nirmala

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത സാമ്പത്തിക വർഷം (2021-22) 11 ശതമാനം വളരുമെന്ന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. 1991ന് ശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാകുമിത്. കാർഷിക മേഖലയുടെ മുന്നേറ്റം, കേന്ദ്ര ഉത്തേജകപദ്ധതികൾ, വാക്‌സിൻ വിതരണം എന്നിവയാണ് ഇംഗ്ളീഷിലെ 'വി" ആകൃതിപോലെയുള്ള വളർച്ചയ്ക്ക് ഊർജമാകുക.

നൂറ്റാണ്ടിന്റെ പ്രതിസന്ധിയായ കൊവിഡും ദേശീയ ലോക്ക്ഡൗണും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. നടപ്പുവർഷം (2020-21) പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച നെഗറ്റീവ് 7.7 ശതമാനമാണ്. കഴിഞ്ഞ നാലുപതിറ്റാണ്ടത്തെ ഏറ്റവും മോശമാണിത്.

കൃഷിയാണ് കരുത്ത്

കൊവിഡിൽ തളരാതെ കുതിക്കുന്ന കാർഷികമേഖലയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തളരാതെ പിടിച്ചുനിറുത്തുന്നത്. സർക്കാർ‌ ഉപഭോഗം, കയറ്റുമതി എന്നിവയുടെ തിരിച്ചുകയറ്റവും ആശ്വാസമാണ്. മാനുഫാക്‌ചറിംഗ്, നിർമ്മാണം, സേവന മേഖലകൾ തളരും.

 ഊർജം, സ്‌റ്റീൽ, ജി.എസ്.ടി സമാഹരണം, റെയിൽവേ ചരക്കുനീക്കം, ഇ-വേ ബില്ലുകൾ എന്നിവ മെച്ചപ്പെട്ടത് ആശ്വാസമാണ്.

ധനക്കമ്മി പരിധിവിടും;

കറന്റ് അക്കൗണ്ടിൽ നേട്ടം

കേന്ദ്രത്തിന്റെ വരവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി ജി.ഡി.പിയുടെ മൂന്ന് ശതമാനത്തിൽ നിയന്ത്രിക്കണമെന്നാണ് നിയമം. നടപ്പു ബഡ്‌ജറ്റിലെ ലക്ഷ്യം 3.5 ശതമാനമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് 7.5 ശതമാനം വരെ എത്തുമെന്ന സൂചന സാമ്പത്തിക സർവേ നൽകുന്നു.

അതേസമയം, വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി 2002-03ന് ശേഷം ആദ്യമായി നടപ്പുവർഷം കറന്റ് അക്കൗണ്ട് സർപ്ളസ് ആകുമെന്നാണ് വിലയിരുത്തൽ; രണ്ടു ശതമാനമാണ് പ്രതീക്ഷ.

 വിദേശ മൂലധന നിക്ഷേപം (എഫ്.പി.ഐ), നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ), വിദേശ നാണയ ശേഖരം എന്നിവയിലെ വർദ്ധനയും കയറ്റുമതിയിലെ ഉണർവുമാണ് നേട്ടമാകുന്നത്.

ആരോഗ്യത്തിൽ

ശ്രദ്ധിക്കണം

ആരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയും സർവേ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഈ രംഗത്ത് നിയന്ത്രണവും മേൽനോട്ടവും വേണം. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണം.

 നിലവിൽ ജി.ഡി.പിയുടെ ഒരു ശതമാനമാണ് ഇന്ത്യ ആരോഗ്യരംഗത്ത് ചെലവിടുന്നത്. ഇതു 3 ശതമാനമാക്കണം

 പരിരക്ഷ ഉയർത്താനും നടപടി വേണം.

നികുതിവരുമാനം പൊലിഞ്ഞു:

ഓഹരി വിറ്റൊഴിയലും പാളി

നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കേന്ദ്രം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടത്. എന്നാൽ, ഇതുവരെ കിട്ടിയത് വെറും 15,220 കോടി രൂപ. ഏപ്രിൽ-നവംബറിൽ സ‌ർക്കാരിന്റെ നികുതി വരുമാനം 12.6 ശതമാനം ഇടിഞ്ഞ് 10.26 ലക്ഷം കോടി രൂപയിലും ഒതുങ്ങി.

