internet

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഹരിയാനയിൽ 14 ജില്ലകളിൽ കൂടി ഇന്റർനെ‌റ്റ് സേവനം വിലക്കി സംസ്ഥാന സർക്കാർ. ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റർനെ‌റ്റ് സേവനം നിർത്തിവയ്‌ക്കാനാണ് സർക്കാരിന്റെ അടിയന്തര ഉത്തരവ്. ഇതോടെ ആകെ 17 ജില്ലകളിലാണ് ഹരിയാനയിൽ ഇന്റർനെ‌റ്റ് സേവനങ്ങൾക്ക് വിലക്കുള‌ളത്.

ഇന്ന് നിരോധനം ഏർപ്പെടുത്തിയ ജില്ലകൾ അംബാല, യമുന നഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപത്ത്, ഹിസാർ, ജിന്ദ്, റോഹ്‌തക്, ഭിവാനി,ഛാർഖി ദാദ്രി, ഫത്തേഹ്‌ബാദ്, റേവാരി, സിർസ എന്നിവിടങ്ങളിലാണ് വിലക്ക്. ഇവിടങ്ങളിൽ ഫോൺകോളുകൾക്ക് മാത്രമേ അനുവാദമുള‌ളു. മുൻപ് സോനിപത്, പൽവാൽ,ഝജ്ജാർ എന്നീ ജില്ലകളിൽ ഇന്റർനെ‌റ്ര് സേവനം സർക്കാർ വിലക്കിയിരുന്നു. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം സംസ്ഥാനത്തേക്കും അതിവേഗം വ്യാപിക്കുന്നത് തടയാനാണ് സർക്കാരിന്റെ നടപടി.

ധാരാളം കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുൻപ് തീരുമാനിച്ചിരുന്നു. നേതാക്കൾക്കെതിരെ നടപടിയെടുത്താലും പ്രതിഷേധം അവസാനിക്കില്ലെന്നും അവർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഭരണകൂടം വ്യാഴാഴ്‌ച അർദ്ധരാത്രിയോടെ സമരം ചെയ്യുന്ന കർ‌ഷകരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് കർശക നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.