''കുറച്ച് നാൾ മുമ്പ് ഏതോ ടി.വി ചാനലിൽ നിന്നാണെന്നും പറഞ്ഞ് ഒരു താടിക്കാരൻ കാമറയുമായി ചതുപ്പിലും പാടത്തും ചുറ്രിനടക്കുന്നതു കണ്ടതായി അവൾ പറഞ്ഞു. ചതുപ്പിലെ പൂമ്പാറ്റകളെക്കുറിച്ചും കൊച്ചുജീവികളേപ്പറ്റിയും വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണെന്നാണ് അയാൾ മാധവനോട് പറഞ്ഞത്... നാലഞ്ചു ദിവസം പരിസരത്തുണ്ടായിരുന്നത്രേ!""
''കള്ളൻ വരുന്നതിന് മുമ്പാണോ ആ സംഭവം?""
''അതേ..."
''നിങ്ങൾ അയാളെ കണ്ടോ?""
''ഞാൻ കണ്ടില്ല സാർ! ഞാൻ വീട്ടിലില്ലാത്ത സമയത്താണ് മിക്കപ്പോഴും അയാൾ വന്നത്. ഒരിക്കൽ ദൂരെ ചതുപ്പിൽ നിൽക്കുന്നതു കണ്ടപ്പോൾ പരിചയപ്പെടാമെന്നു കരുതി പോയെങ്കിലും അയാൾ അകന്നു മാറിക്കളഞ്ഞു! പക്ഷേ, ഭാര്യ അയാളെ മുമ്പെവിടെയോ കണ്ടതുപോലെ ഒരിയ്ക്കൽ പറഞ്ഞു. ടീവിക്കാരല്ലേ, വല്ല ചാനലിലുമായിരിക്കുമെന്നു ഞാൻ പറഞ്ഞു...""
''നിങ്ങളുടെ വീട്ടിൽ നിന്നും പ്രധാന നിരത്തിലേക്ക് എന്തു ദൂരമുണ്ട്?""
''ഒരു കിലോമീറ്ററിലധികം വരും...""
''റെയിൽവേസ്റ്റേഷനിലേക്കോ?""
''ഏകദേശം അത്രതന്നെ...""
''സംഭവദിവസങ്ങളിൽ ആ ഭാഗത്ത് വല്ല വാഹനവും വന്നുനിന്നതായി അറിയാമോ?""
''ഉണ്ട് സാർ! ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞുവരുമ്പോൾ പാടത്തേക്കിറങ്ങുന്ന ഇടവഴിയിൽ ഒരു സ്കൂട്ടർ നിറുത്തിയിട്ടിരിക്കുന്നതു കണ്ടതായി പറഞ്ഞു. കൂട്ടത്തിലൊരാൾ അതിന്റെ നമ്പർ ഓർത്തുവച്ചു. അടുത്തദിവസം നഗരത്തിൽ നിന്നും മോഷണം പോയ വണ്ടിയാണതെന്ന് പത്രത്തിൽ വാർത്തയും കണ്ടു.""
''അപ്പോൾ കള്ളൻ പുറത്തുനിന്നുള്ളയാളാണ്...""
പൃഥ്വി മന്ത്രിക്കുന്നതു കേട്ടു.
''നിങ്ങളുടെ അസുഖത്തെപ്പറ്റി ബോസിനറിയുമോ?""
''അറിയില്ല സാർ""
''ബോസിനറിയില്ലെന്നോ, അതോ അക്കാര്യം നിങ്ങൾക്കറിയില്ലെന്നോ?""
''അറിയില്ല സാർ! ഞാൻ പറഞ്ഞിട്ടില്ല...""
''ജോലി ശരിയാക്കി തന്നയാൾക്കോ?""
''അറിയാം.""
''നിങ്ങൾ പറഞ്ഞതാണോ?""
''അല്ല സർ! അദ്ദേഹത്തിന് നേരത്തേ അക്കാര്യം അറിയാമായിരുന്നു. അതുകൊണ്ടാണ് വാച്ച്മാന്റെ ജോലി കിട്ടിയത്...""
''എന്താണയാളുടെ പേര്?""
''ജഗന്നാഥൻ...""
''എന്നാണ് ജോലിയിൽ കയറിയത്?""
