ആളുകൾ മൂകമായി തിങ്ങി നിൽക്കുന്ന തന്റെ വീടിന്റെ മുറ്റത്തേക്ക് അവൾ കയറിച്ചെന്നു. ആരൊക്കെയോ അടക്കിപ്പിടിച്ചു പറയുന്നുണ്ട് മുടന്തി വന്നെന്ന്. ആരും ഒരുപക്ഷേ അങ്ങനെ ഒരു വിളിപ്പേര് ഇഷ്ടപ്പെടില്ല. എന്തോ അവൾക്ക് ആ വിളി ഒരുപാട് ഇഷ്ടമാണ്. തന്റെ വൈകല്യത്തെ എന്തിന് അനിഷ്ടത്തോടെ കാണണം? ചെറുപ്പത്തിൽ ഒരുപാടു സങ്കടം തോന്നിയിട്ടുണ്ട് ആ വിളിയിൽ. നടവഴിയിലൂടെയും കവലയിലൂടെയൊക്കെ പോകുമ്പോൾ മുടന്തി എന്ന വിളി കേൾക്കാറുണ്ട്. അന്ന് ചിണുങ്ങി കരയുമ്പോൾ ഏട്ടൻ ഒന്നുകിൽ തോളിൽ എടുത്തിട്ടുപോകും, അല്ലെങ്കിൽ അവരെ ദേഷ്യത്തിൽ ശകാരിക്കും. പിന്നീട് ആ വിളി അതൊരു സുഖമുള്ള വിളിയായിട്ട് അവൾക്ക് തോന്നി. ദേവിക എന്ന സ്വന്തം പേരും പോലും അവൾ മറന്നു പോയി എന്നതാണ് സത്യം.
പലപ്പോഴും ആരും കാണാതെ അമ്പലനടയിൽ പ്രാർത്ഥിക്കുമ്പോഴും അവൾ അറിയാതെ പ്രാർത്ഥിച്ചുപോകും ''ഈ മുടന്തിയെ കാത്തോണേ എന്ന്.""
അവൾ പതിയെ മുടന്തി മുടന്തി വരാന്തയിലേക്ക് കയറി. പിന്നെ കാലുകൾക്കു സ്വാധീനകുറവുള്ള കാര്യം മറന്നപോലെ അകത്തേക്ക് ചെന്നു. മരണത്തിന്റെ ആരും അറിയാത്ത ഗന്ധം അവൾക്കറിയാൻ കഴിഞ്ഞു. ഒരുമുഴം തുണിയിൽ പൊതിഞ്ഞു കിടക്കുന്ന തന്റെ ഏട്ടൻ.
അമ്മ പൊട്ടിക്കരയുന്നത് മാത്രമേ അവൾക്ക് കാണാൻ കഴിയുന്നുള്ളു. അത് പണ്ടും അങ്ങനെയാണ്. അച്ഛൻ മരിച്ചതിൽ പിന്നെ അവളുടെ ലോകത്ത് അമ്മയും ഏട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ പതിയെ നിലത്തിരുന്നു. ഏട്ടാ എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് ആ ശരീരത്തിൽ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു.
''ഇതിനായിരുന്നോ ഏട്ടാ മറ്റൊരുത്തന്റെ കൈകളിൽ എന്നെ ഏല്പിച്ചത്. ഇതിനു വേണ്ടിയായിരുന്നോ എന്റെ നെറുകയിൽ തലോടി അനുഗ്രഹിച്ചത്. പറ ഏട്ടാ...""
ആ വാക്കുകൾ കണ്ടുനിൽക്കുന്നവരിലും തേങ്ങലായി. ദിവസങ്ങളേ ആയിരുന്നുള്ളു... അവളുടെ കല്യാണം കഴിഞ്ഞിട്ട്. സുമുഖനായ ഒരാളെ കൊണ്ട് നിന്നെ കെട്ടിക്കണം. എന്നിട്ടു വേണം ഒരു രാജകുമാരിയെ കൊണ്ട് വരാൻ... ഏട്ടൻ എപ്പോഴും പറയാറുണ്ട്. അത് നിറവേറ്റുകയും ചെയ്തു. നല്ലൊരാളെ കണ്ടെത്തി അവളെ വിവാഹം ചെയ്തു കൊടുത്തു. അവൾ ആ ജിവിതം ആസ്വദിച്ചു തുടങ്ങുമ്പോഴാണ് വിരുന്നിന് സാക്ഷ്യം വഹിച്ച ആ വീട്ടിൽ ക്ഷണികമായി മരണം വന്നത്.
ഒരു മുഴം കയറിൽ മരണത്തെ നിശബ്ദമായ് വിളിച്ചു വരുത്തി ആസ്വദിച്ച മനുഷ്യൻ. തേങ്ങലുകളും പൊട്ടിക്കരച്ചിലുകളും കൊണ്ട് നിറഞ്ഞ് നിൽക്കുന്ന വീട്. ആരൊക്കെയോ അവളെ താങ്ങി എടുത്തു മുറിയിലേക്കുകൊണ്ടുപോയി.
''എനിക്കൊന്നു ഒറ്റക്കിരിക്കണം.""
