ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ യു.എ.ഇയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ് - ലണ്ടൻ സർവീസുകളെ ബാധിക്കുന്ന തീരുമാനമാണിത്. വെള്ളിയാഴ്ച മുതൽ ബ്രിട്ടനിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സടക്കമുള്ള വിമാനകമ്പനികളും അറിയിച്ചിട്ടുണ്ട്. അതേസമയം, യു.എ.ഇയിലുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് മറ്റു രാജ്യങ്ങൾ വഴി ബ്രിട്ടനിലേക്ക് പ്രവേശിക്കാം. ഇവർക്ക് പത്ത് ദിവസം നിർബന്ധിത ഹോം ക്വാറന്റൈനുണ്ട്.
യു.എ.ഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളേയും കൊവിഡ് യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.
യാത്രാനിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദർശക വിസ സൗജന്യമായി നീട്ടി നൽകുമെന്ന് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യു.എ.ഇയിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതേ തുടർന്ന് രാജ്യത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദുബായിലേക്ക് പ്രവേശിക്കുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാണെന്ന് ഉത്തരവും ഇറക്കിയിട്ടുണ്ട്.