ചൈനയെ പിന്തള്ളാൻ

ഗവേഷണം, വികസനം, ഇന്നൊവേഷൻ എന്നിവയ്ക്ക് കൂടുതൽ പ്രോത്സാഹനവും നിക്ഷേപവും നൽകിയാൽ മാത്രമേ ചൈനയെ പിന്തള്ളാനാകൂ എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

 ക്രെഡിറ്റ് റേറ്റിംഗിൽ ആശങ്കപ്പെടാതെ ഇതിനായി സാമ്പത്തിക നയങ്ങൾ രൂപീകരിക്കണം

 സമ്പദ്‌വ്യവസ്ഥയ്ക്കുമേലുള്ള അമിതനിയന്ത്രണത്തിൽ അയവുവരുത്തണം

കേരളം മുന്നിൽ

ജനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യ ലഭ്യതയിൽ കേരളം മുന്നിലാണെന്ന് സർവേ പറയുന്നു. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസേവനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവ മുന്നേറിയത്. ബംഗാൾ, ഒഡീഷ, ത്രിപുര, ജാർഖണ്ഡ് എന്നിവ ഏറ്റവും പിന്നിലാണ്.

താലി ഊണിന് വിലയെത്ര?

കഴിഞ്ഞവർഷത്തെ സാമ്പത്തിക സർവേയിൽ 'താലിണോമിക്‌സ്" സിദ്ധാന്തം പറഞ്ഞ കെ.വി. സുബ്രഹ്മണ്യൻ ഇക്കുറിയും സമാനകണക്ക് നിരത്തുന്നുണ്ട്.

കൊവിഡിൽ ഭക്ഷ്യോത്പന്ന വിതരണശൃംഖല തടസം നേരിട്ടതിനാൽ ജൂൺ മുതൽ നവംബ‌ർ വരെ താലി ഊണിന് വില കൂടി. അതായത്, ഇക്കാലത്ത് നാണയപ്പെരുപ്പം ശരാശരി 6.6 ശതമാനമായിരുന്നു. ഡിസംബറിൽ വില കുറഞ്ഞു. ഡിസംബറിൽ നാണയപ്പെരുപ്പം 4.6 ശതമാനമായിരുന്നു.

കർഷകപ്രിയം

ഇടനിലക്കാ‌ർ വാഴുന്ന വിപണിയിൽ നിന്ന് കർഷകരെ മോചിപ്പിക്കുകയും സ്വതന്ത്രമായ വിപണി അവർക്ക് ലഭ്യമാക്കുകയുമാണ് പുതിയ കാർഷിക നിയമങ്ങളുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് പറയുന്നു. 85 ശതമാനം വരുന്ന ചെറുകിട-ഇടത്തരം കർഷകരുടെ ക്ഷേമമാണ് ലക്ഷ്യം.

 ദാരിദ്ര്യം തുടച്ചുനീക്കാൻ സാമ്പത്തിക ഉത്തേജക നടപടികളിൽ സർക്കാർ കൂടുതൽ ശ്രദ്ധയൂന്നണം.

''വലിയ പ്രതിസന്ധി ഉണ്ടാകുമ്പോൾ വലിയ നഷ്‌ടം ഒഴിവാക്കാനാണ് നാം ശ്രമിക്കേണ്ടത്. കൊവിഡ് കാലത്ത് ഇന്ത്യ ചലിച്ചത് ഈ പാതയിലാണ്. കൊവിഡ് മരണങ്ങൾ കുറച്ചുനിറുത്താൻ കഴിഞ്ഞത് അതുകൊണ്ടാണ്. കാരണം, ജി.ഡി.പി വളർച്ചയെ നമുക്ക് തിരിച്ചുപിടിക്കാം. എന്നാൽ, നഷ്‌ടപ്പെട്ട ജീവനുകൾ അങ്ങനെയല്ലല്ലോ...""

കെ.വി. സുബ്രഹ്മണ്യൻ,

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്

ബഡ്‌ജറ്റിന്റെ കാതൽ

ധനമന്ത്രി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിന്റെ ദിശ വ്യക്തമാക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. കാർഷികം, വ്യാവസായിക ഉത്‌പാദനം, അടിസ്ഥാനസൗകര്യ വികസനം, തൊഴിൽ, പണലഭ്യത, വിലനിലവാരം, കയറ്റുമതി, ഇറക്കുമതി, വിദേശനിക്ഷേപം, വിദേശ നാണയ ശേഖരം എന്നിവയെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സർവേ റിപ്പോർട്ട് ഒരുക്കിയത്.