വഡോദര: മദ്യപിച്ച് കഴിഞ്ഞാൽ ലക്കും ലഗാനുമില്ലാത്തയാളാണ് ഗുജറാത്തിലെ പങ്കജ്പട്ടേൽ. കഴിഞ്ഞ തവണ നാലെണ്ണം അകത്തു ചെന്നപ്പോൾ പങ്കജിനൊരു മോഹം. അമ്മയോട് വിശേഷങ്ങൾ പറയണം. കുളക്കടവിൽ ചെന്ന് അമ്മയെ തൊട്ടും തലോടിയും അരമണിക്കൂറോളം സംസാരിച്ചു. പങ്കജിന്റെ 'കത്തികേട്ട്' ബോറടിച്ച 'അമ്മ' ഇഴഞ്ഞ് കുളത്തിലേക്ക് നീങ്ങിയപ്പോഴാണ് ഇത്രയും നേരം സംസാരിച്ചത് യമണ്ടൻ മുതലയോടാണെന്ന് മനസിലായത്.!.
എട്ടടി നീളമുള്ള മുതല പങ്കജിനെ കടിച്ചു കീറി തിന്നാത്തത് ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്.
ഗുജറാത്തിലെ കർജാൻ നഗരത്തിലെ ജൂന ബസാറിനോട് ചേർന്ന കുളത്തിലാണ് നാടകീയ രംഗം അരങ്ങേറിയത്. കുളക്കരയിൽ വിശ്രമിക്കുകയായിരുന്ന മുതലയുടെ അടുത്തേക്ക് അപകടകരമായ രീതിയിൽ വന്നാണ് പങ്കജ് പട്ടേൽ സംസാരിക്കുകയും തൊടുകയും ചെയ്തത്. മുതല പങ്കജിനെ ആക്രമിക്കാതിരുന്നതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ഒടുവിൽ പങ്കജ് അടുത്തൊന്നും മടങ്ങിപ്പോവില്ല എന്ന് മനസിലാക്കിയ മുതല കുളത്തിലേക്ക് ഇറങ്ങിപോകുന്നതും വീഡിയോയിൽ കാണാം.
ദേവിയായ മാ ഖോദിയാർ സ്വപ്നത്തിൽ പറഞ്ഞതനുസരിച്ചാണ് താൻ മുതലയെ തൊട്ടത് എന്നാണ് പങ്കജിന്റെ വാദം. ഖോദിയാർ ദേവിയുടെ വാഹനം മുതലയാണ്. റോസാപ്പൂവിന്റെ ഹാരം ആണ് അമ്മയെ അണിയിക്കേണ്ടതെന്ന് പങ്കജ് പട്ടേൽ വീഡിയോയിൽ പറയുന്നത് കേൾക്കാം.
സോഷ്യൽ മീഡിയയിലൂടെ പങ്കജിന്റെ വീഡിയോ വൈറലായതോടെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പങ്കജ് പട്ടേലിനെ കസ്റ്റഡിയിലെടുത്തതായി വഡോദര ഡെപ്യൂട്ടി കൺസർവേറ്റർ കാർത്തിക് മഹാരാജ പറഞ്ഞു.