''രണ്ടുമാസമായി. കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 21ന്""
''നേരത്തേ പരിചയമുള്ള ആളാണോ, ഈ ജഗന്നാഥൻ?""
''അല്ല സാർ! ആദ്യമായിട്ട് കാണുന്നതാണ്. ""
''അത് ആശ്ചര്യമായിരിക്കുന്നല്ലോ! ഒരു പരിചയവുമില്ലാത്ത ഒരാൾ നിങ്ങളെ തേടിവരുന്നു, ജോലിവാങ്ങിത്തരുന്നു എന്നൊക്കെ പറഞ്ഞാൽ, ഈറ്റ്സ് അൺബിലീവബിൾ""
''അത് വളരെ കൗതുകകരമായ കഥയാണ് സാർ!...""അയാൾ പറഞ്ഞു.
''മൂന്നുമാസം മുമ്പാണ് ആ നല്ല മനുഷ്യൻ ഞങ്ങളെ അന്വേഷിച്ചു വീട്ടിൽ വന്നത്. ധനികനും മാന്യനുമായ ഒരാൾ. അദ്ദേഹം കുറേ വർഷങ്ങളായി നോർത്തിന്ത്യയിൽ വലിയ ബിസിനസ് നടത്തുകയാണത്രേ! ഒരിടവേളയിൽ നാട്ടിൽ വന്നതാണ്. അതിനുമുമ്പ് മറ്റൊരുകാര്യം പറയാനുണ്ട്. എന്റെ ഭാര്യയുടെ മൂത്ത ഏട്ടൻ പത്തിരുപത്തിയഞ്ച് വർഷം മുമ്പേ ഒരു കേസിൽപ്പെട്ടു. നാടുവിട്ടുപോയി. അന്നവൾ തീരെ കുട്ടിയാണ്. അയാൾ പലസ്ഥലത്തും കറങ്ങി ഒടുവിൽ രാജ്യതലസ്ഥാനത്തെത്തി. ഇപ്പോൾ വലിയ നിലയിലാണത്രേ. കുട്ടിക്കാലത്ത് ഈ ഏട്ടന് അനിയത്തിയോട് വലിയ സ്നേഹമായിരുന്നു. അയാൾ ഞങ്ങളുടെ സുഖവിവരങ്ങളന്വേഷിക്കാൻ ഈ മാന്യനെ ചുമതലപ്പെടുത്തി അയച്ചിരിക്കുകയാണ്. ഞങ്ങൾ ബുദ്ധിമുട്ടിലാണെങ്കിൽ വേണ്ട സഹായങ്ങളൊക്കെ നൽകണമെന്നും പറഞ്ഞത്രേ! അന്ന് ആ നല്ല മനുഷ്യൻ കുറച്ചു രൂപയൊക്കെ എന്റെ കൈയിൽ വച്ചുതന്നു. എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും ഒരുമാസം കഴിഞ്ഞു വീണ്ടും കാണാമെന്നും പറഞ്ഞ് അദ്ദേഹം പോയി.""
''ഫോൺ നമ്പർ വല്ലതും""
''ഇല്ല, തന്നില്ല. തിരക്കിനിടയിൽ വിട്ടുപോയതായിരിക്കണം. പക്ഷേ കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വന്നു. എനിക്കൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും അധികം ബുദ്ധിമുട്ടില്ലാത്ത പണിയാണെന്നും പറഞ്ഞ് അദ്ദേഹം തന്നെ എന്നെ കാറിൽ കയറ്റി കമ്പനിയിലെത്തിച്ചു. ഗേറ്റിൽ ഇറക്കി. തന്റെ പേരു പറഞ്ഞാൽ മതി. ഉടനെ ജോലിയിൽ കയറാമെന്നും പറഞ്ഞ് ഒരു കത്ത് എന്നെ ഏല്പിച്ച് ആൾ കാറോടിച്ചുപോയി. ഡൽഹിയിലുള്ള അളിയൻ ഉടനെ ബന്ധപ്പെടുമെന്നും നിങ്ങളുടെ കഷ്ടകാലമെല്ലാം തീരാൻ പോകുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം പോയത്.""
''എന്തുകൊണ്ടാണ് അയാൾ നിങ്ങളെ ഗേറ്റിൽ ഇറക്കിവിട്ടത്?""
അദ്ദേഹം ചോദിച്ചു.
''അറിയില്ല സാർ! തിരക്കുണ്ട് ഉടനെ പോകണമെന്ന് പറഞ്ഞു.""
''എന്നിട്ട്?""
''കമ്പനിയെന്നു പറഞ്ഞുവെങ്കിലും അത് അങ്ങനെ പേരിനനുസരിച്ച് ഒരു വലിയ കമ്പനിയൊന്നുമായിരുന്നില്ല.""
അയാൾ തുടർന്നുപറഞ്ഞു.
''ചെറിയൊരു വർക്ക് ഷോപ്പ്. ഇരുമ്പു സാധനങ്ങളുടെ വെൽഡിംഗും മറ്റനുബന്ധജോലികളുമാണവിടെ നടക്കുന്നത്. എന്നെക്കൂടാതെ വേറെ രണ്ടു തൊഴിലാളികളുണ്ട്. ശരിക്കും പറഞ്ഞാൽ ഒരാളെ ശമ്പളം കൊടുത്ത് രാത്രി കാവലേർപ്പെടുത്താനുള്ള വലിപ്പമൊന്നും ആ സ്ഥാപനത്തിനുണ്ടായിരുന്നില്ല. ഓ! ഞാനെന്തിന് അതൊക്കെ ആലോചിച്ച് കാടുകയറണം? എനിക്കെന്റെ കാര്യം നോക്കിയാൽ പോരേ? എന്നു ഞാൻ സമാധാനിച്ചു.""
''ആട്ടെ, ഈ ജഗന്നാഥൻ ജോലിക്കാര്യമല്ലാതെ മറ്റെന്തെങ്കിലും ചോദിച്ചോ? ഫോർ എക്സാമ്പിൾ, താമസത്തെക്കുറിച്ചോ അങ്ങനെയെന്തെങ്കിലും?""
''ങാ, ചോദിച്ചുസാർ. കുടുംബത്തെക്കുറിച്ചും പിന്നെ ആ സ്ഥലത്ത് എത്രകാലമായി താമസിക്കുന്നു എന്നുമൊക്കെ ചോദിച്ചു.""
''അയാൾ നിങ്ങളുടെ അയൽക്കാരനേയും കണ്ടോ?""
''ഇല്ല, പക്ഷേ അവരെപ്പറ്റിയും ചില കാര്യങ്ങൾ ചോദിച്ചു.""
''നിങ്ങളോട് ചോദിച്ച അതേ കാര്യങ്ങൾ തന്നെയായിരിക്കും അല്ലേ?""
''അതേ...""
''നിങ്ങളെന്തു പറഞ്ഞു?""
''അറിയാവുന്നതൊക്കെ പറഞ്ഞുകൊടുത്തു.""
''എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ അന്വേഷിക്കുന്നത് എന്ന് നിങ്ങൾ ചോദിച്ചില്ലേ?""
അയാൾ നിർവികാരനായി ചിരിച്ചു.
''ഞങ്ങളെ സഹായിക്കാനായി അകലെ നിന്നും വന്ന ഒരു മാന്യൻ അയാളെ മുഷിപ്പിക്കുന്നതു ശരിയാണോ സാർ? എങ്കിലും ചിലതൊക്കെ ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഞങ്ങളെക്കുറിച്ചോർക്കുമ്പോൾ വലിയ വിഷമം തോന്നുന്നു അതുകൊണ്ടാണ് ചോദിച്ചത് എന്നാണ്. വെള്ളമില്ല, വെളിച്ചമില്ല, വീട്ടിലെത്താൻ വഴിപോലുമില്ല. നിങ്ങളെങ്ങനെ ഇവിടെ ജീവിക്കുന്നു, ഞാൻ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കട്ടെ എന്നും പറഞ്ഞാണ് ആ സാർ പോയത്. അതിരിക്കട്ടെ സാർ അതും ഈ സംഭവവുമായിട്ടെന്തു ബന്ധം? ഇപ്പോഴെന്തിനാ അതൊക്കെ ചോദിക്കുന്നത്?""
''ഞങ്ങളുടെ ഒരു രീതി അതാണ് മാധവൻ നായർ! ചോദിക്കുമ്പോൾ എല്ലാം ചോദിക്കും. വേരുമുതൽ മുകളറ്റം വരെ ""അദ്ദേഹം ചിരിച്ചു.
