ആസിഫ് അലി, ഫഹദ് ഫാസിൽ, ദിലീപ്, ഉണ്ണിമുകുന്ദൻ... അഞ്ജു കുര്യനും നായകൻമാരും
കൂൾ ആൻഡ് എനർജറ്റിക്
എന്റെ ആദ്യ നായകനാണ് ആസിഫ് ഇക്ക. നല്ല ഒരു വ്യക്തിയും അതിലുപരി നല്ല സുഹൃത്തും സഹപ്രവർത്തകനും. കവി ഉദ്ദേശിച്ചത് സിനിമയിൽ അഭിനയിക്കുമ്പോൾ തുടക്കകാരിയുടെ പേടി ഉണ്ടായിരുന്നു. പേടിക്കേണ്ടതില്ല എന്ന് പറഞ്ഞ് ആസിഫ് ഇക്ക കംഫർട്ടാക്കി. എപ്പോഴും കൂൾ. ഒപ്പം എനർജറ്റിറ്റ്.അതാണ് ആസിഫ് അലി എന്ന നടൻ. ലൊക്കേഷനിൽ എല്ലാവരോടും വർത്തമാനം പറഞ്ഞ് അടിപൊളിയായി ആസിഫ് ഇക്കയെ കണ്ടു.ആസിഫ് ഇക്ക എപ്പോഴും ഇങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം.എനിക്ക് അതു പുതിയ കാഴ്ചയും. എല്ലാവരെയും ഒരേപോലെ കാണുന്ന ആള്.ചിരിച്ചുകൊണ്ടാണ് വർത്തമാനം പറയുക.അഭിനയിച്ച സിനിമയിലെ ചില കഥാപാത്രത്തെ പോലെ. ഒരുപക്ഷേ അതായിരിക്കും ആ കഥാപാത്രങ്ങളോടുള്ള ഇഷ്ടം പോവാതെ നിൽക്കുന്നതിന് കാരണം. അത്തരം ഒരുപാട് കഥാപാത്രങ്ങളെ എനിക്കും ഇഷ്ടമാണ്. കണ്ണൂരാണ് കവി ഉദ്ദേശിച്ചതിന്റെ ലൊക്കേഷൻ.ഒരുമാസം ഉണ്ടായിരുന്നു ചിത്രീകരണം. ഏറെ സന്തോഷം തന്ന ചിത്രീകരണ ദിവസങ്ങൾ.ഏറ്റവും അടുത്തു അറിയുന്ന ആളിനെ പോലെ ആസിഫ് ഇക്ക. ഞാൻ ഏറ്റവും കൂടുതൽ ദിവസം വർക്ക് ചെയ്ത ആദ്യ സിനിമയാണ് കവി ഉദ്ദേശിച്ചത്. നായികയായി അഭിനയിച്ച ആദ്യ സിനിമ എന്നും പ്രിയ ചിത്രമായിരിക്കും.ആദ്യ നായകനും .
ബ്രിലന്റ് ആക്ടർ
കാമറയുടെ മുൻപിൽ നിൽക്കുമ്പോൾ കണ്ണുവരെ അഭിനയിക്കും. ഇങ്ങനെ അഭിനയിക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് എന്ന് അറിയാതെ നോക്കിനിന്നുപോയി. വേറിട്ട അഭിനയശൈലിയാണ് ഫഹദിന്റേത്. അഭിനയിച്ച സിനിമയിലെല്ലാം അത് തെളിയിക്കുകയും ചെയ്തു.കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിൽവരെ വ്യത്യസ്തത. ആ ധാരണയും തിരിച്ചറിവും 'ഞാൻ പ്രകാശ"ന്റെ ലൊക്കേഷനിൽ ചെല്ലുമ്പോൾ എനിക്ക് ഉണ്ടായിരുന്നു.ബ്രിലന്റ് ആക്ടർ.അന്നുവരെ കണ്ട ഫഹദ് ഫാസിൽ കഥാപാത്രത്തിൽനിന്ന് മാറി സഞ്ചരിക്കുന്ന ആളാണ് പ്രകാശൻ. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ ആ സിനിമയുടെ ഭാഗമാവുന്നത്. സത്യൻസാറിന്റെ സിനിമ. ഒരു തയ്യാറെടുപ്പുമില്ലാതെ അഭിനയിച്ച സിനിമ. റീടേക്ക് എടുത്താലും ചെയ്തോളൂ എന്ന ഭാവത്തിൽ സത്യൻസാറും ഫഹദും.ആദ്യദിവസം നല്ല ടെൻഷനുണ്ടായിരുന്നു. ഒരു വലിയ ടീമിനൊപ്പം ആദ്യമായി പ്രവർത്തിക്കുന്നതിന്റെ പേടി. ഏറ്റവും സീനിയറായ സംവിധായകൻ. താരങ്ങളിൽ അധികവും സീനിയർ. ടെൻഷൻ ആദ്യത്തെ ഒരുദിവസം മാത്രം. 'ഞാൻ പ്രകാശനി"ലെ ശ്രുതി എന്ന കഥാപാത്രത്തെ കൂടുതൽ മികച്ചതാക്കി മാറ്റണമെന്ന ചിന്ത ഫഹദിന്റെ അഭിനയം കണ്ടപ്പോൾ തോന്നി. അത്തരം തോന്നൽ സഹതാരങ്ങളിൽ ജനിപ്പിക്കുന്നത് ഫഹദിന്റെ കഴിവാണ്.വീണ്ടും ഫഹദ് ഫാസിൽ സിനിമയുടെ ഭാഗമാണെന്ന് ആഗ്രഹിച്ചു പോവുന്നു.
