നീല പരമ്പരാഗത വസ്ത്രവും തലപ്പാവും ധരിച്ച്, പടച്ചട്ടയണിഞ്ഞ്, ഊരിപ്പിടിച്ച വാളും കുന്തവുമേന്തി കുതിരപ്പുറത്ത് വരുന്നത് കണ്ടാൽ ആരാധന തോന്നും. ഒന്നിനെയും ഭയമില്ലാത്ത പോരാളികൾ! സമരം ചെയ്യുന്ന കർഷകരുടെ കാവൽ മാലാഖമാരെപ്പോലെ രാജ്യതലസ്ഥാനത്ത് സർവായുധരായി വിഹരിക്കുന്നവർ. 'നിഹാംഗുകൾ'.
സിക്ക് മതത്തിലെ സായുധരായ യോദ്ധാക്കളാണ് നിഹാംഗ്. 'അകാലി' അഥവാ അനശ്വരരായവർ എന്നാണ് നിഹാംഗ് എന്ന വാക്കിന്റെ അർത്ഥം. ഗുരു ഹർഗോബിന്ദ് ആരംഭിച്ച 'അകാലി ദൾ' എന്നതിൽ (മരണമില്ലാത്ത സൈന്യം അഥവാ ദൈവത്തിന്റെ സൈന്യം) നിന്നുണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകളെന്നാണ് ചരിത്രം.
ഡൽഹി അതിർത്തിയിലെ കർഷക സമരമുഖത്തേക്ക് അവരുടെ വരവൊന്നു കാണേണ്ടതായിരുന്നു. കുതിരപ്പുറത്ത് സർവായുധരായെത്തിയ അവർക്കൊപ്പം പരിശീലനം സിദ്ധിച്ച പരുന്തുകളുമുണ്ടായിരുന്നു.
പേരു വന്ന വഴി
പേർഷ്യൻ ഭാഷയിൽ നിന്നാണ് നിഹാംഗ് എന്ന വാക്ക് ഉത്ഭവിച്ചതെന്നാണ് സിക്ക് ചരിത്രകാരനായ ഡോ. ബൽവന്ത് സിംഗ് ധില്ലൻ പറയുന്നത്. വാളും പേനയുമേന്തിയവൻ എന്നാണതിനർത്ഥം. എന്നാൽ സംസ്കൃതത്തിലെ നിഷാംഗ് എന്ന വാക്കിനോടാണ് കൂടുതൽ സാമ്യമെന്നും ചരിത്രകാരൻ സൂചിപ്പിക്കുന്നു. ഭയമില്ലാത്തവൻ, കളങ്കമില്ലാത്തവൻ എന്നൊക്കെയാണ് ഇതിനർത്ഥം. അവരുടെ വസ്ത്രത്തിലെ നീലനിറം ദേശസ്നേഹത്തിന്റെ പ്രതീകം കൂടിയാണ്.
ചരിത്രം
1699ൽ ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിക്ക് മതത്തിന്റെ ചരിത്രത്തിൽ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച മികച്ച യോദ്ധാക്കളാണിവർ. അതിനാൽ
ആദ്യകാല സിക്ക് സൈനിക ചരിത്രത്തിൽ ഇവർക്ക് പ്രമുഖ സ്ഥാനമുണ്ട്.
പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കൽ സിക്ക് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖൽസ സൈന്യത്തിൽ സ്വന്തമായി ഗറില്ലാ വിഭാഗങ്ങളടക്കം ഉണ്ടായിരുന്നവരാണ്. സഹജീവികളുടെ സുരക്ഷയാണ് ഇവരുടെ ചുമതല.
ഗുരുദ്വാരയുടെ കാവൽക്കാർ കൂടിയാണ് നിഹാംഗുകൾ.
ഇന്ന് നിഹാംഗുകൾ സിക്ക് മതവിശ്വാസികളുടെ ആദരവ് നേടുന്ന ചെറിയൊരു വിഭാഗമാണ്. സാധാരണ സിക്കുകാരിൽ നിന്ന് വ്യത്യസ്തമായ പ്രാർത്ഥനകളും ആചാരങ്ങളുമാണ് നിഹാംഗുകൾ പിന്തുടരുന്നത്. കർശനമായ ചിട്ടകളും കഠിനമായ ജീവിതരീതികളും പിന്തുടരുന്ന ഇവർക്ക് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. രണ്ടുനേരം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ബി.ബി.സി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മതാഘോഷ വേളകളിൽ ഇവർ 'ഷഹീദിദേഹ്" കുടിക്കാറുണ്ടെന്ന് പറയുന്നു. കഞ്ചാവിന് സമമായ ഇലകൾ ചേർത്തുണ്ടാക്കുന്ന പാനീയമാണിത്. ദൈവത്തിനോട് ചേർന്നിരിക്കാനാണ് ഇവരിത് കുടിക്കുന്നതെന്നാണ് ലേഖനത്തിൽ പറയുന്നത്.
