വാഷിംഗ്ടൺ: പിശുക്ക് കാണിക്കുന്ന മനുഷ്യരെ പലപ്പോഴും നാം കണ്ടിട്ടുണ്ടാകും.എന്നാൽ, അമേരിക്കയിലെ ലാസ്വേഗാസ് സ്വദേശിയും എഴുത്തുകാരിയുമായ എയ്മി എലിസബത്തിന്റേത് ഒരൊന്നൊന്നര പിശുക്കാണ്. 38 കോടിയിലേറെ ആസ്തിയുള്ള 50 കാരിയായ എയ്മി ചെലവ് ചുരുക്കാനായി കാറ്റ് ഫുഡാണ് കഴിയ്ക്കുന്നത്.
എയ്മിക്ക് പണം ചെലവാക്കുന്നത് ഇഷ്ടമല്ല. പുതിയ ഒരു സാധനവും അവർ വാങ്ങില്ല. പണം എങ്ങനെ ഉപയോഗിക്കാതിരിക്കാം എന്നതിനെക്കുറിച്ച് മാത്രമാണ് എയ്മിയുടെ ചിന്ത. ചെലവാക്കേണ്ട പണത്തിന്റെ ഒരു ബഡ്ജറ്റ് എയ്മി തയ്യാറാക്കും. എന്ത് ആവശ്യം വന്നാലും ശരി അതിൽ നിന്നും ഒരു രൂപ പോലും കൂടുതൽ ചെലവാക്കാൻ എയ്മി തയ്യാറാകില്ല. പൂച്ചക്കുള്ള വില കുറഞ്ഞ ടിൻ ഭക്ഷണമാണ് എയ്മിയുടെ ആഹാരം. ചിക്കൻ, മീൻ എന്നിവയുടെ വില കുറഞ്ഞ ഭാഗങ്ങൾ വാങ്ങും. വീട്ടിൽ എത്തിയ ചില അതിഥികൾക്കും ഇത്തരത്തിലുള്ള ഭക്ഷണം നൽകിയെന്നും എയ്മി പറയുന്നു. പണം സമ്പാദിക്കാൻ താൻ സ്വീകരിക്കുന്ന വഴികളെ കുറിച്ച് കേൾക്കുമ്പോൾ പലർക്കും അസ്വസ്ഥത ഉണ്ടായേക്കാം എന്നാൽ, താൻ അതൊന്നും വലിയ കാര്യമാക്കുന്നില്ലെന്ന് എയ്മി പറയുന്നു.