economic-survey-

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021-22ൽ 11 ശതമാനം വളരുമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.വി. സുബ്രഹ്മണ്യൻ തയ്യാറാക്കിയ സാമ്പത്തിക സർവേ വ്യക്തമാക്കി. സർവേ റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ സമർപ്പിച്ചു.

ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി പുറത്തുവിടുന്ന, കഴിഞ്ഞ ഒരുവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടാണിത്. കൊവിഡും ദേശീയ ലോക്ക്ഡൗണും സൃഷ്‌ടിച്ച, നൂറ്റാണ്ടിന്റെ പ്രതിസന്ധി മൂലം നടപ്പുവർഷം (2020-21) വളർച്ച നെഗറ്റീവ് 7.7 ശതമാനമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ:

 ധനക്കമ്മി നടപ്പുവർഷം ബഡ്‌ജറ്റ് ലക്ഷ്യമായ ജി.ഡി.പിയുടെ 3.5 ശതമാനമെന്ന പരിധി ലംഘിക്കും

 കറണ്ട് അക്കൗണ്ട് കമ്മി 2003-04ന് ശേഷം ആദ്യമായി നടപ്പുവർഷം കറണ്ട് അക്കൗണ്ട് സർപ്ളസ് ആകും

 ആരോഗ്യമേഖലയിൽ മികച്ച നിലവാരവും സേവനവും ഉറപ്പാക്കാൻ നിയന്ത്രണ സമിതി രൂപീകരിക്കണം

 ആരോഗ്യമേഖലയിലെ പൊതുചെലവ് ജി.ഡി.പിയുടെ ഒരു ശതമാനത്തിൽ നിന്നുയർത്തി മൂന്ന് ശതമാനമാക്കണം

 ജനങ്ങൾക്ക് അടിസ്ഥാനസൗകര്യ ലഭ്യതയിൽ കേരളം മുന്നിൽ

 താലി ഊണിന് കൊവിഡിൽ വിലയേറിയെങ്കിലും ഡിസംബറോടെ കുറഞ്ഞു; നാണയപ്പെരുപ്പത്തിന്റെ കയറ്റിറക്കമാണ് ഇതിലൂടെ സൂചിപ്പിച്ചത്.

 ദാരിദ്ര്യം തുടച്ചുനീക്കാനുള്ള സാമ്പത്തിക വളർച്ചാനയങ്ങളിൽ സർക്കാർ ശ്രദ്ധയൂന്നണം

 സ്‌ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകണം

 പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധന സഹായം ഉറപ്പാക്കണം

 ഇ-കൊമേഴ്‌സ് മേഖലയെ കൂടി ഉൾപ്പെടുത്തി, ഭക്ഷ്യവിലപ്പെരുപ്പ നിർണയം പുനഃക്രമീകരിക്കണം

 സമ്പദ്‌രംഗത്ത് ചൈനയെ മറികടക്കാൻ ഗവേഷണം, വികസനം, നിക്ഷേപം എന്നിവയ്ക്ക് കൂടുതൽ പിന്തുണയും നിക്ഷേപവും ലഭ്യമാക്കണം

 സാമ്പത്തികനയം രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് റേറ്റിംഗിനെ ഭയക്കരുത്

 പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് നൽകുന്നത് സ്വതന്ത്രമായ വിപണി

 കേന്ദ്രസർക്കാരിന്റെ പി.എൽ.ഐ സ്‌കീം, ആത്മനിർഭർ ഭാരത് എന്നിവ സമ്പദ്‌വളർച്ചയ്ക്ക് ആക്കം കൂട്ടും