ദക്ഷിണേന്ത്യൻ സൂപ്പർതാരം തമന്നയുമായി Exclusive അഭിമുഖം
തമന്നയെ ആദ്യമായി കാണുമ്പോൾ തന്നെ എല്ലാവരെയും ആകർഷിക്കുന്നത് അവരുടെ 'പാൽ" നിറവും നീണ്ടുമെലിഞ്ഞ് സുന്ദരമായ ശരീരപ്രകൃതിയുമാണ്. അലസതയും ക്ഷീണവും ഉള്ള മുഖത്തോടെ തമന്നയെ കാണാനാവില്ല. എപ്പോഴും ഊർജ്ജസ്വലയായ തമന്നയെ മാത്രമേ കാണാൻ കഴിയാറുള്ളൂ. ഇതിനു മുഖ്യകാരണം തമന്നയുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്. ഒരിക്കൽ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ.
''വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഞാൻ കൂടുതലും കഴിക്കാറുള്ളത്. കഴിയുന്നതും ഹോട്ടൽ ഫുഡ് ഒഴിവാക്കാറാണ് പതിവ്. വല്ലപ്പോഴും അധികം കലോറി ഉള്ള ഭക്ഷണം കഴിക്കേണ്ടിവന്നാൽ അതിനു സമമായി ജിമ്മിൽ വർക്കൗട്ട് ചെയ്യാറുണ്ട്. എന്നായിരുന്നു തമന്നയുടെ മറുപടി "
ശരീരം ഫിറ്റ് ആയി ഇരിക്കാനും, സൗന്ദര്യം നിലനിറുത്താനും തമന്ന ഫോളോ ചെയ്യുന്ന ഡയറ്റ് ചാർട്ട് എങ്ങനെയാണ് ?
പ്രശസ്ത ഡയറ്റിഷ്യൻ ആയ പൂജാ മഹിജാ തരുന്ന ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്. കാലത്തെ എഴുന്നേറ്റ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും കലർത്തിയ ജ്യൂസും വെള്ളത്തിൽ കുതിർത്ത 6 ബദാം പരിപ്പും കഴിക്കും. ഇതിനു പുറമേ പ്രാതലായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഇഡ്ഡലി, ദോശ എന്നിവ സാമ്പാർ, ചട്നി എന്നിവ കൂട്ടി കഴിക്കും. ഒരു കപ്പ് ചോറ് , ഒരു കപ്പ് പരിപ്പ് കറി, ഒരു കപ്പ് അധികം വേവിക്കാത്ത പച്ചക്കറികൾ എന്നിവയാണ് ഉച്ചഭക്ഷണം. രാത്രി ഭക്ഷണങ്ങൾ മുട്ടയുടെ വെള്ളക്കരു,കോഴിയിറച്ചി, കായ്കറികൾ എന്നിവ കഴിക്കും. ഇതുകൂടാതെ മൂന്നുലിറ്ററിൽ കുറയാതെ തണുത്ത വെള്ളം. നാര് സത്തുള്ള പഴ രസങ്ങൾ എന്നിവയും എന്റെ ഡയറ്റിൽ ഉൾപ്പെടും. പാസ്ത, ചോക്ലേറ്റ്സ്, ഐസ് ക്രീം, സ്നാക്സ് എല്ലാം എന്റെ ഫേവറിറ്റ് ആണെങ്കിലും ഞാൻ അതെല്ലാം ഒഴിവാക്കാറാണ് പതിവ്. ഇതിനു പുറമെ ജിമ്മിൽ വർക്കൗട്ടും ചെയ്യാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ജോഗിംഗ് ചെയ്യും. ഇതു ശരീരത്തിനു നല്ല എനർജി തരും. ഇതു കൂടാതെ യോഗയും ചെയ്യാറുണ്ട്.
