'തകര'യിലെ സുഭാഷിണിയിലൂടെ ശ്രദ്ധേയയായ സുരേഖ പുതിയ തീരുമാനത്തിൽ
നാൽപ്പതുവർഷം മുൻപ് മദ്രാസ് നഗരം . ബാങ്ക് ഉദ്യോഗസ്ഥനായ പി.രാമറാവുവിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം. ആന്ധ്രയാണ് രാമറാവുവിന്റെ നാട്. ഭാര്യ റൂത്ത് കനകമ്മ സ്കൂൾ അദ്ധ്യാപിക. രാമറാവു തന്റെ ആഗ്രഹം സഫലീകരിച്ചത് മകളിലൂടെയാണെന്ന് മാത്രം. രാമറാവുവിന്റെയും റൂത്ത് കനകമ്മയുടെയും മകൾ സുരേഖ എന്ന പേരിൽ മലയാളിക്ക് പരിചിത. പദ്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത എക്കാലത്തെയും മാസ്റ്റർ പീസ് 'തകര"യിലെ സുഭാഷിണിയെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. നാല്പത് വയസ് പിന്നിടുന്നു തകരയുടെ ഓർമ്മകൾക്ക് . മൂന്നു ഭാഷകളിൽ അഭിനയിച്ച് സുരേഖ അറിയപ്പെട്ടു. മലയാളത്തിൽ എത്രയോ സിനിമകളിൽ നമ്മൾ സുരേഖയെ കണ്ടു. ഡോ. ശ്രീനിവാസനെ വിവാഹം കഴിച്ച സുരേഖ കുടുംബിനിയായതാണ് പിന്നത്തെ വിശേഷം. എന്നാൽ പത്തൊൻ പതുവർഷ മായി ഇരുവരും അകന്നുകഴിയുകയാണ്. പൃഥ്വിരാജിന്റെ മാസ്റ്റേഴ്സിൽ അഭിനയിച്ചാണ് സിനിമയിൽ തിരിച്ചു വരവ്. എന്നാൽ മൂന്നു വർഷമായി സുരേഖ അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്.അഭിനയ ജീവിതത്തിൽ ഇതിനു മുൻപും ഇടവേള ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനി ഇടവേള തുടരും.ചെന്നൈയിലെ വീട്ടിൽ മകൾ കാതറിനൊപ്പമുണ്ട് സുരേഖ . ''അഭിനയം ജീവിതം മടുത്തു.എന്നന്നേക്കുമായി ഉപേക്ഷിച്ചു .ഇപ്പോഴും അഭിനയിക്കാൻ അവസരമുണ്ട്. ഇനി താത്പര്യവുമില്ല. മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. ഒഴിവുസമയത്ത് പ്രാർത്ഥനയിൽ മുഴുകും.എല്ലാം ദൈവ ഹിതമെന്ന് കരുതുന്നു. വിജയങ്ങൾ, പരാജയങ്ങൾ എന്നിവയെപ്പറ്റി ചിന്തിക്കാറുണ്ട്. ജീവിതത്തെപ്പറ്റിയും. ""സുരേഖ പറഞ്ഞു.
'തകര"യിലെ സുഭാഷിണിയായി സുരേഖയെ
മലയാളികൾ ഇപ്പോഴും കാണുന്നു?
പദ്മരാജൻ സാറും ഭരതൻ സാറും നൽകിയ കഥാപാത്രമാണ് സുഭാഷിണി. അതിനാൽ ആ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത ഒരിക്കലും നഷ്ടപ്പെടില്ല. എന്നെ കാണുമ്പോൾ ആളുകൾക്ക് സുഭാഷിണിയെ ഓർമ്മവരും. തകരയെ ഓർമ്മ വരും. ചെല്ലപ്പനാശാരിയെ ഓർമ്മ വരും. നാല്പതുവർഷം പിന്നിടുമ്പോഴും സുഭാഷിണിയെ മറന്നില്ലെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.എന്നാൽ ഞാൻ ഒരു അഭിനേത്രിയായിരുന്നെന്ന് പോലും ഇപ്പോൾ ഒാർക്കാറില്ല.
സിനിമ എങ്ങനെയാണ് മുൻപിൽ വരുന്നത്?
