k-

കേരളം അതിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തിലാണ് . സംസ്ഥാനത്തിന്റെ ഭാവിനിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് തൊട്ടു മുന്നിൽ. എല്ലാം ശരിയാക്കുമെന്ന മോഹനവാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതു സർക്കാർ എന്തൊക്കെയാണ് ഈ അഞ്ചു വർഷവും കാട്ടിക്കൂട്ടിയത്? ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹപരമായ സ്വർണക്കടത്തുകാരുടെ താവളമായി മാറുമെന്നോ മുഖ്യമന്ത്രിയുടെ സർവശക്തനായ പ്രിൻസിപ്പൽ സെക്രട്ടറി അകത്താവുമെന്നോ നമുക്ക് സ്വപ്‌നത്തിലെങ്കിലും സങ്കല്പിക്കാനാവുമോ? ഭരണഘടനാപദവി വഹിക്കുന്ന മറ്റൊരു പ്രമാണി ഡോളർ കടത്തിൽ കുരുക്കിലാവുമെന്നും നാം കരുതിയോ? ഭരണത്തിന് നേതൃത്വം നല്‍കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്നു കച്ചവടത്തിന് പിടിയിലാവുമെന്നും നാം കരുതിയോ? ഇവയൊന്നും നമ്മുടെ ദു:സ്വപ്‌നങ്ങളിൽ പോലും സങ്കല്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. പക്ഷേ ഇവയല്ലാം ഈ കേരളത്തിൽ ഈ സർക്കാരിന്റെ കാലത്ത് നടന്നു.

എന്നിട്ട് അന്വേഷണം അട്ടിമറിക്കാൻ പരിപാവനമായ നിയമസഭ ഉൾപ്പടെയുള്ള ഭരണഘടനാ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ നഗ്നമായ പകൽ കൊള്ളയെക്കുറിച്ചുള്ള അന്വേഷണം തടയാൻ പൊതുജനങ്ങളുടെ പണമെടുത്ത് കോടതിയിൽ പോകുന്നു.
കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുന്നു എന്ന് വിലപിക്കുന്ന സംസ്ഥാന സർക്കാർ അതേ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് വൈരുദ്ധ്യം. അഞ്ചുവർഷവും മൂന്ന് പൊലീസ് മേധാവികളെക്കൊണ്ട് അന്വേഷിപ്പിക്കുകയും തലനാരിഴ കീറി പരിശോധിക്കുകയും ചെയ്തിട്ടും കഴമ്പെന്തെങ്കിലും കണ്ടെത്താൻ കഴിയാതിരുന്ന സോളാർ കേസാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സി.ബി.ഐയ്ക്ക് വിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സോളാർ കേസ് പൊടിതട്ടിയെടുത്ത് ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാമെന്നാണോ കരുതുന്നത് ?

പിണറായി സർക്കാർ കേരളത്തിന് ബാദ്ധ്യതയും ആപത്തുമായി മാറിയിരിക്കുന്നു. ഈ ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച് ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കുന്നതിനു വഴിയൊരുക്കാനുള്ള യാത്രയാണ് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കാസർകോട്ട് ആരംഭിക്കുന്നത്. കേരളത്തിന്റെ മനസിനെ തൊട്ടുണർത്തി ഫെബ്രുവരി 22ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കേരളത്തിന്റെ മോചനത്തിനുള്ള കാഹളമായി അത് മാറും.


