jesus-christ

മെക്സിക്കോ സിറ്റി: മാസ്ക് ധരിച്ച് സാനിറ്റൈസറും കൈയ്യിലേന്തി നിൽക്കുന്ന ഉണ്ണിയേശുവിന്റെ കൊച്ചുപാവകളാണ് ഇപ്പോൾ മെക്സിക്കോയിലെ ശ്രദ്ധാകേന്ദ്രം. എല്ലാ വർഷവും ഫെബ്രുവരി രണ്ടിന് ലാറ്റിനമേരിക്കയിലെയും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ണിയേശുവിനെ മാതാപിതാക്കളായ വിശുദ്ധ ഔസേപ്പും കന്യാമറിയവും ചേർന്ന് ജറുസലേം ദേവാലയത്തിൽ കൊണ്ടു ചെന്നതിന്റെ ഓർമയ്ക്കായി ക്യാൻഡിൽമാസ് തിരുനാൾ ആഘോഷിക്കാറുണ്ട്. തിരുനാളിന്റെ ഭാഗമായി പുത്തൻ ഉടുപ്പുകൾ തുന്നി ഉണ്ണിയേശുവിന്റെ പാവകളെ അണിയിക്കാറുണ്ട്. കൊവിഡ് കാലത്ത് മാസ്ക് ധരിച്ച ഉണ്ണിയേശുവിനെയാണ് ഇവിടെ കാണാനാകുക.

മെക്സിക്കോ സിറ്റിയിലെ ഒരു കടയിലാണ് മാസ്കും സാനിറ്റൈസറുമുള്ള ഉണ്ണിയേശു വിൽപനയ്ക്ക് എത്തിയത്. ജനിച്ചു വീണ കുഞ്ഞിനോളം വലുപ്പമുള്ള പാവയുടെ മുഖത്ത് ഒരു കുഞ്ഞു മാസ്കുണ്ട്. കൈയ്യിൽ ഒരു ചെറിയ കുപ്പിയിൽ സാനിറ്റൈസറുമുണ്ട്. ചില ഉണ്ണിയേശു പാവകളാകട്ടെ ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കാനാണ് ഈ നീക്കമെന്നാണ് കടയിലെ മാനേജർ ഫിലിപ്പി ഗറിഡോ വ്യക്തമാക്കന്നത്.