''ആയിക്കോട്ടെ! പക്ഷേ ഒന്നുണ്ട് സാർ! ആ നല്ല മനുഷ്യൻ വന്നതോടെയാണ് ഞങ്ങളുടെ കഷ്ടകാലം മാറിയത്. ഇല്ലെങ്കിൽ എന്റെ കുട്ടികൾ പട്ടിണിയായേനെ.""
''ആട്ടെ നായർ! വർക് ഷോപ്പിൽ എല്ലാ ദിവസവും നിങ്ങൾക്ക് ജോലിയുണ്ടോ?""
''ഉണ്ട് സാർ, വല്ല അത്യാവശ്യത്തിനും ലീവുവേണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം.""
പൃഥ്വി തലയാട്ടിക്കൊണ്ട് ആലോചനയിൽ മുഴുകി.
''ഇനി എന്തെങ്കിലും പറയാൻ വിട്ടുപോയിട്ടുണ്ടോ, ഓർത്തുനോക്കൂ...""
അദ്ദേഹം അയാളെ നിർന്നിമേഷനായി നോക്കി.
അയാൾ ആലോചനയിലാണ്ടു, അപ്പോൾ കൺമണികൾ മത്സ്യങ്ങളെപ്പോലെ തെന്നിത്തെറിക്കാൻ തുടങ്ങി.
''ഒരുകാര്യമുണ്ട് സാർ""
ഉത്സാഹഭരിതനായി അയാൾ വിളിച്ചുപറഞ്ഞു.
''വീട്ടിൽ കള്ളൻ കയറിയ രണ്ടുദിവസവും വൈകിട്ട് വർക്ക് ഷോപ്പിലേക്ക് ആരോ ഫോണിൽ വിളിച്ചു; ഞാൻ അവിടെയുണ്ടോന്ന് അന്വേഷിച്ചു.""
''ഓ! വണ്ടർഫുൾ!""
കൈകൾ കൂട്ടിത്തിരുമ്മി ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
''ആരാണ് ഫോണെടുത്തത്?""
''വർക്ക് ഷോപ്പ് അടയ്ക്കാൻ തുടങ്ങുമ്പോഴാണ് രണ്ടുതവണയും ഫോൺ വന്നത്. ആദ്യം ഫോണെടുത്തത് ബോസ് തന്നെയാണ്. പിന്നെ മറ്റൊരു സ്റ്റാഫ്. അയാൾ ഫോൺ എനിക്ക് തന്നെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും കട്ടായിരുന്നു.""
''യെസ്, അതുതന്നെ!നിങ്ങളെന്നെ ആവേശം കൊള്ളിക്കുന്നു മാധവൻ നായർ... ഇറ്റ്സ് വണ്ടർഫുൾ""
അദ്ദേഹം സീറ്റിൽനിന്നും ചാടിയെണീറ്റ് കൈകൾ കൂട്ടിത്തിരുമ്മി.
അദ്ദേഹത്തിന്റെ ആഹ്ലാദപ്രകടനം കണ്ട് ആഗതൻ പരസ്പരം നോക്കി.
''ഒരു ചോദ്യം കൂടി...""
അദ്ദേഹം ആരാഞ്ഞു.
''മി. ജഗന്നാഥനെക്കുറിച്ച് ഒരു ചെറുവിവരണം തരാമോ? ഐ മീൻ എ ഫിസിക്കൽ അപ്പിയറൻസ്...അതായത് ആളെ കണ്ടാൽ എങ്ങനെയിരിക്കും?""
''കാണാൻ സുമുഖനാണ് സാർ. സുമാർ മുപ്പത്തിയഞ്ച് നാല്പത് വയസ് വരും. വെളുത്തിട്ടാണ്. സമൃദ്ധമായ തലമുടി. ക്ലീൻ ഷേവാണ്. പിന്നെ നെറ്റിയിൽ ഒരു മുറിപ്പാട് തെളിഞ്ഞുകിടപ്പുണ്ട്. സംസാരിക്കുമ്പോൾ ചെറിയൊരു വിക്കുണ്ട്.""
''ദാറ്റ്സ് ഇനഫ്! ആട്ടെ, നിങ്ങൾ ഇങ്ങോട്ട് വരുന്ന കാര്യം മറ്റാർക്കെങ്കിലും അറിയാമോ?""
