money

ന്യൂഡൽഹി : കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധി തീർത്ത അവസ്ഥ വളരെ വേഗത്തിൽ രാജ്യം തരണം ചെയ്യുന്നതായി സാമ്പത്തിക സർവെ. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ വച്ച സാമ്പത്തിക സർവെയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വരുന്ന സാമ്പത്തിക വർഷം രാജ്യം പതിനൊന്ന് ശതമാനം വളർച്ച കൈവരിക്കുമെന്നും സർവെ പ്രവചിക്കുന്നു. ഇത് സാദ്ധ്യമായാൽ അതിവേഗത്തിൽ വി ഷേപ്പിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് കരുതാം. 7.7ശതമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച എത്തിച്ചേരുമെന്നാണ് സാമ്പത്തിക സർവേയിൽ പറയുന്നത്. കൊവിഡ് ഏൽപ്പിച്ച സാമ്പത്തിക ബാദ്ധ്യതകളാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്നത്.

കൊവിഡ് മഹാമാരി ഇന്ത്യയെ മാത്രമല്ല ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ മോശമായി ബാധിച്ചു. തൊണ്ണൂറ് ശതമാനത്തോളം രാജ്യങ്ങളുടെ വളർച്ചയെ ഇത് ദോഷകരമായി ബാധിച്ചു. അടുത്ത തിങ്കളാഴ്ചയാണ് ബഡ്ജറ്റ് അവതരണം. ഇതിന് മുന്നോടിയായുള്ള സാമ്പത്തിക സർവെ സഭയിൽ വച്ചതോടെ പാർലമെന്റ് പിരിഞ്ഞു.

അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തോടെ രാജ്യം കൊവിഡ് മുക്തമാവുമെന്നും, വിമാന സർവീസുകൾ മുൻപത്തെ പോലെ സാധാരണ നിലയിലേക്ക് എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്വകാര്യ തീവണ്ടി സർവീസുകൾ വ്യാപകമാക്കുമെന്ന സൂചനയും സാമ്പത്തിക സർവേ നൽകുന്നുണ്ട്. 2023 24 സാമ്പത്തിക വർഷത്തിൽ സ്വകാര്യ തീവണ്ടികൾ രാജ്യത്ത് ഓടിത്തുടങ്ങും, ഇതിനായുള്ള ലേലം ഇവരുന്ന സാമ്പത്തികവർഷത്തിൽ ആരംഭിക്കും.

പൊതുമേഖല ബാങ്കുകളുടെ മൂലധനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന സൂചനയും സാമ്പത്തിക സർവേ റിപ്പോർട്ടിൽ നൽകുന്നുണ്ട്. നിലവിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ വിഹിതത്തിൽ അറുപത് ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണ്. വരുന്ന സാമ്പത്തിക വർഷം ശുഭസൂചകമാണ്, എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്.