തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് കർശനനടപടികൾ സ്വകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി സെക്രട്ടറിയേറ്റ് ജീവനക്കാർ. സെക്രട്ടറിയേറ്റ് കാന്റീൻ തിരഞ്ഞെടുപ്പിന് കൂട്ടം കൂടിയാണ് സർക്കാർ നിർദ്ദേശങ്ങൾ ജീവനക്കാർ ലംഘിച്ചത്.
സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്താൻ ജീവനക്കാർ കൂട്ടം കൂടി നിൽക്കുന്നതിന്റെയും തിരക്ക് കൂട്ടുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തുന്നതിനായി പൊലീസ് പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റിലെ തന്നെ ജീവനക്കാർ കൂട്ടംകൂടിയത്.