antonio-guterres

വാഷിംഗ്ടൺ: ലോകത്തിന്റെ ഇന്നുള്ള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ വാക്സിൻ ഉല്പാദന ശേഷിയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ആഗോള വാക്സിൻ ക്യാമ്പെയ്ൻ നടപ്പിലാകാൻ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൊവിഡ് വാക്സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിൻ ക്യാമ്പെയ്ൻ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ വാക്സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസിലാക്കുമെന്ന് ഞാൻ കരുതുന്നു - ഗുട്ടെറസ് പറഞ്ഞു.

അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ ഇന്ത്യ നൽകിയതിന് തൊട്ടു പിന്നാലെയാണ് യു.എൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

 വാക്സിൻ വിതരണത്തിൽ ഇന്ത്യ മുൻപന്തിയിൽ

21 മുതൽ 55 ലക്ഷം ഡോസ് വാക്സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി നൽകിയത്.

1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, ഒരുലക്ഷം വീതം മാലദ്വീപ്,മൗറീഷ്യസ്, ബെഹ്റൈൻ എന്നീ രാജ്യങ്ങൾക്കും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു. ഇത് കൂടാതെ, ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. കാനഡ ,സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, എന്നീ രാജ്യങ്ങളിലേക്കും വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്സിനുകൾ ഉടൻ കയറ്റുമതി ചെയ്യും.

ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുള്ളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉദ്പാദിപ്പിക്കുന്ന വാക്സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.