സിനിമയിൽ 15 വർഷങ്ങൾ പൂർത്തിയാക്കി. ഫിറ്റ്നസ്, ഡയറ്റ് എന്നിവയിൽ ഇപ്പോഴും ശ്രദ്ധചെലുത്താറുണ്ടോ?
ഒരുപാട് സിനിമകളിൽ അഭിനയിക്കണം എന്നത് എന്റെ ലക്ഷ്യമായിരുന്നില്ല. ചെയ്യുന്ന സിനിമകൾ എണ്ണത്തിൽ കുറവാണെങ്കിലും എന്റെ കാരക്ടറിന് പ്രാധാന്യം ഉണ്ടാവണം എന്നതായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. അതിനനുസരിച്ചാണ് കഥാപാത്രങ്ങളെയും കഥയെയും സെലക്ട് ചെയ്തിരുന്നത്. കഠിനാദ്ധ്വാനിയായ ഒരു അച്ഛന്റെ മകളാണ് ഞാൻ. കഠിനാദ്ധ്വാനത്തിന് നിശ്ചയം ഫലം കിട്ടുമെന്ന് അച്ഛന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. അതേപോലെതന്നെ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായും ഞാൻ സിനിമയെ കണ്ടിട്ടില്ല. ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരു പ്രൊഫഷനാണ് സിനിമ. അതിനാലാണ് 2005-ൽ തുടങ്ങിയ എന്റെ സിനിമാ ജീവിതം ഇപ്പോഴും തുടരാൻ സാധിക്കുന്നത്. സിനിമയിൽ തുടർന്ന് നിലനിൽക്കണമെങ്കിൽ ഫിറ്റ്നസും എനർജിയും നിലനിർത്തണമെന്ന കാര്യത്തിൽ ദൃഢനിശ്ചയം ഉള്ളതിനാൽ അക്കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്.
സിനിമ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിശാലിയാണല്ലോ തമന്ന?
കുറച്ചൊക്കെ ശരിയാണ്. എനിക്ക് വന്ന പ്രോജക്ടുകളിൽ 'Yes " എന്നു പറഞ്ഞതിനേക്കാൾ 'No" പറഞ്ഞവയാണ് അധികം. സിനിമയിലേക്ക് വന്ന തുടക്കക്കാരി എന്ന നിലയിൽ നോ പറയുമ്പോൾ പല സംവിധായകർക്കും പരിഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഒപ്പം ഉണ്ടായിരുന്നവർക്കും സംശയം തോന്നിട്ടുണ്ട്. എന്നാൽ ഞാൻ അപ്പോൾ എടുത്ത തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്.
'Chand sa Roshan Chebra" എന്ന ഹിന്ദി സിനിമയാണ് എന്റെ ആദ്യ ചിത്രം. ഇൗ സിനിമയുടെ റി ലീസിനുശേഷം നിറയെ അവസരങ്ങൾ വന്നു. എന്നാൽ എനിക്ക് ഓഫർ വന്ന ചിത്രങ്ങൾ എല്ലാം തന്നെ ഗ്ളാമർ ഹൈലൈറ്റ് ചെയ്യുന്നതരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അതിനാൽ ആഓഫറുകളുകൾ എല്ലാം നിരാകരിച്ചു. ആ സമയത്താണ് തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നുള്ള ഓഫറുകൾ വന്നത്. 2005ൽ ശ്രീ എന്ന തെലുങ്ക് സിനിമയിലും അടുത്തവർഷം കൂലി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. ഈ രണ്ടു ചിത്രങ്ങളും അതത് ഭാഷകളിൽ എനിക്ക് നല്ല വരവേൽപ്പ് നൽകി. കേടി എന്ന തമിഴ് സിനിമയെ തുടർന്ന് തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷങ്കർ നിർമ്മിച്ച കല്ലൂരി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇൗ ചിത്രത്തിന്റെ വിജയം തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിതന്നു. ഇതിനുശേഷം ധനുഷിന്റെ കൂടെ 'പഠിക്കാത്തവൻ", സൂര്യയുടെ കൂടെ 'അയൻ", കാർത്തിയുടെ കൂടെ 'പയ്യാ", വിജയിന്റെ കൂടെ 'സുറാ" ജയംരവിയുടെ കൂടെ 'തില്ലാലങ്കടി", അജിത്തിന്റെ കൂടെ 'വീരം" തുടങ്ങിയവ എന്റെ കരിയറിൽ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്. ഇതിനോടൊപ്പം തന്നെ ചില തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ഇങ്ങനെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെലുങ്കിലെ ബ്രമാണ്ഡ സംവിധായകനായ രാജമൗലി തന്റെ ബാഹുബലി എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. രാജമൗലി ബാഹുബലിക്ക് മുൻപ് സംവിധാനം ചെയ്ത 'ഇൗഗ, മഹാധീര" തുടങ്ങിയ ചിത്രങ്ങൾ ഞാൻ പലതവണ കണ്ടിട്ടുണ്ട്. ആ ചിത്രങ്ങൾ കണ്ടപ്പോൾ മുതൽ അദ്ദേഹത്തിന്റെ സംവിധാനത്തിനുള്ള ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആ ആഗ്രഹം ബാഹുബലി 1, ബാഹുബലി 2 എന്നീ ചിത്രങ്ങൾ മൂലം നിറവേറുകയും , ലോകം മുഴുവനുമുള്ള ആരാധകരുടെ ആരാധനയ്ക്ക് പാത്രമാവാനുംകഴിഞ്ഞു. ഇതിനുശേഷം തെലുങ്കിൽ നാഗാർജ്ജുനാ, ചിരഞ്ജീവി, രവിതേജാ, തമിഴിൽ വിജയ് സേതുപതി, പ്രഭുദേവ, വിശാൽ, ചിമ്പു, വിക്രം തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചു.
ഹിന്ദി , തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ച തമന്ന എപ്പോഴാണ് മലയാളത്തിലേക്ക് വരുന്നത്?
ചില മലയാള സിനിമകളിൽ അഭിനയിക്കാൻ ഒാഫറുകൾ വന്നിരുന്നു. എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണത്താൽ ആ ഒാഫറുകളെല്ലാം നിരസിക്കേണ്ടിവന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് ഹീറോയായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ ചിത്രം നിരസിക്കേണ്ടിവന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു. കൊവിഡ് 19 മഹാമാരി വരുന്നതിനുമുൻപായി സന്ധ്യാമോഹൻ സംവിധാനം നിർവഹിക്കുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോണ്ടാക്ട് ചെയ്യുകയും അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക് ഡൗൺ പ്രഖ്യാപനം ഉണ്ടായത്. അതോടുകൂടി എല്ലാം താറുമാറായി. നല്ല കഥ, കഥാപാത്രം, സംവിധായകൻ എന്നിവ ഒത്തുവന്നാൽ മലയാളത്തിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്. മലയാളത്തിലെ ഇപ്പോഴത്തെ പ്രഗൽഭ നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി, പുതിയ തലമുറയിലെ ഹീറോകളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ, നിവിൻ പോളി തുടങ്ങിയവരുടെ കൂടെയൊക്കെ വർക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ കഥകൾക്കും കഥാപാത്രങ്ങൾക്കും പ്രാമുഖ്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. നല്ല അവസരം വരാൻ കാത്തിരിക്കുകയാണ് ഞാൻ,
നൃത്തം വളരെ ഇഷ്ടമാണ്. നൃത്തത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആരാണ്?
