന്നെ ട്രെയിനിന്റെ ചഞ്ചലനാദവും കൂക്കുവിളിയും കേട്ടാണ്. അത് പിന്നെ മനസിലെ താളമായി. തുരുതുരാ പായുന്ന കൽക്കരി വണ്ടികൾ ഉൗതിവിടുന്ന പുകച്ചുരുളുകൾ കരിവാളിച്ച ക്വാർട്ടേഴ്സുകൾ, എപ്പോഴും ദേഹമാസകലം കരിപുരണ്ടും നിറുത്തിയിട്ടിരിക്കുന്ന ട്രെയിനുകളാണ് ഞങ്ങൾ കുട്ടികളുടെ കളിത്തട്ടുകൾ. മൂന്നാംവയസിൽ ഒരുപാട് കൂട്ടുകാരികൾ. അവർക്കൊപ്പം നൃത്തം ചെയ്യും. റെയിൽവേക്കാരുടെ ആഘോഷങ്ങളിലെന്നും കുഞ്ഞു നർത്തകിയായി. വീട്ടിൽ അമ്മൂമ്മയായിരുന്നു കൂട്ട്. അമ്മൂമ്മയുടെ സഹോദരനും വീട്ടിലുണ്ടായിരുന്നു.
അഞ്ചാംവയസിൽ അച്ഛന്റെ സ്ഥലംമാറ്റത്തെതുടർന്ന് കുടുംബം പശ്ചിമബംഗാളിലെ കൊച്ചുബീഹാറിലേക്ക് മാറി. ബേലൂർ മഠം അടുത്തായിരുന്നു. ഇടയ്ക്കിടെ കുടുംബമായി അവിടെ പോകും. കൃഷ്ണഭക്തനായ പിതാവ് ബീരേന്ദ്രപര്യാൽ ഭക്തിഗീതങ്ങളെഴുതി ചിട്ടപ്പെടുത്തി കൃഷ്ണലീലകൾ പാടി അവതരിപ്പിക്കും. അദ്ദേഹം രചിച്ച് ചിട്ടപ്പെടുത്തിയ ഗീതങ്ങൾ ഭാര്യ സന്ധ്യാചക്രബർത്തി ആശ്രമ ഭജനകളിൽ ആലപിക്കും. പാരമ്പര്യ നൃത്തവും സംഗീതവും ബാല്യത്തിലെ അഭ്യസിച്ച മൗഷ്മി ബംഗാൾ... അസം അതിരുകളിലെ പരമ്പരാഗത ഭവയ്യ, ഗോൽപാരിയ ഗീതങ്ങളിൽ കൂടുതൽ ആകൃഷ്ടരായി.
മൗഷ്മിയെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ ബാല്യത്തിൽ ചിത്ര രചനയിൽ മികവ് നേടിയ മൗഷ്മിക്ക് ശാന്തിനികേതനിൽ ചേർന്ന് ചിത്രരചന പഠിക്കാനായിരുന്നു താത്പര്യം. പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. ശാന്തിനികേതനിൽ ചേർന്ന മൗഷ്മി പ്രശസ്ത ചിത്രകാരൻ ജോഗൻ ചൗധരിയിൽനിന്ന് ചിത്രകലയുടെ നാനാവശങ്ങൾ സ്വായത്തമാക്കി. എന്നാൽ ചില അപസ്വരങ്ങളെ തുടർന്ന് പഠനം വഴിയിലുപേക്ഷിച്ചു.
ശാന്തിനികേതനിലെ പഠനകാലത്ത് ഒരു ട്രെയിൻ യാത്രയിൽ കേട്ട ബാവൂൾ സംഗീതം ആ കൗമാരക്കാരിയെ അതിരുകളില്ലാത്ത ആത്മ സംഗീത വിസ്മയത്തിലേയ്ക്കാനയിച്ചു. പ്രകാശത്തെപ്പറ്റി പാടുന്ന ആ വൃദ്ധൻ ബാവൂൽ അന്ധനാണെന്ന തിരിച്ചറിവ് അവളെ ആത്മസംഘർഷത്തിലാഴ്ത്തി. മനസ് മുഴുവൻ ബാവൂൽ സംഗീതവും അന്ധഗായകനും നിറഞ്ഞ മൗഷ്മി വീട്ടിലെത്തിയ ഉടൻ അമ്മയോട് അക്കാര്യം പറഞ്ഞു. അമ്മ ബാവൂളുകളെക്കുറിച്ച് അവരുടെ സംഗീതത്തെ, ജീവിതത്തെ ദിനചര്യകളെക്കുറിച്ച് അവളോട് വിശദീകരിച്ചു. അതോടെ മൗഷ്മി തികഞ്ഞ മൗനിയായി. വിഷാദയായി, മനസ് നിറയെ ബാവൂൽ സംഗീതമായി.