''ഇല്ല സാർ! ഈ സംഭവം രണ്ടുപേരോടുമാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ... പൊലീസ് ഫ്രണ്ടിനോടും പിന്നെ ദാ, ഇവനോടും. ഇവനാണ് സാറിനെ വന്നുകണ്ടാൽ ഇതിനൊരു പരിഹാരമുണ്ടാക്കിത്തരും എന്നു പറഞ്ഞത്. കഴിഞ്ഞകൊല്ലം ഇവന്റെ നാട്ടിൽ സാറ് ഒരു കേസന്വേഷണത്തിനു പോയിട്ടുണ്ട്. പൊലീസ് അന്വേഷിച്ച് തുമ്പാകാത്ത ആ കേസ് സാറാണ് തെളിയിച്ചത്. എന്നെ ഈ കുരുക്കിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണം സാർ! എപ്പോഴാണ് ആ കള്ളൻ വീണ്ടും വരിക. എന്തൊക്കെ ഗുലുമാലുകളാണ് ഉണ്ടാക്കുക എന്നു ചിന്തിക്കുമ്പോൾ തന്നെ മുട്ടുവിറക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയിൽ സാറിനെ അന്വേഷിച്ചുവന്നത്...""
അയാൾ വലിയ പ്രതീക്ഷയോടെ പൃഥ്വികാന്തിനെ നോക്കി.
''അപ്പോൾ നേരത്തെ പറഞ്ഞ പ്രേതങ്ങളെയും ആത്മാക്കളേയുമൊക്കെ ഉപേക്ഷിച്ചോ?""
അദ്ദേഹം കണ്ണുകളിലൊളിപ്പിച്ച ചിരിയോടെ അയാളെ നോക്കി.
''അതുപിന്നെ...സാർ...ഞാൻ...""
അയാൾ ലജ്ജിതനായി തല ചൊറിഞ്ഞു.
''ശരി! നിങ്ങളുടെ കേസ് ഞാനന്വേഷിക്കും. ഇതൊരു രസകരമായ കേസ് തന്നെ. പിന്നെ അന്വേഷണത്തിനിടയ്ക്ക് ഭാഗ്യത്തിന് വല്ല പ്രേതങ്ങളെയും പരിചയപ്പെടാൻ കഴിഞ്ഞാൽ അതുമായല്ലോ...""
അദ്ദേഹം ഫലിതരൂപേണ പറഞ്ഞ് അയാളെ നോക്കിച്ചിരിച്ചു.
''തത്ക്കാലം നിങ്ങളിവിടെ വന്നതും എന്നെ കണ്ടതും പുറത്താരുമറിയണ്ട.""
അദ്ദേഹം മേശപ്പുറത്തെ ട്രേയിൽ നിന്നും വിസിറ്റിംഗ് കാർഡെടുത്ത് അയാൾക്ക് നൽകി പറഞ്ഞു:
''പ്രത്യേകിച്ചെന്തെങ്കിലും സംഭവങ്ങളുണ്ടായാൽ വിളിച്ചുപറയണം. റെയിൽവേ സ്റ്റേഷനിൽ നിന്നും നിങ്ങളുടെ വീട്ടിലേക്കുള്ള വഴി പറയൂ..."
അയാൾ വഴി പറഞ്ഞുതന്നു.
''ഒരു കാര്യം ശ്രദ്ധിക്കണം... ""
അദ്ദേഹം നിർദ്ദേശം നൽകി.
''രാത്രി ജോലിസ്ഥലത്തുനിന്നും ദൂരെയെങ്ങും പോകരുത്. അപരിചിതരായ ആരെങ്കിലും നിങ്ങളെ വാച്ച് ചെയ്യുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.""
''സാർ, എന്റെ കുടുംബത്തിനെന്തെങ്കിലും...""
അയാൾ ആശങ്കാകുലനായി.
''പേടിക്കണ്ട! അപകടം വല്ലതുമുണ്ടെങ്കിൽ അത് നേരത്തേ ഉണ്ടാകേണ്ടതായിരുന്നു. നമ്മുടെ കള്ളൻ ബുദ്ധിമാനാണെങ്കിലും അപകടകാരിയല്ലെന്നാണ് തോന്നുന്നത്.""
