ശിവപാർവതിമാരുടെ പുത്രനായാണ് ഗണപതിയെ നാം അറിയുന്നത്. ശിവന് പല വിഭാഗങ്ങളിലായി കുറെയധികം സേനകളുണ്ടായിരുന്നു. ഇവരിൽ ഓരോ കൂട്ടരേയും പൊതുവിൽ ഗണം (കൂട്ടം) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം ഗണങ്ങളുടെ പതി (നായകൻ) ആയിരുന്നതിനാൽ ഗണപതി എന്നു പേരുണ്ടായി. ഗണപതിയുടെ തലയും മുഖവും ആനയുടേതുപോലെയായതിന് പല പരാമർശങ്ങളും പുരാണങ്ങളിൽ കാണുന്നു. യുക്തിസഹമായി പരിഗണിച്ചാൽ പാർവതിയും ഗജരൂപികളായി വനത്തിൽ കഴിയുന്ന കാലത്ത് പാർവതി ഗർഭിണി ആവുകയും ജനിച്ച കുഞ്ഞിന് ആനയുടെ മുഖവും തലയും ഉണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്റെ പുത്രനായതിനാൽ അനേകം സിദ്ധികളോടെയായിരുന്നു ഗണപതിയുടെ ജനനം. ഭാരതസംസ്കാരത്തിന്റെ ഭാഗമായി ഏതൊരു കർമ്മവും തടസം കൂടാതെ പൂർത്തിയാകണമെങ്കിൽ ഗണപതിയുടെ അനുഗ്രഹം ഒഴിവാക്കാനാകാത്തതിനാൽ വിഘ്നേശ്വര പൂജയോടുകൂടി മാത്രമേ എന്തും തുടങ്ങാറുള്ളൂ. വീടുകളിൽ മാത്രമല്ല, ഗണപതി മുഖ്യപ്രതിഷ്ഠ അല്ലാത്ത ക്ഷേത്രങ്ങളിൽ പോലും ഗണപതി പൂജ വളരെ പ്രധാനമാണ്.
ഹിന്ദുക്കളുടെയിടയിൽ വിദ്യാദേവത സരസ്വതി ആണെങ്കിലും വിദ്യാരംഭം കുറിക്കുമ്പോൾ കുഞ്ഞിന്റെ നാവിൽ കുറിക്കുന്നത് ഗണപതി സ്തോത്രം ആണെന്നത് കുട്ടികളുടെ വിദ്യാഭ്യാസം തടസം കൂടാതെ പൂർത്തിയാവണം എന്ന വിശ്വാസത്തിലാകാം. താരകാസുരനെ വധിക്കുന്നതിനായി ദേവകൾ സുബ്രഹ്മണ്യനെ സേനാ നായകനായി തിരഞ്ഞെടുത്തു. സുബ്രഹ്മണ്യനെ അഭിഷേകം ചെയ്യാനായി ജലം സുബ്രഹ്മണ്യന്റെ തലയിൽ ഒഴിക്കാനായി കൈയുയർത്തിയപ്പോൾ ദേവേന്ദ്രന്റെ കൈകൾ സ്തംഭിച്ചുപോയി. കാര്യമെന്തെന്നറിയാതെ ദേവകൾ കുഴങ്ങി. അഭിഷേകം തടസപ്പെടാൻ കാരണമെന്തെന്നറിയാൻ അവർ പരസ്പരം ചോദിച്ചു. സംഭവമറിഞ്ഞ ശിവൻ ഗണപതി പൂജയോടെ ആരംഭിച്ച് സുബ്രഹ്മണ്യനെ അഭിഷേകം ചെയ്തതിലൂടെ ദേവേന്ദ്രന്റെ സ്തംഭിച്ച കരങ്ങൾ നേരയാകുകയും താരകാസുരനെ സുബ്രഹ്മണ്യൻ വധിക്കുകയും ചെയ്തു.
ചെറുപ്പം മുതൽ തന്നെ കുസൃതി ഒപ്പിക്കുന്നതിൽ ഗണപതി അതിവിദഗ്ദ്ധൻ ആയിരുന്നു. ശിവനെ കാണാനും വണങ്ങാനുമായി കൈലാസത്തിലെത്തുന്നവരിൽ പലരേയും ഗണപതി എന്തെങ്കിലും കുസൃതി പ്രയോഗിച്ചിട്ടേ വിടാറുണ്ടായിരുന്നുള്ളൂ. ഗണപതി കാട്ടിക്കൂട്ടുന്ന പൊല്ലാപ്പുകൾ കാരണം പൊറുതിമുട്ടിയ പാർവതി, ശിവനും പാർവതിയും വാനര രൂപികളായി നടന്ന കാലത്തുണ്ടായ ഗർഭം, ഇനി വാനര രൂപിയായ ഒരു പുത്രൻ കൂടി ജനിച്ചാലുള്ള സ്ഥിതി ചിന്തിക്കാൻ പോലും കഴിയാത്തതാകും എന്നു കരുതി,ശാപം മൂലം വാനരരൂപിയായികഴിഞ്ഞിരുന്ന അഞ്ജനയുടെ ഗർഭത്തിൽ നിക്ഷേപിച്ചതിലൂടെയാണ് എല്ലാരും ആരാധിക്കുന്ന ഹനുമാൻ ജനിച്ചത്. ശിവപുത്രനായതിനാൽ അനേകം സിദ്ധികളോടുകൂടിയായിരുന്നു ഹനുമാന്റേയും ജനനം. ഇതിനുപുറമേ എല്ലാദേവന്മാരും ഓരോ തരം വരവും ഹനുമാന് നൽകി അനുഗ്രഹിച്ചു.
ഒരിക്കൽ ഗണപതിയെ കാവൽ നിറുത്തിയിട്ട് ശിവൻ വിശ്രമിക്കാനായി അകത്തേക്ക് പോയി. ഈ സമയം ഉഗ്രപ്രതാപിയും ക്ഷിപ്രകോപിയുമായ പരശുരാമൻ ശിവനെ കാണാനായി കൈലാസത്തിൽ എത്തി. ഗണപതി പരശുരാമനെ അകത്തേക്ക് പോകാൻ അനുവദിച്ചില്ല. ക്രുദ്ധനായ പരശുരാമൻ ഗണപതിയുമായി തർക്കമായി. തർക്കം ഏറ്റുമുട്ടലായി. ഏറ്റുമുട്ടൽ കഴിഞ്ഞപ്പോൾ ഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞുവീണു. തുടർന്നുള്ള കാലം ഒറ്റക്കൊമ്പുമായി ഗണപതിക്ക് കഴിയേണ്ടിവന്നു. (പുരാണങ്ങളിൽ ഇതുസംബന്ധിച്ച് വേറെ പരാമർശങ്ങളുണ്ട്).
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)