ഒരുനാൾ ശാന്തിനികേതനിലെത്തിയ ഫുൽമാല ഭാഷി എന്ന ബാവൂൽ ഗായികയുടെ സംഗീതവും നൃത്തവും ആസ്വദിച്ച മൗഷ്മി അവർക്ക് പിന്നാലെ കൂടി. അവരിൽ നിന്ന് ഒരു വർഷക്കാലം ബാവൂൽ സംഗീതവും നൃത്തവും ഏകതാരാശ്രുതിയും പഠിച്ചു. അതോടെ ചിത്രകലാപഠനത്തിൽ അവർ വിരക്തയായി. ഫുൽമാലഭാഷി പലപ്പോഴായി പറഞ്ഞുകേട്ട സനാതൻദാസ് ബാവൂളിനെ പരിചയപ്പെട്ട മൗഷ്മി അദ്ദേഹത്തിന്റെ ശിഷ്യത്വം നേടാനാഗ്രഹിച്ചു. വീട്ടുകാരോടുപോലും അനുവാദം ചോദിക്കാതെ സനാതൻ ബാവയുടെ ആശ്രമത്തിലെത്തിയ മൗഷ്മിക്ക് ശിഷ്യത്വം നൽകാൻ ബാവ കൂട്ടാക്കിയില്ല. നിന്നെ യാതൊരു കാരണവശാലും ശിഷ്യയാക്കില്ലന്ന് ബാവ തറപ്പിച്ചുപറഞ്ഞെങ്കിലും ആശ്രമം വിട്ടുപോകാൻ കൂട്ടാക്കാത്ത ആ കൗമാരക്കാരി ബാവയെ പിന്തുടർന്നു. തന്നെ ശിഷ്യയാക്കാത്തതെന്തുകൊണ്ടെന്ന് അറിഞ്ഞേ പോകൂവെന്ന് വാശികൂട്ടിയ മൗഷ്മിയോട് ബാവ പറഞ്ഞു. 'കുറച്ചുകാലം പിറകെ കൂടി സംഗീതം പഠിക്കുന്ന പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് കുട്ടികളായാൽ സംഗീതം വഴിയിലുപേക്ഷിക്കും. " അത്തരക്കാർക്കായി സമയം കളയാനില്ലെന്ന ബാവയുടെ ഉറച്ച തീരുമാനത്തിനുമുന്നിൽ പതറാതിരുന്ന മൗഷ്മി, ബാവയുടെ കരങ്ങളിൽ സ്വന്തം കരങ്ങളർപ്പിച്ച് 'താനൊരിക്കലും ഒരു അമ്മയാകില്ലെന്ന്" തറപ്പിച്ചുപറഞ്ഞു. ആ നിമിഷം മുതൽ മൗഷ്മിയെ ബാവ സ്വന്തം ശിഷ്യയാക്കി ബാവൂൽ ലോകത്തേക്കാനയിച്ചു.
പിറ്റേന്ന് ആശ്രമത്തിൽ നിന്നിറങ്ങിയ ഒരു ബാവൂൽ ഗായികയ്ക്കൊപ്പം ഉൗരു ചുറ്റാനിറങ്ങാൻ ബാവ മൗഷ്മിക്കും അനുവാദം നൽകി. ആ ഗായികയെ അനുഗമിക്കാനും അനുകരിക്കാനുമായിരുന്നു നിർദ്ദേശം. റെയിൽവേ സ്റ്റേഷനിലെത്തിയ ബാവൂൽ ഗായികയും മൗഷ്മി ബാവൂലും അവിടെ നിറുത്തിയിട്ടിരുന്ന ട്രെയിനിൽ കയറി ബാവൂൽ ഗാനമാലപിച്ച് നൃത്തം ചെയ്തു. യാത്രക്കാർക്ക് നേരെ കൈനീട്ടുന്ന ഗായികയെ അനുകരിച്ച് മൗഷ്മിയും ഭിക്ഷാപാത്രം നീട്ടി. പക്ഷേ അത് മൗഷ്മിയിൽ വല്ലാത്ത സംഘർഷമുണ്ടാക്കി. തിരികെ ആശ്രമത്തിലെത്തിയ മൗഷ്മി ഗുരുവിനെക്കണ്ട് ബാവൂൽ നൃത്ത സംഗീതം നടത്താൻ തയ്യാറാണെന്നും എന്നാൽ ഭിക്ഷ യാചിക്കാനാകില്ലെന്നും തുറന്നുപറഞ്ഞു.