ഡാഡിയുടെ സഹോദരൻമാരിൽ ഒരാൾ സംവിധായകനും മറ്റൊരാൾ അക്കാലത്ത് തെലുങ്ക് സിനിമയിലെ പ്രശസ്തനായ നിർമ്മാതാവുമാണ്. അമ്മാവൻ ഉലിലപ്പാട്ടി വിശ്വേശ്വരറാവു നിർമ്മാണ രംഗത്ത് .നാഗാർജുനയുടെ അച്ഛൻ അക്കിനേനി നാഗേശ്വരറാവുവിന്റെ കൂടെ ഡാഡി നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ നല്ല അവസരം ലഭിച്ചില്ല.എന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ ഡാഡി ആഗ്രഹിച്ചു. എനിക്ക് തീരെ താത്പര്യം ഉണ്ടായില്ല. എന്നാൽ അപ്രതീക്ഷിതമായി 'കരുണാമയിഡു" തെലുങ്ക് ചിത്രത്തിൽ കന്യാമറിയത്തിന്റെ വേഷം ചെയ്യാൻ അവസരം ലഭിച്ചു. മേക്കപ്പ് ടെസ്റ്ര് നടത്തി ഫോട്ടോ കണ്ടപ്പോൾ സംവിധായകൻ ഭീംസിംഗ് സാറിന് ഇഷ്ടപ്പെട്ടു. സംവിധായകൻ മനസിൽ കണ്ട അതേ രൂപം. 252 കുട്ടികളെ മേക്കപ്പ് ടെസ്റ്റ് നടത്തിയിട്ടും ഭീം സിംഗ് സാറിന് ഇഷ്ടപ്പെട്ടില്ല. അന്ന് ഞാൻ ഒൻപതാം ക്ളാസിൽ പഠിക്കുകയാണ്. രണ്ടാമത് സിനിമയായ 'തകര" ജീവിതം മാറ്റി.
മലയാളത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ശ്രദ്ധേയനായികയാവാൻ കഴിയാതെ പോയി?
ആളുകളുടെ മനസിൽ സുഭാഷിണി ഉറച്ചുപോയി. അതിൽ നിന്നു പുറത്തുകടക്കാൻ കഴിഞ്ഞില്ല. ഈ നാടിലെ ചെമ്പകത്തിനെതടാകത്തിലെ സുലേഖയെ നവംബറിന്റെ നഷ്ടത്തിലെ അംബികയെ അവതരിപ്പിച്ചപ്പോഴും സുഭാഷിണിയുമായി താരതമ്യം ചെയ്തു. നഗരത്തിൽ ജീവിക്കുന്ന പെൺകുട്ടിയുടെ വേഷത്തിൽ വന്നാൽ എന്നെ കാണാൻ പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. സുഭാഷിണിക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രം ലഭിക്കാതെ പോയി.
ഐ.വി. ശശിയുടെ സിനിമകളിൽ സ്ഥിരംസാന്നിദ്ധ്യമായിരുന്നില്ലേ ?
അനുയോജ്യമായ കഥാപാത്രങ്ങൾ ശശി സാറിന്റെ സിനിമകളിൽ ഉണ്ടായതാവാം കാരണം. ഈ നാട്, തടാകം, ഇന്നല്ലെങ്കിൽ നാളെ,അങ്ങാടി, സിന്ധൂര സന്ധ്യയ്ക്ക് മൗനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ആ സിനിമകളിലൂടെ സീമചേച്ചി നല്ല സുഹൃത്തായി മാറി.മികച്ച കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിലും ശശിസാറിന്റെ കുറേ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ജിയോ മൂവീസ് കുട്ടപ്പൻ സാർ നിർമ്മിച്ച മിക്ക സിനിമയിലും അഭിനയിച്ചു. കന്യാമറിയത്തിന്റെ വേഷമാണ് അഭിനയജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയത്. സിനിമ കണ്ടവർ എന്നെ കന്യാമറിയമായി കണ്ടു.തകരുടെ നിർമാതാവ് ബാബു അങ്കിളും ഭാര്യ നിർമ്മല ആന്റിയും വിളിക്കാറുണ്ട്. ഒരു മകളുടെ സ്നേഹം തരുന്നു അവർ.
മകൾക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടോ?
അമ്മ സിനിമ നടിയാണെന്ന് പത്തു വയസ് വരെ കാതറിന് അറിയില്ലായിരുന്നു. സിനിമയിൽ മികച്ച അഭിനയം അമ്മ കാഴ്ചവച്ചിട്ടുണ്ടെന്ന് ഒരിക്കൽ ചെന്നൈയിൽ വച്ച് ജയറാമും മണിയൻപിള്ള രാജുവും പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. കാതറിന് സിനിമയോട് താത്പര്യമില്ലായിരുന്നു. ഇപ്പോൾ അതു മാറി. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽനിന്ന് അവസരം വരുന്നുണ്ട്.അഭിനയിക്കണോ വേണ്ടയോ എന്നു അവൾ തീരുമാനിക്കട്ടെ. മകൾ ചെയ്യുന്ന നല്ലതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അമ്മ എന്ന നിലയിൽ എന്റെ കർത്തവ്യം. ബയോടെക്നോളജിയിൽ ബിരുദം പഠനം കഴിഞ്ഞു കാതറിൻ.
രാമറാവുവിന്റെയും റൂത്ത് കനകമ്മയുടെയുംമകൾ സുരേഖ. ചെറുമകൾ കാതറിൻ?
ഞങ്ങൾ ക്രിസ്ത്യാനികളാണ്. ഡാഡി ക്രിസ്തുമതം സ്വീകരിച്ച ആളാണ്. സുരേഖ ക്രിസ്ത്യൻ പേരല്ലെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് ഞാൻ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. സഹോദരൻ നവീൻ. മകൾ ജനിച്ചപ്പോൾ അനുയോജ്യമായ പേര് ഇട്ടു. സുരേഖ എന്തൊരു പേര് എന്നു കാതറിൻ ഇപ്പോൾ ചോദിക്കുന്നു