ഭോപ്പാൽ: അറവുശാലയിലേക്ക് കന്നുകാലികളെ കടത്തിയ ബി.ജെ.പി നേതാവടക്കം പത്ത് പേരെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. മദ്ധ്യപ്രദേശിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കന്നുകാലികളെ അനധികൃമായി കടത്തിയതിനാണ് ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ (ബി.ജെ.വൈ.എം) ജില്ലാ ജനറൽ സെക്രട്ടറിയാണ് പ്രതികളിലൊരാൾ.
മധ്യപ്രദേശിലെ ബകോഡ ഗ്രാമത്തിൽ നിന്നും അതിർത്തി ജില്ലയായ നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കന്നുകാലികളെ വാങ്ങിയതിനോ വിൽപ്പന നടത്തുന്നതിനോ ആവശ്യമായ യാതൊരു രേഖകളും ഇവരുടെ പക്കലില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്നാണ് പത്തുപേരെ അറസ്റ്റ് ചെയ്തത്. ഇരുപതോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.
ബിജെവൈഎം നേതാവ് മനോജ് പാർദിയുടേതാണ് കന്നുകാലികൾ. പാർദി തന്നെയാണ് കന്നുകാലികളെ നാഗ്‌പൂരിലെ അറവുശാലയിലെത്തിക്കാൻ പറഞ്ഞതെന്ന് അറസ്റ്റിലായവർ മൊഴിനൽ കിയതായി പൊലീസ് അറിയിച്ചു.. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് ബി.ജെ.വൈ.എം സംസ്ഥാന പ്രസിഡന്റ് വൈഭവ് പവാർ പ്രതികരിച്ചു.