ഡിസ്റ്റിലറി ബ്രൂവറി
ശാസ്ത്രീയമായി അഴിമതി നടത്തിയ സർക്കാരാണിത്. ഭരണ മുന്നണിയോ മന്ത്രിസഭയോ അറിയാതെ അതീവ രഹസ്യമായി സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാൻ അനുമതി നൽകിയതിൽ തുടങ്ങുന്നു ആ അഴിമതിക്കഥകൾ. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റിൽപ്പറത്തിയ ആ നീക്കം പ്രതിപക്ഷം പൊളിച്ചു. സ്‌പ്രിംഗ്ളർ ഇടപാട് മറ്റൊരു മികച്ച ഉദാഹരണം. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ജനങ്ങൾ ഭയചകിതരായി വിറങ്ങലിച്ചു നിൽക്കുമ്പോൾ അതുതന്നെ അവസരമെന്ന മട്ടിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കുത്തക കമ്പനിക്ക് മറിച്ചു വിൽക്കാൻ നടത്തിയ ഹീനശ്രമമായിരുന്നു അത്. പ്രതിപക്ഷം അതും പുറത്തു കൊണ്ടുവന്നു. അതോടെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സൈബർ ഗുണ്ടകളും പ്രതിപക്ഷ നേതാവിനെതിരെ നടത്തിയ വ്യക്തിഹത്യാ ശ്രമങ്ങൾ കേരളം മറന്നിട്ടില്ല.

ലൈഫും മസാലാ ബോണ്ടും

പ്രളയ ബാധിതർക്ക് വീടുവച്ചു നല്‍കാനായി വിദേശസഹായമായി ലഭിച്ച 20 കോടിയുടെ പദ്ധതിയിൽ ഒൻപത് കോടിയും കമ്മിഷനായാണ് പോയത്. വിവാദമായ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ബന്ധമുള്ള മസാലാ ബോണ്ട് ഇടപാടിലാകട്ടെ ഭരണഘടനാ ലംഘനം നടന്നെന്ന സി.എ.ജി റിപ്പോർട്ട് നിയമസഭയിലെ ഭൂരിപക്ഷമുപയോഗിച്ച് നീക്കം ചെയ്യുക എന്ന അതിസാഹസത്തിനും തയ്യാറായി.
ട്രാൻസ് ഗ്രിഡ് അഴിമതി, പമ്പാ മണൽകടത്ത്, ബെവ്ക്യൂ ആപ്പ്, കെ - ഫോണിന്റെയും കെ-റെയിലിന്റെയും മറവിലുള്ള കൺസൾട്ടൻസി തട്ടിപ്പുകൾ...അഴിമതിയുടെ വലിയ പട്ടിക നീളുകയാണ്.

പിൻവാതിൽ നിയമന മേള
ലക്ഷക്കണക്കിന് യുവാക്കൾ ഒരു ജോലിക്കായി കാത്തിരിക്കുമ്പോൾ പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്താൻ കൺസൾട്ടൻസിയെ വച്ച സർക്കാരാണിത്. കൊവിഡ് കാലത്ത് നിയമനങ്ങൾ നടക്കാതെ നൂറിലേറെ പി.എസ്.സി ലിസ്റ്റുകളാണ് റദ്ദാക്കപ്പെട്ടത്. രാത്രി പകലാക്കി ഉറക്കമിളച്ച് പഠിച്ച് റാങ്ക് ലിസ്റ്റുകളിൽ എത്തിയവർ കണ്ണീരും കയ്യുമായി അലയുകയും ആത്മഹത്യ ചെയ്യുകയും ചെയ്തപ്പോൾ സ്വപ്ന സുരേഷിനെപ്പോലുള്ളവർ യോഗ്യതയൊന്നുമില്ലാതെ സർവീസിൽ വൻ ശമ്പളത്തിൽ കയറിപ്പറ്റി. ഒരു ലക്ഷത്തിപതിനേഴായിരം താത്‌കാലിക നിയമനങ്ങൾ നടത്തിയെന്നാണ് വിവരാവകാശ നിയമപ്രകാരം സർക്കാർ തന്നെ വെളിപ്പെടുത്തിയത്.

