വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് നടി സിസെലി ടൈസൺ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടിയുടെ മാനേജരായ ലാറി തോംസനാണ് മരണവാർത്ത പുറത്തുവിട്ടത്. 1956ൽ പുറത്തിറങ്ങിയ കാരിബ് ഗോൾഡ് എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് സിസെലി ഹോളിവുഡിലെത്തുന്നത്. തുടർന്ന്, നിരവധി സിനിമകളിൽ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച സിസെലി 1970ൽ പുറത്തിറങ്ങിയ സൗണ്ടർ എന്ന ചിത്രത്തിലൂടെ പ്രസിദ്ധയായി. സൗണ്ടറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കർ നാമനിർദ്ദേശം നേടിയിരുന്നു.ദ ഹെൽപ്, വിഡോ ടെൽസ് ഓൾ, ഹൂഡ്‌ലം, ഡയറി ഒഫ് എ മാഡ് ബ്ലാക്ക് വുമൺ, ദ ഓട്ടോബയോഗ്രഫി ഒഫ് മിസ് ജെയിൻ പിറ്റ്മാൻ, ദ ബ്ലൂ ബേഡ്, അലക്‌സ് ക്രോസ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. 2020ൽ പുറത്തിറങ്ങിയ എ ഫാൾ ഫ്രം ഗ്രേസാണ് അവസാന ചിത്രം. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.
ലോക സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്കുള്ള ആദരസൂചകമായി 2018ൽ ഓണററി ഓസ്‌കർ പുരസ്‌കാരം ലഭിച്ചു.
മൂന്ന് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങളും നാല് ബ്ലാക്ക് റീൽ പുരസ്‌കാരങ്ങളും ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്‌കാരവും നേടി. മൂന്ന് തവണ വിവാഹം കഴിച്ചെങ്കിലും, പിന്നീട് വിവാഹമോചിതയായി. തനിയ്ക്ക് ഒരു മകളുണ്ടെന്ന് സിസെലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സിസെലി തയ്യാറായിരുന്നില്ല.