'പിന്നെ നിനക്കെങ്ങനെ ബാവൂൽ ഗായികയാകാനാകു"മെന്ന ഗുരുവിന്റെ മറുചോദ്യത്തിൽ നിന്ന് ഞാനെന്ന ഭാവം കളയാതെ ഒരിക്കലുമൊരു ബാവൂലാകാനാകില്ലെന്ന സത്യം മൗഷ്മി തിരിച്ചറിഞ്ഞു. അന്നുമുതൽ മൗഷ്മി എന്ന ബാവൂൽ പൂർണതയിലെത്തുകയായിരുന്നു. ബന്ധങ്ങളുടെ ബന്ധനങ്ങളൊഴിഞ്ഞ മൗഷ്മിയിലെ ബാവൂൽ മനസ് ത്രിലോകങ്ങളിലും പറന്നുല്ലസിച്ചു. വടക്കുകിഴക്കൻ ഭാരതഭൂവിലെ സപ്തസുന്ദര പ്രവിശ്യകളിലലഞ്ഞ് ഭഗവത് സംഗീത ലഹരിയിൽ ആടിപാടി നടന്നു. എത്രയെത്ര ഗുരുക്കന്മാർ. എത്രയെത്ര സമ്പ്രദായങ്ങൾ. എത്രയെത്ര ബാവൂൽ ഗ്രാമങ്ങൾ.. മൗഷ്മി ബാവൂളിന് മുന്നിൽ വിസ്മയ ലോകങ്ങളായിരുന്നു ആ ദിനങ്ങൾ തുറന്നിട്ടത്. ശശാങ്കോ ഗോശായ് ബാബ, പ്രതിമ ബാറു, സലാവത് മഹാതോ തുടങ്ങിയ ഗുരുക്കന്മാരുടെ സവിധത്തിലഞ്ഞതോടെ ബാവൂലിന്റെ അഗാധതലങ്ങൾ മൗഷ്മിക്ക് ദൃശ്യമായിതുടങ്ങി. ഇക്കാലത്താണ് മൗഷ്മിക്ക് ഗുരുവരുളുണ്ടായത്.
'നിനക്ക് തണലാകാൻ ഭാരതാംബ ചിലങ്ക ചാർത്തിയിരിക്കുന്ന കണങ്കാൽ, ഭൂമിയിൽ ഒരാൾ കാത്തിരിക്കുന്നു" ഗുരുക്കന്മാരിൽനിന്നും അശരീരിയായും മൗഷ്മി ബാവൂലിന്റെ കർണ്ണങ്ങളിൽ ആ ദേവധ്വനി പതിച്ചുകൊണ്ടേയിരുന്നു. ശാന്തിനികേതനിൽ പരിചയപ്പെട്ട, നൃത്തനാടകങ്ങളിൽ വിഡ്ഡിവേഷം കെട്ടി ഫലിത രംഗങ്ങൾ അവതരിപ്പിക്കുന്ന ഏറെ പ്രശസ്തനായ ഖാലിദ് തയ്യാബ്ജിയും അതാവർത്തിച്ചു. എത്രയും വേഗം കേരളത്തിലെത്തി ഇരിങ്ങാലക്കുട നടന കൈരളിയിലെ രവിഗോപാലിനെ കാണാൻ നിർദ്ദേശിച്ച ഖാലിദ് തയ്യാബ്ജി, മൗഷ്മിക്ക് രവിയുടെ വിലാസവും നൽകി.