അയാൾ നെടുവീർപ്പോടെ എണീറ്റു. ഉറക്കമില്ലാത്ത അയാളുടെ പിറകെ നിഴലുപോലെ, ഉറക്കം കനം തൂങ്ങിയ കണ്ണുകളുമായി ബന്ധുവും.
''സാധിച്ചാൽ നാളെ ഉച്ചകഴിഞ്ഞ് ഞങ്ങൾ സ്ഥലം സന്ദർശിക്കാം. നിങ്ങളുടെ ഫോൺ നമ്പർ ആ സ്ക്രിബ്ലിംഗ് പാഡിൽ കുറിച്ചിട്ടോളൂ.""
അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ച് അയാൾ സ്റ്റാന്റിൽ നിന്നും പേനയെടുത്ത് നമ്പർ എഴുതി.
''പരിഭ്രമിക്കാതെ പോകൂ... പെട്ടെന്നിറങ്ങിയാൽ 10.50ന് ഒരു ബസുണ്ട്. ലാസ്റ്റ് ബസ്... ""
അദ്ദേഹം ചിരിച്ചപ്പോൾ അറിയാതെ അവരും അതിൽ പങ്കുചേർന്നു.
''എന്തു തോന്നുന്നു?""
അവർ പുറത്തിറങ്ങി അപ്രത്യക്ഷരായപ്പോൾ അദ്ദേഹം തുറന്നചിരിയോടെ എന്നെ നോക്കി.
'' താങ്കൾ വളരെ ആഹ്ലാദത്തിലാണെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ ഇതൊരു എണ്ണപ്പെട്ട കേസാണെന്നും ഞാൻ കരുതുന്നു.""
'' ശരിയാണ്, പക്ഷേ എവിടെയും തൊടാതെ ചില നൂലാമാലകൾ ഇതിൽ കുടുങ്ങിക്കിടപ്പുണ്ട്. അതൊക്കെ അഴിച്ചെടുക്കണം. അത് സാധിച്ചാൽ ഇത് തികച്ചും സരളമായ കേസുതന്നെ.""
''ഒന്നുകൂടി ലളിതമായിപ്പറയൂ...""
അദ്ദേഹം ഉദ്ദേശിച്ചതെന്തെന്നു മനസിലാകാതെ ഞാൻ ആ കണ്ണുകളിലേക്കുറ്റുനോക്കി.
''പറയാം...""
അദ്ദേഹം തീ പറ്റിക്കാതെ ആഷ്ട്രേയുടെ മുകളിൽ വച്ചിരുന്ന സിഗരറ്റ് ചുണ്ടിൽവച്ചശേഷം സിഗർലാമ്പെടുത്ത് ഉരച്ചുകൊണ്ട് പറഞ്ഞു:
നമ്പർവൺ, നമ്മുടെ കക്ഷിയുടെ തൊഴിൽദാതാവായ ജഗന്നാഥൻ എന്നുപേരുള്ള വ്യക്തി. ആ പേര് ഒരിയ്ക്കലും ശരിയായിരിക്കാനിടയില്ല. ആ കഥാപാത്രത്തിന് യാതൊരു യുക്തിഭദ്രതയും ഇല്ല. കേട്ടിടത്തോളം അയാളെ പോലെ റിച്ച് ആയൊരാൾ ഒരുനാട്ടിൻപുറത്തുകാരനെ അന്വേഷിച്ച് ഒരു സൈക്കിൾ പോലും വരാത്ത ആ ഓണം കേറാമൂലയിലേക്ക് നേരിട്ട് വരേണ്ട കാര്യമെന്ത്? ഒരു മെസഞ്ചറെ കിട്ടാതെ വരുമോ, അയാൾക്ക്? പൃഥ്വി നെറ്റിചുളിച്ചുകൊണ്ട് എന്നെ നോക്കി.
അത് ശരിയാണെന്ന് ഞാനും സമ്മതിച്ചു.
''നമ്പർ രണ്ട്...""
അദ്ദേഹം സിഗരറ്റ് ആഞ്ഞുവലിച്ചുകൊണ്ട് കെയ്സ് എന്റെ മുമ്പിലേക്ക് നീക്കിവച്ച് പറഞ്ഞു;
''ചതുപ്പിലെ ശലഭനിരീക്ഷകൻ... അയാളെന്തുകൊണ്ടാണ് ആർക്കും മുഖം കൊടുക്കാതെ തെന്നിമാറുന്നത്?""
