ഏഷ്യയിൽ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ എട്ടാം ടെസ്റ്റ് തോൽവി
കറാച്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ 88 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 220/10, 245/10. പാകിസ്ഥാൻ 378/10, 90/3.
ഒന്നാം ഇന്നിംഗ്സിൽ പാകിസ്ഥാനായി സെഞ്ച്വറി നേടിയ ഫവാദ് ആലം ആണ് കളിയിലെ കേമൻ.
ജയത്തോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ പാകിസ്ഥാൻ 1-0ത്തിന് മുന്നിലെത്തി. 187/4 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 245 റൺസിന് ആൾഔട്ടാവുകയായിരുന്നു. 5 വിക്കറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കിയ ഇടങ്കൈയൻ സ്പിന്നർ നൗമാൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ വലിയ വിള്ളൽ വിഴ്ത്തിയത്. അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 34 കാരനായ നൗമാൻ. യാസിർ ഷാ 4 വിക്കറ്റുമായി തന്റെ റോളും ഭംഗിയാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണർ എയ്ഡൻ മർക്രം (74), ഡുസ്സൻ (64), ടെംബ ബൗമ (40) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. അരങ്ങേറ്റ ഓപ്പണർ ഇമ്രാൻ ബട്ട് (12), ആബിദ് അലി (10) ബാബർ അസം (30) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ഇന്നിംഗ്സിൽ പാകിസ്ഥാന് നഷ്ടമായത്. അസർ അലി (31), ഫവാദ് ആലം (4) എന്നിവർ പുറത്താകാതെ പാകിസ്ഥാനെ വിജയ തീരത്തെത്തിച്ചു.