ഞാൻ പരിശീലനം നേടിയ നർത്തകിയല്ല. നൃത്തത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ മൂന്നു വ്യക്തികളുണ്ട്. ഋത്വിക് റോഷൻ, വിജയ്, പ്രഭുദേവ എന്നിവരാണ്. സിനിമയിൽ വന്ന സമയത്ത് വിജയ് യുടെ നൃത്തത്തിലെ പ്രാഗല്ഭ്യത്തെ കുറിച്ച് കേട്ട അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സുറ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചപ്പോഴാണ് എനിക്ക് അത് ശരിക്കും കണ്ടറിയാൻ സാധിച്ചത്. വിജയ് യുടെ കൂടെ നൃത്തം ചെയ്യണമെങ്കിൽ പരിശീലനം ആവശ്യമാണ്. അതുപോലെ തന്നെയാണ് പ്രഭുദേവയും. പ്രഭുദേവയുടെ കൂടെ ഞാൻ അഭിനയിച്ച ചിത്രമാണ് ദേവി. ഇൗ ചിത്രത്തിന്റെ കൊറിയോഗ്രാഫറും അദ്ദേഹം തന്നെയാണ്. ഇതിൽ കോക്ക മാക്ക കോക്ക എന്ന് തുടങ്ങുന്ന ഒരു ഗാനരംഗമുണ്ട്. പ്രഭുദേവ വളരെ വ്യത്യസ്തമായി കൊറിയോഗ്രാഫ് ചെയ്ത ഇൗ ഗാനരംഗത്തിൽ നൃത്തം ചെയ്യാൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. 15 ദിവസത്തെ പരിശീലനം . പ്രഭുദേവ അദ്ദേഹം വിചാരിക്കുന്ന തരത്തിലുള്ള മൂവ്മെന്റ്സ് വരുന്നതുവരെ പ്രാക്ടീസ് തന്നുകൊണ്ടിരിക്കും. ആ നൃത്തം എനിക്ക് പേരും പ്രശംസയും നേടിത്തരുകയും ചെയ്തു. എവിടെപ്പോയാലും എല്ലാവരും ആ നൃത്തത്തെപ്പറ്റി പുകഴ്ത്തി പറയാറുണ്ട്. ഞാൻ സിനിമയിലേക്ക് വരുന്നതിനുമുൻപ് സ്കൂളിൽ പഠിക്കുന്ന കാലംതൊട്ട് ആരാധനയോടെ നോക്കികണ്ടിരുന്ന ഒരു താരമാണ് ഋത്വിക് റോഷൻ. അദ്ദേഹത്തിന് സിനിമയോടും നൃത്തത്തോടുമുള്ള അർപ്പണബോധം എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. നൃത്തത്തിൽ എന്റെ റോൾ മോഡൽ ഋത്വിക്കാണ് . സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഋത്വികിനെ നേരിൽ കാണണം എന്ന ആഗ്രഹം എന്റെ ഉള്ളിൽ ഒളിഞ്ഞുകിടക്കുകയായിരുന്നു. ആ ആഗ്രഹം അടുത്തകാലത്താണ് സാധിച്ചത്. ഋത്വികിനെ നേരിൽ കണ്ടതിന്റെയും അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുത്തതിന്റെയും ത്രിൽ ഇന്നും എന്റെ മനസിൽനിന്നും പോയിട്ടില്ല. അത്രയ്ക്കും ഞാൻ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഋത്വിക് റോഷൻ.
ഇൗ പ്രശസ്തിയും ആരാധകവൃന്ദവും പ്രതീക്ഷിച്ചിരുന്നോ?