എന്റെ സ്നേഹിതന്റെ മുഖത്ത് വർദ്ധിച്ച ആഹ്ലാദത്തിന്റെ തിരയിളക്കം ഞാൻ കണ്ടു. നീണ്ട ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം ഇങ്ങനെ സന്തോഷവാനായി കാണപ്പെടുന്നത്. പുതിയ കേസിന്റെ വിവരണം അദ്ദേഹത്തെ അത്യന്തം ഉത്സാഹഭരിതനാക്കിയിട്ടുണ്ട്. മാധാവൻനായരുടെ കഥയിൽ നിന്നും ദുരൂഹവും നിഗൂഢവുമായ എന്തൊക്കെയോ സംഭവവികാസങ്ങൾ അയാൾക്ക് ചുറ്റും നടന്നിട്ടുണ്ടെന്നല്ലാതെ അതിൽ അന്തർഭവിച്ചിരിക്കുന്ന രഹസ്യങ്ങളൊന്നും എനിക്ക് മനസിലായില്ല. അതേക്കുറിച്ചു കൂടുതൽ ചിന്തിച്ച് തലപുണ്ണാക്കാൻ ഞാൻ ശ്രമിച്ചതുമില്ല. എന്നാൽ അത്യന്തം ഗൗരവമേറിയതും വാർത്താപ്രാധാന്യമുള്ളതുമായ കേസുകൾക്ക് പിറകേയാണെങ്കിൽ മാത്രമേ അദ്ദേഹം അങ്ങനെ ആവേശഭരിതനാകാറുള്ളൂ എന്നോർത്തപ്പോൾ എന്റെ ജിജ്ഞാസയും ഉണർന്നു. സത്യം പറയാമല്ലോ! ഒരു എക്സ്ക്ലൂസീവ് ന്യൂസിനുള്ള എന്തെങ്കിലും വക ഈ കേസിലുണ്ടായിരിക്കുമോ എന്നുള്ളതായിരുന്നു എന്റെ ഉദ്വേഗത്തിനുള്ള പ്രധാനകാരണം. ഏതായാലും കാര്യം വളരെ ഗുരുതരമായ ഒന്നാണെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളിൽ നിന്നും മനസിലായി.
ഞാൻ ഉറങ്ങാനുള്ള ഒരുക്കം കൂട്ടുമ്പോൾ അദ്ദേഹം തിരക്കിട്ടു ഗൂഗിളിൽ സർച്ച് ചെയ്യുകയായിരുന്നു. കൗമുദി സൈറ്റിൽ ബ്രൗസർ ചുറ്റിക്കറങ്ങുന്നതുകണ്ടപ്പോൾ കാര്യം തിരക്കി. പത്രത്തിന്റെ ആർക്കെവ്സിൽ പഴയ ഏതോ എഡിഷൻ തിരയുകയാണെന്നുമാത്രം പറഞ്ഞ് അദ്ദേഹം തന്റെ ജോലി തുടർന്നു.
പിറ്റേന്ന് ഉച്ചയോടെ ഓഫീസിലെ ജോലിതീർത്ത് ലഞ്ച് കഴിക്കാൻ ഹോട്ടലിൽ ചെന്നപ്പോൾ, മൂന്നരയ്ക്കുള്ള പാസഞ്ചർ ട്രെയിന് ഒരു ഹ്രസ്വയാത്രയ്ക്കുതയ്യാറുണ്ടോ എന്നു ചോദിച്ച് പൃഥ്വിയുടെ ഫോൺ വന്നു. അദ്ദേഹത്തോടൊത്തുള്ള ഓരോ യാത്രയും ഒരു പുതിയ ലോകത്തേക്കുള്ള വഴിതുറക്കലാണെന്നറിയാമായിരുന്ന എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. അത്യാവശ്യമായി ഒന്നുരണ്ടുസുഹൃത്തുക്കളെ നേരിൽ കാണേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് അതും കഴിഞ്ഞ് ഫ്ലാറ്റിലെത്തുമ്പോൾ മണി മൂന്ന്.
(തുടരും)