അവൾ വാതിൽ അടച്ചു. കട്ടിലിലേക്ക് വീണ് ഉറക്കെ അലറി കരഞ്ഞു. ആ കിടക്കയിൽ ഏട്ടന്റെ മണമുണ്ടെന്ന് അവൾക്ക് തോന്നി. അപ്പോഴും അവളുടെ മനസിൽ ആ ചോദ്യം അവശേഷിച്ചു. എന്തിനുവേണ്ടിയായിരുന്നു ഇങ്ങനൊരു മരണം തിരഞ്ഞെടുത്തത് ?
ഒരു മിഠായി കിട്ടിയാൽ മറ്റുള്ളവർക്ക് പകുത്തുകൊടുക്കണം എന്ന് പഠിപ്പിച്ചതും മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരണമെന്നും ക്ഷമ വേണമെന്നും പഠിപ്പിച്ചത് ഏട്ടനായിരുന്നു. ഏട്ടന്റെ ഇടം കൈ തന്റെ വലം കൈയിൽ പിടിച്ചാൽ താനൊരു മുടന്തിയാണെന്ന് മറന്നുപോകാറുണ്ടായിരുന്നു.. ഇത്രയൊക്കെ ധൈര്യം തന്നിട്ട് ഏട്ടന് എവിടെയാ പിഴച്ചു പോയത്? ഒരിക്കൽ ഒരു പ്രണയത്തെ പറ്റി പറഞ്ഞിരുന്നു, അതാകുമോ ഇനി കാരണം? പ്രണയത്തിനു നിലവാരം ഇല്ലാത്ത ഈ കാലത്തു ഒരു പ്രണയത്തിനു വേണ്ടി.
മുറ്റത്തെ മാവ് നിലത്തു വീഴുന്ന ശബ്ദം. ദൈവമേ ഏട്ടനെ പോലെ ആയിരുന്നു ആ മാവും. സങ്കടം വന്നാൽ അവൾ അഭയം കണ്ടെത്തുന്നത് അതിന്റെ ചുവട്ടിലായിരുന്നു. ഏട്ടൻ തോളിൽ എടുക്കുന്നതുപോലെ അതിന്റെ കൊമ്പിലെ ഊഞ്ഞാലിൽ ആടുമായിരുന്നു. ഇപ്പോൾ ഏട്ടനൊപ്പം അതിന്റെയും അന്ത്യമായി. ഭാഗ്യം ചെയ്ത മാവ്! മരണത്തിന്റെ നെറുകയിൽ നിൽക്കുന്നവനെ എരിച്ച് ഇല്ലാതാക്കി കെട്ടിപ്പുണരാൻ മരണത്തിനു ശേഷവും കൂടെ നിൽക്കുന്ന ഉറ്റ ചങ്ങാതി. അമ്മയുടെ പൊട്ടിക്കരച്ചിൽ അവളുടെ കാതുകളിൽ വീണ്ടും വീണ്ടും തറച്ചുകൊണ്ടിരുന്നു
''മോനെ... എങ്ങനെ തോന്നി ഈ അമ്മയെ തനിച്ചാക്കി പോകുവാൻ. ഇത്രത്തോളം കടബാധ്യതകൾ ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഇന്നലെയും സങ്കടപ്പെട്ടത് ഇതിനായിരുന്നോ? കടം മേടിച്ചു കല്യാണം നടത്താൻ ഇതിനായിരുന്നോ നീ വാശി പിടിച്ചത്?""
അവൾ എഴുന്നേറ്റു പൊട്ടി കരഞ്ഞു. ഏട്ടന്റെ ജീവൻ ബലികൊടുത്ത് ഈ മുടന്തിക്ക് ജീവിതം ദാനം തന്നതാണോ? ഈശ്വരാ! അവൾ കണ്ണുകൾ പൊത്തി കരഞ്ഞു വാതിലിൽ ചാരി വീണ്ടും വീണ്ടും കരഞ്ഞു. അപ്പോഴാണ് കട്ടിലിനടിയിൽ ചുറ്റി വളഞ്ഞിരിക്കുന്ന കയർ കണ്ടത്. ഏട്ടൻ അവസാനമായി ആശ്വാസം കണ്ടെത്തിയതിന്റെ നേർപകുതി. അവൾ അതിലേക്ക് തുറിച്ചുനോക്കികൊണ്ടിരുന്നു.
ഈ ഒറ്റ കാലുള്ളവളെ മുടന്തി എന്ന് ലോകം മുഴുവൻ വിളിച്ചപ്പോഴും രണ്ടുകാലുകളും നിലത്തുറപ്പിക്കാതെ മരണത്തിനു മൗനാനുവാദം നൽകി. ഈ മുടന്തിയെ തോൽപ്പിച്ച മനുഷ്യൻ. തേങ്ങലുകൾ മുറിക്കുള്ളിൽ അലയടിച്ചുകൊണ്ടിരുന്നു. ഉത്തരത്തിൽ ചിലക്കാൻ മറന്നൊരു ഗൗളി നിശബ്ദമായി അങ്ങനെ കുറേനേരം ഇരുന്നു.