male-infertility

പാരീസ്: ശ്വാസകോശത്തിനെ ഗുരുതരമായി ബാധിക്കുന്ന കൊവിഡ് രോഗം മൂലം പുരുഷന്മാരിൽ പ്രത്യുൽപാദന ശേഷിയിലും കുറവുണ്ടാകുമെന്ന് പഠനം. ബീജങ്ങൾ നശിക്കാനും, ഓക്‌സിഡേ‌റ്റീവ് സ്‌ട്രെസ് എന്ന ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കുഴപ്പമുണ്ടാകാനും, പഴുപ്പ് ഉണ്ടാകാനും കൊവിഡ് കാരണമാകുമെന്ന് ജർമ്മനിയിലെ ജസ്‌റ്റസ് ലീബിഗ് സർവകലാശാലയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.എന്നാൽ എത്രത്തോളം പ്രത്യുൽപാദന ശേഷിയെ ഇത് ബാധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. മുതിർന്നവരിലും വിവിധ രോഗങ്ങൾക്ക് ചികിത്സയുള‌ളവ‌ർക്കുമാണ് കൊവിഡ് മൂലം കൂടുതൽ കുഴപ്പങ്ങളുണ്ടാകുക.

പത്ത് കോടിയിലേറെപ്പേർക്കാണ് ലോകമാകെ കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശം, ഹൃദയം, വൃക്ക, കുടൽ എന്നിവയുടെ പ്രവർത്തനത്തിന് കൊവിഡ് മൂലം കുഴപ്പങ്ങളുണ്ടാകുന്നു. രോഗം ബാധിച്ച 84 പേരിലും ആരോഗ്യവാന്മാരായ 105 പേരിലും 60 ദിവസത്തെ ഇടവേളയിലാണ് സംഘം പഠനം നടത്തിയത്. രോഗം ബാധിച്ചവരിൽ ഓക്‌സിഡേ‌റ്റീവ് സ്‌ട്രെസ് വർദ്ധിച്ചതായും പഴുപ്പും ശരീരത്തിലെ രാസഘടകങ്ങളിൽ വലിയ അസന്തുലിതാവസ്ഥയും ശ്രദ്ധയിൽ പെട്ടു. ഇതുമൂലം ഇവരുടെ ഡിഎൻഎയിൽ നാശമുണ്ടാകാനും ശരീരത്തിലെ പ്രോട്ടീനുകൾക്ക് മാ‌റ്റമുണ്ടാകാനും ഇടയാകുന്നതായും കണ്ടെത്തി. ബെഹ്സാത് ഹജിസദേഹ് മലേകിയാണ് ഈ പഠനങ്ങൾക്ക് നേതൃത്വം നൽകിയത്.