ഫുൾ ഒഫ് ഹ്യുമർ
എപ്പോഴും തമാശ പറയുന്ന ചിരിപ്പിക്കുന്ന ദിലീപേട്ടൻ. അസാദ്ധ്യ ഹ്യുമർ സെൻസ്. ഞാൻ ഏറ്റവും കൂടുതൽ ദിവസം വർക്ക് ചെയ്ത മറ്റൊരു സിനിമയാണ് 'ജാക്ക് ആൻഡ് ഡാനിയേൽ".ദിലീപേട്ടൻ ഒപ്പമില്ലാത്ത സീൻ പിന്നീട് കണ്ടാൽ ഇങ്ങനെ ചെയ്താൽ നന്നാകുമെന്ന് ഉപദേശം തരും. സഹപ്രവർത്തകരുടെ അഭിനയം നന്നാക്കാൻ ഏറെ സഹായിക്കുന്ന ആളാണ് ദിലീപേട്ടൻ. സാധാരണ മിക്കവരും ഒപ്പം അഭിനയിക്കുന്ന സീനിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ മാത്രമേ ചൂണ്ടിക്കാട്ടുകയുള്ളൂ. എന്നാൽ ദിലീപേട്ടൻ ഇവിടെ വ്യത്യസ്തനാവുന്നു. വീണ്ടും ചെയ്താൽ നന്നാവുമെന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കും. അപ്പോൾ സ്വാഭാവികമായും നന്നായി ചെയ്യണമെന്ന് തോന്നും. 'ജാക്ക് ആൻഡ് ഡാനിയേലി"ലെ മിക്ക സീനിലും ദിലീപേട്ടന്റെ കൈയൊപ്പുണ്ട്. കഥാപാത്രമായി വേഗം മാറാൻ കഴിയുന്നത് ദിലീപേട്ടന്റെ പ്രത്യേകതയാണ്. സീരിയസ് സിനിമകളേക്കാൾ കോമഡി ചിത്രങ്ങളിലെ ആ അഭിനയമാണ് എനിക്ക് ഇഷ്ടം. ഞാൻ അഭിനയിച്ച സിനിമയിൽ സീനിയറായ നായകൻ. എന്നാൽ സീനിയർ താരത്തിന്റെ ഭാവമൊന്നുമില്ല.ഏറ്റവും പരിചിതനായ ആളെ പോലെ പെരുമാറ്രം.ഒരുപാട് സിനിമയിൽ ഒന്നിച്ചു അഭിനയിച്ചു എന്ന തോന്നൽ ഉണ്ടാക്കാൻ ദിലീപേട്ടന്റെ ഇടപെടൽ കാണുമ്പോൾ തോന്നും.
ഗുഡ് ഫ്രണ്ട്
നല്ല ഒരു സുഹൃത്ത്. ആ സുഹൃത്തിനൊപ്പം ഒന്നിച്ച് ജോലി ചെയ്യുമ്പോൾ ഉണ്ടാവുന്ന സന്തോഷം.' മേപ്പടിയാൻ" സിനിമയിൽ അഭിനയിക്കുമ്പോൾ അത് ഏറെ ലഭിച്ചു. ഒരുപാട് അടുപ്പമുള്ള സുഹൃത്തുക്കൾ ഒത്തുചേരുമ്പോൾ ഉണ്ടാവുന്ന സന്തോഷം എന്നും മായാതെ നിൽക്കും.ഒരു ടെൻഷനും തോന്നിയില്ല.ഉണ്ണിയേട്ടനും നന്നായി തമാശ പറയുന്ന ആളാണ്. ഞാൻ തമാശ ഏറെ ആസ്വദിക്കുന്ന ആളും. പത്തുദിവസം ആഘോഷം പോലെ കടന്നുപോയി. മേപ്പടിയാന്റെ ലൊക്കേഷനിൽ ചെല്ലുമ്പോൾ വീട്ടിൽ വന്നുകയറിയതുപോലെ തോന്നി. ബ്രേക്ക് സമയത്ത് ഞങ്ങൾ എല്ലാവരും ക്രിക്കറ്റ് കളിച്ചു. ലോക് ഡൗണിന് ശേഷം അഭിനയിക്കുന്ന ആദ്യ സിനിമയാണ് 'മേപ്പടിയാൻ". ഉണ്ണിയേട്ടനൊപ്പം കുറച്ചു കൂടി നേരത്തേ അഭിനയിക്കണമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.എന്നാൽ 'മേപ്പടിയാനിൽ "ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീൻ കുറവാണ്. ഒരുപാട് സിനിമകളിൽ ഒപ്പം അഭിനയിക്കണമെന്നുണ്ട്.സൗഹൃദങ്ങൾ ഏറെ കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാൻ. 'മേപ്പടിയാൻ" വരാൻ കാത്തിരിക്കുന്നു. ഏറെ പ്രതീക്ഷ നൽകുന്ന സിനിമയും കഥാപാത്രവും. ഉണ്ണിമുകുന്ദൻ എന്ന നല്ല സുഹൃത്തിനെ 'മേപ്പടിയാൻ" തന്നു.