വികസനരംഗം സ്തംഭനത്തിൽ
വികസന രംഗത്ത് പൂർണമായ സ്തംഭനമാണ് കഴിഞ്ഞ അഞ്ച് വർഷവും അനുഭവപ്പെട്ടത്. ഈ സർക്കാർ ആവിഷ്‌‌കരിച്ച് പണി പൂർത്തിയാക്കിയ ഒരൊറ്റ വൻകിട പദ്ധതിയില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആവിഷ്‌‌കരിക്കുകയും പണി ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നടത്തി ഞെളിയുക മാത്രമാണ് ഈ സർക്കാർ ചെയ്തത്. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം മുതൽ ഈയിടെ കൊട്ടുംകുരവയുമായി ഉദ്ഘാടനം ചെയ്ത കൊച്ചിയിലെ മേല്പാലങ്ങളും ആലപ്പുഴ ബൈപ്പാസും വരെയുള്ളവയുടെ കഥ അതാണ്. വ്യവസായങ്ങൾ കൊണ്ടുവരാനെന്ന പേരിൽ മുഖ്യമന്ത്രിയും സംഘവും 27 വിദേശ രാജ്യങ്ങൾ ചുറ്റിയടിച്ചില്ലേ? ലക്ഷക്കണക്കിന് കോടിയുടെ വ്യവസായങ്ങൾ വരുന്നു എന്നല്ലേ പ്രഖ്യാപിച്ചത്. എന്തെങ്കിലും വന്നോ? ജപ്പാനിൽ നിന്ന് 200 കോടിയുടെ നിക്ഷേപം വരുന്നു എന്നാണ് അന്ന് പറഞ്ഞത്. അത് എവിടെ?

എവിടെ പുതിയ കേരളം?

2018 -ൽ മഹാപ്രളയം സംസ്ഥാനത്തെ വിഴുങ്ങിയപ്പോൾ കേരളത്തെ പഴയ നിലയിലാക്കുമെന്നല്ല പുതിയ കേരളം സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചത്. റീ ബിൽഡ് കേരളയ്ക്കായി കഴിഞ്ഞ ബഡ്ജറ്റുകളിൽ ആയിരംകോടി വീതം വകയിരുത്തിയെങ്കിലും ഒരു പൈസ ചെലവാക്കിയില്ല. ലോകബാങ്കിൽ നിന്ന് കിട്ടിയ ലോണും മറ്റു കാര്യങ്ങൾക്ക് ധൂർത്തടിച്ചു. കേരളത്തെ കടത്തിൽ മുക്കി എന്നതാണ് ഈ സർക്കാരിന്റെ നേട്ടം. ഒന്നരലക്ഷം കോടിയായിരുന്നു അധികാരമേല്‌ക്കുമ്പോഴത്തെ ആകെ കടബാധ്യത. അതിപ്പോൾ മൂന്ന് ലക്ഷം കോടി കവിഞ്ഞു

കൊവിഡ് നിയന്ത്രണം കെെവിട്ടു
കൊവിഡ് നിയന്ത്രണത്തിൽ കേരളം ലോകത്തിന് മാതൃകയെന്നാണ് വീമ്പിളക്കിയിരുന്നത്. പക്ഷേ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണനിരക്കിലും കേരളമാണ് ഒന്നാമത്. വാർത്താസമ്മേളനം മാത്രം നടത്തിയതു കൊണ്ട് വൈറസിനെ പിടിച്ചു കെട്ടാനാവില്ല.

വർഗീയത ഇളക്കിവിടുന്നു

ഇപ്പോഴാകട്ടെ പച്ചയായ വർഗീയത പറഞ്ഞ് കേരളീയരെ ഭിന്നിപ്പിച്ച് ജയിക്കാനാവുമോ എന്നാണ് ഇടതുമുന്നണി നോക്കുന്നത്. മുസ്ളിം ലീഗിനെ വർഗീയ ചുവയോടെ ആക്രമിക്കുന്നതിന്റെ ഉദ്ദേശ്യം കേരളീയർക്ക് മനസിലാവും. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള ഈ നീക്കം അപകടകരമാണ്. ഇക്കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്.