കൈ, കാൽ നഖത്തിന് ചുറ്റും വേദനയുണ്ടാകുന്ന അവസ്ഥാവിശേഷമാണ് നഖച്ചുറ്റ്. നഖത്തിന് ചുറ്റുമുള്ള ദശയിൽ വരുന്ന അണുബാധയാണ് ഈ രോഗത്തിന് കാരണം. പെട്ടെന്ന് ഉണ്ടാകുന്നതും കൂടുതൽ കാലം ഉണ്ടായിരിക്കുന്നതും എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ഇവ രണ്ടിന്റെയും കാരണങ്ങളും ചികിത്സയും പ്രത്യേക തരത്തിലാണ്. അസുഖം ബാധിച്ച രോഗിക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുമെന്നതിന് പുറമേ മറ്റുള്ളവർക്കും പ്രശ്നമുണ്ടാക്കും. നഖത്തിന് ചുറ്റും പഴുപ്പുള്ളയാൾ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അണുബാധയുണ്ടാകാം. നഖച്ചുറ്റ് ബാധിച്ച രോഗികൾ റസ്റ്റോറന്റുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും ഭക്ഷണം കൈകാര്യം ചെയ്യുന്നജോലിയിൽ ബന്ധപ്പെട്ടാൽ രോഗം പകരാൻ ഇടയാകും. കൈ കാലുകൾക്കുണ്ടാകുന്ന രോഗങ്ങളിൽ കൂടുതലും നഖച്ചുറ്റാണ്. ഏത് പ്രായക്കാരെയും രോഗം ബാധിക്കാം. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് നഖച്ചുറ്റ് രോഗസാദ്ധ്യത ഏറെയുള്ളത്. കൂടുതൽ സമയം കൈകാലുകളിൽ ഈർപ്പം ഏൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നതാണിതിന് കാരണം. രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും ഈ രോഗം ഇടയ്ക്കിടെ വരാം.
നഖത്തിന്റെ ഇരുവശങ്ങളിലും perionychium എന്നറിയപ്പെടുന്ന രണ്ട് ഭാഗങ്ങളുണ്ട്. ഇത് നഖം തുടങ്ങുന്നതിന്റെ അടുത്ത് കാണാം. ഇത്തരം കട്ടിയുള്ള ഒരു അതിര്. ഈ അതിരുകളാണ് നഖത്തെ അണുബാധകളിൽ നിന്നും സംരക്ഷിച്ച് നിർത്തുന്നത്. നാം നഖമെന്ന് വിളിക്കുന്ന വിരലുകളുടെ അഗ്രത്ത് കാണുന്ന വെളുത്തഭാഗം മൃതകോശമാണ്. അത് മെത്തപോലെയുള്ള നെയിൽ ബെഡിന്റെ മുകളിൽ സ്ഥിതിചെയ്യുന്നു. നെയിൽ ബെഡിന് രണ്ട് ഭാഗങ്ങളുണ്ട്. ഇതിൽ ജെർമിനൽ മാട്രിക്സ് എന്ന ഭാഗം പുതിയ നഖനിർമ്മിതിക്ക് ഉതകുന്ന കോശങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗത്തിന് ദോഷം വന്നാൽ നഖവളർച്ച മുരടിച്ച് വികൃതമാകും. രണ്ടാമത്തെ ഭാഗമാണ് നഖത്തിന്റെ കനവും ബലവും നിർണയിക്കുന്നത്. നഖത്തിന്റെ ഉത്ഭവം ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭാഗത്ത് നിന്നാണ്. ഇവിടെ തന്നെയാണ് നെയിൽ ഫോൾഡ് സ്ഥിതി ചെയ്യുന്നത്. നെയിൽ ഫോൾഡിന് മുകളിലായി നെയിൽ വാൾ ഉണ്ട്.
നഖച്ചുറ്റിന്റെ ലക്ഷണങ്ങൾ
നഖത്തിന് ചുറ്റും ചുവപ്പ്, നീർക്കെട്ട് എന്നിവയാണ് കുറച്ചുകൂടി കഴിഞ്ഞാൽ നഖത്തിന്റെ അതിരിനടിയിൽ പഴുപ്പ് കെട്ടുന്നു. പിന്നീടിത് നഖത്തിന് ചുറ്റും ബാധിക്കും. ഗുരുതരമായ അണുബാധയാണെങ്കിൽ നഖം നെയിൽ ബെഡിൽ നിന്ന് ഇളകിമാറിനിൽക്കും. ഇതിനുള്ള കാരണങ്ങൾ എന്തെന്ന് നോക്കാം. നഖത്തിനും അതിനു ചുറ്റുമുള്ള ദശയ്ക്കും ഇടയ്ക്കുള്ള സുരക്ഷാ കവചം പല കാരണങ്ങളാൽ നശിച്ചുപോകാം. നഖം കടിക്കുക, കൂടുതൽ താഴ്ത്തി നഖം മുറിക്കുക, വിരൽ കുടിക്കുക, കൃത്രിമ നഖങ്ങൾ പിടിപ്പിക്കുക, അവിചാരിതമായി നഖത്തിന് മുറിവോ, ക്ഷതമോ ഏൽക്കുക തുടങ്ങിയവമൂലം ഇത് സംഭവിക്കാം. ഇതിലൂടെ അണുക്കൾ ബാധിച്ച് രോഗം ഉണ്ടാകാം.