ഗുരുകാരണവന്മാരുടെ അനുഗ്രഹം വാങ്ങി ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ട മൗഷ്മി ബാവൂൽ വിന്ധ്യൻ കടന്ന് കർണാടകയിലെ ഹംബി മലനിരകളിലെത്തി. അവിടെ സിദ്ധാശ്രമങ്ങളും ദിവ്യക്ഷേത്രങ്ങളും സന്ദർശിച്ചുനടന്ന മൗഷ്മിക്കും ചില സന്യാസിശ്രേഷ്ഠന്മാരിൽ നിന്നും 'ഉടൻ കേരളത്തിലേക്ക് പുറപ്പെട്ടു" കൊള്ളാൻ സൂചന ലഭിച്ചു. വൈകാതെ കേരളത്തിൽ ഇരിങ്ങാലക്കുടയിലെ നടന കൈരളിയിലെത്തിയ മൗഷ്മിയെ കാത്ത് അവധൂതാവസ്ഥയിലൊരാൾ ഇരിപ്പുണ്ടായിരുന്നു. രവിഗോപാൽ. പാവക്കഥകളിക്ക് മുഖാവരണമൊരുക്കുന്നവനും കൂത്തിനും കൂടിയാട്ടത്തിനും മുഖച്ചാർത്തൊരുക്കുന്നവനും തെയ്യം, തിറ, പടയണി ഗവേഷകനുമായ ലോകമറിയുന്ന ശില്പി. നാടൻ കലകളുടെ ഉപാസകൻ. തന്റെ ഗുരുനാഥൻ അബ്ദുൽ സലാം എന്ന അവധൂത തങ്ങളദ്ദേഹം യൗവനാരംഭത്തിൽ തന്നോട് മന്ത്രിച്ച 'നിന്നെത്തേടി ഒരു വംഗദേശ സുന്ദരി എത്തുമെന്ന" ധ്വനി കാതിൽ മുഴങ്ങുന്ന കാലത്തായിരുന്നു മൗഷ്മി മുന്നിലണഞ്ഞത്.
രവിയുടെയും മൗഷ്മിയുടെയും ഗുരുക്കന്മാർ ഏതോ ദേശങ്ങളിലിരുന്ന് ഏതോ കാലങ്ങളിൽ പറഞ്ഞ ഗുരുവരുളുകൾ യാഥാർത്ഥ്യരൂപം പൂണ്ട ധന്യമുഹൂർത്തമായി നടന കൈരളിയുടെ ആ പുലർകാലം. ആദ്യദൃഷ്ടിയിൽ തന്നെ അവരുടെ ആത്മാക്കളറിഞ്ഞു... ദേവനിശ്ചയം ഇതുതന്നെയാണ്. ഒന്നായി ചേർന്ന ആ ഹൃദയങ്ങൾ ഇരുപത്തിയേഴാം നാൾ വിധി പ്രകാരം വിവാഹിതരായി. രവിയുടെ നാവിൽ നിന്നും തന്നെ മൗഷ്മി, പാർവതിയായി. കേരളത്തിന്റെ സ്വന്തം മരുമകൾ. പാർവതി ബാവൂൽ.
പാർവതിയുടെ കലയും രവിയുടെ കഴിവും ഒന്നായി ലോക രാജ്യങ്ങളിലേക്ക് പറന്നു. സ്വിറ്റ്സർലാന്റ്, ജർമ്മനി, ഒാസ്ട്രേലിയ, ഫ്രാൻസ്, അമേരിക്ക തുടങ്ങി കലയെ മനുഷ്യർ വരിക്കുന്നിടങ്ങളിലെല്ലാം ബാവൂൽ സംഗീതമെത്തി. ഏകതാരയുടെ സ്വരവും ചിലങ്കയുടെ താളവും ചെറുമദ്ദളത്തിന്റെ ധ്വനിയും ദേവസംഗീതത്തോടൊപ്പം ജഗത്തിലും വിശ്വത്തിനും നിറഞ്ഞ നാളുകൾ... രണ്ടിലേറെ ദശാബ്ദങ്ങൾ...! ഏകതാരയിൽ യാത്രയുടെ ഗൃഹാതുരത്വത്തോടെ രവിക്ക് ചാരത്തിരിക്കുന്ന പാർവ്വതിയെന്ന ശില്പത്തെ, രവിയെന്ന ശില്പി നിർന്നിമേഷനായി നോക്കി പുഞ്ചിരിക്കുന്നു. ചെറുശബ്ദത്തിലദ്ദേഹം പറഞ്ഞു..
''പാർവ്വതിക്കിനിയും പറക്കാനുണ്ട്. ഒരുപാടു പടവുകൾ താണ്ടേണ്ടതുണ്ട്. പാർവതിയെ തേടി ലോകം ബാക്കിനിൽക്കുന്നു."
നിശ്ചലനായി നിർവ്വികാരനായി നിർവ്വാണസുഖത്തിൽ ലയിക്കുന്ന രവിയോട് പാർവതി മന്ത്രിക്കുന്നുണ്ട്.... 'ഞാൻ തിരികെ വരും രവി... ഇനിയെത്ര ജന്മമുണ്ടെങ്കിലും നമുക്ക് പിരിയാനാവില്ലല്ലോ..."
(ലേഖകന്റെ നമ്പർ: 94070 18573)