different-friendship

വാഷിംഗ്ടൺ: കളിയ്ക്കാൻ പോയ കൊച്ചു മിടുക്കൻ തിരിച്ചെത്തിയത് ഒരു സുഹൃത്തുമായാണ്. മകൻ കൊണ്ടു വന്ന സുഹൃത്തിനെ കണ്ട് അമ്മ ഞെട്ടി. കാരണം, നാലുവയസുകാരനായ ‌ഡൊമിനിക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത് ഒരു മാൻകുട്ടിയെയാണ്. അമേരിക്കയിലെ വിർജിനിയയിലുള്ള മസാനുട്ടൻ റിസോർട്ടിലാണ് സംഭവം നടന്നത്. അവധി ആഘോഷിക്കാനായി റിസോർട്ടിലെത്തിയതായിരുന്നു കുടുംബം. ഫ്രിഡ്ജിൽ നിന്ന് കുറച്ചു സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടെയിൽ ഞാൻ പുറത്ത് എന്തോ ശബ്ദം കേട്ടു. നോക്കിയപ്പോൾ ഡൊമിനിക്കിനൊപ്പം വാതിലിന് പുറത്ത് യാതൊരു പേടിയുമില്ലാതെ ഒരു മാൻകുട്ടി നിൽക്കുന്നു - ഡൊമിനിക്കിന്റെ അമ്മ സ്റ്റെഫാനി ബ്രൗൺ പറഞ്ഞു.

"കുഞ്ഞുമാനും അകത്തേയ്ക്ക് വരാൻ റെഡിയായി വാതിൽക്കൽ നിൽക്കുകയായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു." പിന്നെ ഓടിപ്പോയി ഫോണെടുത്തു കൊണ്ടു വന്ന് ഇരുവരും ചേർന്നു നിൽക്കുന്ന ചിത്രം പകർത്തുകയായിരുന്നു. മാൻകുട്ടിയ്ക്ക് ഭക്ഷണം നൽകണമെന്നതായിരുന്നു അവന്റെ പ്രധാന ആവശ്യം - സ്റ്റെഫാനി കൂട്ടിച്ചേർത്തു. സ്റ്റെഫാനി പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

തിരിച്ച് വനത്തിൽ കൊണ്ടു വിട്ടില്ലെങ്കിൽ മാൻ കുട്ടിയുടെ അമ്മയ്ക്ക് വിഷമമാകുമെന്ന് സ്റ്റെഫാനി പറഞ്ഞതോടെ തന്റെ സുഹൃത്തിനെ ഡൊമിനിക് പറഞ്ഞയച്ചെന്നാണ് റിപ്പോർട്ടുകൾ.