ദീർഘകാല നഖച്ചുറ്റിന് കാരണം നിരന്തരം ഈർപ്പവുമായുള്ള സമ്പർക്കമാണ്. ആറ് ആഴ്ചയിലധികമായി നീർക്കെട്ട്, വേദന, ചുവപ്പ് എന്നിവ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ദീർഘകാലമായുള്ള രോഗത്തിന്റെ ഫലമായി വിരലുകളുടെ അഗ്രഭാഗം വീർത്ത് ചുവന്നു കട്ടികൂടിയിരിക്കും. നഖത്തിന് ചുറ്റും ഇത് കാണപ്പെടുന്നു. അല്പനാളുകൾക്കകം നഖങ്ങൾക്ക് നിറവ്യത്യാസം വരികയും കട്ടിയാവുകയും കുറുകെ വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ക്രമേണ നഖം നെയിൽ ബെഡിൽ നിന്ന് ഇളകിനിൽക്കാം. സാധാരണ നഖച്ചുറ്റുണ്ടാകുന്നത് ഫംഗസ് കാരണമാണ്, നഖത്തിനു ചുറ്റുമുള്ള പഴുപ്പും തൊലിയും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നഖച്ചുറ്റ് തിരിച്ചറിയാനുള്ള ലാബോറട്ടറി പരിശോധന.
ചികിത്സ
നഖച്ചുറ്റിന് ഉള്ളിൽ കഴിക്കാവുന്ന മരുന്നുകൾ കൊണ്ടും ശസ്ത്രക്രിയയിലൂടെയുമുള്ള ചികിത്സയുണ്ട്. അക്യൂട്ട് പരോണിക്കിയയ്ക്ക് ചെറുചൂടുള്ള വെള്ളത്തിൽ ആ ഭാഗം ദിവസം നാലഞ്ചുതവണ മുക്കിവയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഉള്ളിൽ കഴിക്കാൻ ആന്റിബയോട്ടിക്സ് ഉപയോഗിക്കാം. പഴുപ്പ് കെട്ടി നില്പുണ്ടെങ്കിൽ കീറി പഴുപ്പ് കളയുക. ക്രോണിക് പരോണിക്കിയ ഉള്ളവർ ഈർപ്പം നിരന്തരം നിലനിറുത്തുന്ന സാഹചര്യം ഒഴിവാക്കുക. ചൂട് വെള്ളത്തിൽ മുക്കിയെടുത്ത തുണി നഖച്ചുറ്റിന് മുകളിൽ വയ്ക്കാം. വേദനയ്ക്ക് ആശ്വാസം കിട്ടും. രോഗബാധിതമായ ഭാഗം എപ്പോഴും ഉണങ്ങിയിരിക്കുവാൻ ശ്രദ്ധിക്കുക. രോഗബാധയുള്ള അവസരത്തിൽ നഖം കടിക്കുക, മുറിക്കുക, തനിയെ സൂചിയോ മറ്രോ ഉപയോഗിച്ച് തുറന്ന് പഴുപ്പ് കളയാൻ ശ്രമിക്കുക എന്നിവ ഒഴിവാക്കുന്നത് നന്ന്.
പുറമേ പുരട്ടാനുള്ള ആന്റിഫംഗൽ മരുന്നുകൾ ഏറെക്കുറെ ഫലപ്രദമായി കാണപ്പെടുന്നുണ്ട്. ചിലപ്പോൾ ആന്റി ഫംഗൽ മരുന്നുകൾ ഉള്ളിലും കഴിക്കേണ്ടതായിവരും. പ്രമേഹം, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവയുണ്ടെങ്കിൽ കൂടുതൽ കാലം നീളുന്ന ചികിത്സ വേണ്ടിവന്നേക്കാം. ദീർഘകാലം മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ ഉപദേശപ്രകാരം അവ നിറുത്തി നോക്കേണ്ടതാണ്. പഴുപ്പ് കെട്ടി നിൽക്കുന്നുണ്ടെങ്കിൽ മരുന്നുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ കീറി പഴുപ്പ് കളയുകയും ഉപ്പ് വെള്ളത്തിൽ വിരൽ മുക്കിവച്ച് വൃത്തിയാക്കുകയും വേണം. അഞ്ചു മുതൽ ഏഴുദിവസം വരെ ആന്റിബയോട്ടിക്കുകളും കഴിക്കേണ്ടതായി വരും.
രോഗം തടയാൻ
കൈകാലുകൾ നിരന്തരം വെള്ളവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന സാഹചര്യം ഒഴിവാക്കുക. നഖവും അതിന് ചുറ്റുമുള്ള ചർമ്മവും എപ്പോഴും ഉണങ്ങിയിരിക്കണം. നഖത്തിന് ചുറ്റും മുറിവുകളോ ക്ഷതങ്ങളോ ഏൽക്കാതെ ശ്രദ്ധിക്കുക.ആവശ്യമെങ്കിൽ ജോലി ചെയ്യുമ്പോൾ കൈയുറകൾ ഉപയോഗിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒരിക്കൽ ചികിത്സിച്ച് ഭേദമാക്കിയാലും വീണ്ടും നഖച്ചുറ്റ് വരാൻ സാദ്ധ്യതയുണ്ട്. ചുരുക്കത്തിൽ നഖച്ചുറ്റ് ഒരു സാധാരണ രോഗമാണെങ്കിലും അസഹ്യവേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്. മേല്പറഞ്ഞ മുൻകരുതലുകൾ സ്വീകരിച്ചാൽ നഖച്ചുറ്റ് വരുന്നത് ഒരുപരിധിവരെ തടയാൻ കഴിയും.