സിനിമാ പശ്ചാത്തലമില്ലാത്ത സാഹചര്യത്തിൽ നിന്നാണ് വന്നത്. എന്റെ ആദ്യത്തെ ഒന്നുരണ്ട് ചിത്രങ്ങൾ അത്രയ്ക്ക് പ്രശസ്തി തന്നില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശസ്തിയും ആരാധകരുമുണ്ടായത്. എന്നാൽ ഇൗ പ്രശസ്തി പ്രതീക്ഷിച്ചില്ല. മുബൈയിൽ നിന്നും സൗത്ത് ഇന്ത്യയിലേക്ക് വന്നപ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ മുംബയിലേക്ക് ചെന്നാൽ ഒരു സൗത്ത് ഇന്ത്യൻ പെണ്ണായിട്ടാണ് എന്നെ എല്ലാവരും കാണുന്നത്. അത്ര കണ്ട് ഞാൻ ഒരു തമിഴ് പെൺകുട്ടിയോ, തെലുങ്ക് പെൺകുട്ടിയോ ആയി മാറി എന്നാണ് അവർ പറയുന്നത്. ഇൗ ഐഡന്റിറ്റി കിട്ടിയതിന് കാരണം എന്റെ കർമ്മഫലം എന്നാണ് ഞാൻ കരുതുന്നത്. അതിൽ വളരെ സന്തുഷ്ടയാണ് ഞാൻ.
യഥാർത്ഥ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം ഏതാണ്?
വളരെ സാധാരണയായ ഒരു സ്ത്രീയാണ്. ജീവിതത്തിൽ മോഡേൺ എന്നതിന് എന്താണ് ശരിയായ അർത്ഥം എന്ന് എനിക്ക് അറിയില്ല. അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ അടങ്ങിയ എന്റെ കുടുംബവും ജീവിതരീതികളും വളരെ സാധാരണം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം സാരി തന്നെയാണ്. സാരി ധരിക്കുമ്പോൾ മനസിനുണ്ടാകുന്ന ആത്മവിശ്വാസം മറ്റുവേഷം ധരിക്കുമ്പോൾ എനിക്ക് കിട്ടാറില്ല.
സ്വപ്ന റോൾ ഏതാണ്?
ഡോക്ടറായി അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് ധർമ്മദുരൈ എന്ന തമിഴ് ചിത്രത്തിലൂടെ സാധിച്ചു. നൃത്ത പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിക്കുകയെന്നതാണ് എന്റെ സ്വപ്നം. അത് എപ്പോൾ നടക്കും എന്നറിയില്ല.
സിനിമ തന്ന സന്തോഷങ്ങൾ എന്തൊക്കെയാണ്?
നടി എന്ന വിലാസം തന്നെയാണ് പ്രധാന സന്തോഷം. എല്ലാ ജോലിക്കും അംഗീകാരം കിട്ടും, പക്ഷേ ഒരു നടി എന്ന നിലയിൽ പ്രേക്ഷകരിൽനിന്ന് കിട്ടുന്ന സ്നേഹം വളരെ വലുതാണ്. ഇങ്ങനെയുള്ള സ്നേഹം വേറെ ഒരു പ്രൊഫഷനിലും കിട്ടുമെന്ന് തോന്നുന്നില്ല. എന്നാൽ ആരാധകരുടെ ഇൗ അമിതമായ സ്നേഹം ചില സമയങ്ങളിൽ സങ്കടത്തിനും കാരണമാകാറുണ്ട്. ഒരു സാധാരണ പെണ്ണായി പുറത്തുപോകാനോ ചുറ്റിക്കറങ്ങാനോ സാധിക്കാറില്ല. നടി എന്ന നിലയിൽ അതിനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും കുറവാണ്.
പുതിയ സിനിമകൾ?
ഹിന്ദി 'ക്യൂൻ" തെലുങ്ക് റീമേക്ക് ദാറ്റീസ് മഹാലക്ഷ്മി, അന്ധാധൂൻ തെലുങ്ക് റീമേക്ക്, ഗുറുത്തൂണ്ടാ സീതക്കളം എന്നിവയാണ് വരാനുള്ളത്.
അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രമാണ് തമന്നയെ കണ്ട മലയാളി പ്രേക്ഷകർ കണ്ടിട്ടുളളൂ. മലയാളത്തിൽ എപ്പോഴാണ് വരിക എന്ന ചോദ്യത്തിന്
'ഞാനും അതിനുവേണ്ടി കാത്തിരിക്കുന്നു " എന്നതായിരുന്നു മറുപടി.