തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞശമ്പളം 23000 രൂപയും, കൂടിയത് 1,66,800 രൂപയുമാക്കാനുള്ള ശുപാർശ സമർപ്പിച്ച് ശമ്പളപരിഷ്‌കരണ കമ്മിഷൻ. ശമ്പള സ്കെയിലുകളുടെ എണ്ണം 27 ആണ്. ശുപാർശയിൽ ഏറ്റവുമധികം മാറ്റം വരുത്തിയിരിക്കുന്നത് വീട്ടുവാടക അലവൻസിലാണെന്ന് കമ്മിഷൻ വ്യക്തമാക്കി. കോർപ്പറേഷൻ പ്രദേശങ്ങളിൽ അടിസ്ഥാനശമ്പളത്തിന്റെ 10 ശതമാനവും, ജില്ലാ ആസ്ഥാനങ്ങളിലുള്ള മുനിസിപ്പാലിറ്റികളിൽ എട്ട് ശതമാനവും, അല്ലാത്തിടത്ത് ആറ് ശതമാനവും, പഞ്ചായത്ത് പ്രദേശങ്ങളിൽ നാല് ശതമാനവും എന്ന കണക്കിൽ വീട്ടുവാടക ബത്ത നൽകാനാണ് ശുപാർശ.
യൂണിഫോം കാറ്റഗറിക്ക് സർവീസ് അനുസരിച്ച് ഗ്രേഡ് നൽകുന്നതിന് (നാലാമത്തെ ഹയർ ഗ്രേഡ്) ബാധമാക്കി. വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ സ്പെഷ്യൽ അലവൻസ് കൊടുക്കാൻ കമ്മിഷൻ ശുപാർശ നൽകി. പൊതുമരാമത്ത് വകുപ്പിലെ ഓവർസിയർ തസ്‌തിക സബ് എൻജിനീയർ എന്നാക്കി. പാരാമെഡിക്കൽ ജീനക്കാർ, കോടതി ജീവനക്കാർ എന്നിവർക്ക് അലവൻസ് ശുപാർശ ചെയ‌്‌തിട്ടുണ്ട്.
പെൻഷൻ ആകുന്നവർക്കുള്ള ഗ്രാറ്റുവിറ്റി തുക 14ൽ നിന്ന് 17 ലക്ഷമാക്കാൻ കമ്മിഷൻ ശുപാർശ ചെയ‌്തു. 80 വയസു കഴിഞ്ഞ മുതിർന്ന പെൻഷൻകാർക്ക് പ്രതിമാസം 1000 രൂപ അധികബത്ത. കിടപ്പുരോഗികളായ മാതാപിതാക്കളുളള സർക്കാർ ജീവനക്കാർക്ക് 40 ശതമാനം ശമ്പളത്തോടുകൂടി എല്ലാ ആനുകൂല്യങ്ങളുമടക്കം പരമാവധി ഒരുവർഷത്തേക്ക് അവധി നൽകും. മൂന്ന് വയസുള്ള കുട്ടികളുളളവർക്കും ഇതുബാധകമാക്കാൻ ശുപാർശയുണ്ട്. പിതൃത്വ അവധി 10ൽ നിന്ന് 15 ആക്കും. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം 11,500ഉം കൂടിയത് 22970 രൂപയും ആക്കാനാണ് ശുപാർശ.
ശമ്പള പരിഷ്‌കരണം, പെൻഷൻ വർദ്ധന എന്നിവ നടപ്പാക്കുന്നതിലൂടെ സർക്കാരിന് 4810 കോടിയുടെ ബാധ്യതയുണ്ടാകുമെന്ന് കമ്മിഷൻ വ്യക്തമാക്കി. റിട്ടയർമെന്റ് ഒരുവർഷത്തേക്ക് നീട്ടിവയ‌്ക്കുന്നത് പരിഗണിക്കാനും ശുപാർശയുണ്ട്.