സ്വയാശ്രിതർ
ആഹാരമോ, പാർപ്പിടമോ തുടങ്ങി ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാത്ത സ്വയാശ്രിത സമൂഹം കൂടിയാണ് നിഹാംഗുകൾ. സമരഭൂമിയിലായാലും അവരവർക്ക് ആവശ്യമുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങൾ സ്വന്തം നിലയിൽ നിഹാംഗുകൾ നിറവേറ്രുന്നു. യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് നിഹാംഗുകൾ കരുതുന്നു.
അതിനാലാണ് ഡൽഹി അതിർത്തിയിലെ സമരഭൂവിലേക്ക് അവർ എത്തിയത്. കർഷകരെ തടയാനായി ഡൽഹി അതിർത്തിയിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡുകൾക്ക് സമീപം നിഹാംഗുകളെത്തിയപ്പോൾ തന്നെ കർഷകരുടെ സമരവീര്യം ഉയർന്നിരുന്നു.
ആയുധമേന്തിയ സന്യാസിമാർ
സദാ ആയുധങ്ങൾ കൂട്ടിനുണ്ടെങ്കിലും ഗുരുനാനാക്കിന് ജയ് വിളിച്ച്, മതബോധത്തോടെ പ്രാർത്ഥനാ നിർഭരമായാണ് നിഹാംഗുകളുടെ പ്രവൃത്തികൾ. ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് നിഹാംഗുകളുടെ നിയമം. എന്നാൽ, ഉടവാൾ പുറത്തെടുത്താൽ രക്തം പുരളാതെ തിരികെ ഉറയിൽ തിരികെയിടില്ലെന്നും ഇവർ പറയുന്നു. വാളും പരിചയും ശരീരത്തിന്റെ ഭാഗമായി കരുതുന്ന ഇവർ ചെരിപ്പ് ധരിക്കില്ല. നഗ്നപാദരായാണ് ജീവിക്കുന്നത്.
നിഷാൻ സാഹിബ് വഹിക്കുന്നവർ
പരുത്തി അല്ലെങ്കിൽ സിൽക്ക് തുണി കൊണ്ട് ഉണ്ടാക്കിയ സിഖ് മത വിശ്വാസികളുടെ ത്രികോണ രൂപത്തിലുള്ള പതാകയാണ് നിഷാൻ സാഹിബ്. ഇത് സദാസമയം വഹിക്കുന്നവരാണ് നിഹാംഗുകൾ.
നിഷാൻ എന്നാൽ ചിഹ്നം എന്നാണ് അർത്ഥം. മിക്ക ഗുരുദ്വാരകളിലും പുറത്ത് തുണികൊണ്ടു പൊതിഞ്ഞുള്ള ഒരു കൊടിമരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. ഖണ്ട എന്ന് പേരുള്ള ഇരുവായ്ത്തലയുള്ള വാളും, രണ്ടു ക്രിപാണങ്ങളും വൃത്താകൃതിയിലുള്ള ചക്രവും ആലേഖനം ചെയ്യപ്പെട്ട പതാകയാണ് നിഷാൻ സാഹിബ്.
എല്ലാ വൈശാഖി ആഘോഷത്തിലും പഴയ നിഷാൻ സാഹിബ് മാറ്റി തൽസ്ഥാനത്ത് പുതിയത് സ്ഥാപിക്കുന്നു. നിഹാംഗുകളാണ് ഇത് ചെയ്യുക. ഗുരു അമർദാസിന്റെ കാലഘട്ടത്തിൽ നിഷാൻ സാഹിബ് വെളുത്തതും സമാധാനവും ലാളിത്യവും പ്രതിനിധാനം ചെയ്യുന്നതുമായിരുന്നു. ഹർഗോബിന്ദ് ഗുരുവിന്റെ കാലത്ത്, നിഷാൻ സാഹിബ് മഞ്ഞനിറമാക്കി. ഇത് ബസന്തി എന്ന് അറിയപ്പെടുന്നു. ഖൽസയുടെ രൂപീകരണത്തിനു ശേഷം, ഗുരു ഗോബിന്ദ് സിംഗ് പതാകയുടെ നിറം നീലയാക്കി. നിഹാംഗുകളുടെ വസ്ത്രത്തിന്റേത് പോലെ. ആദ്യ സിക്ക് പതാകകൾ ചിഹ്നങ്ങൾ ഇല്ലാത്തതായിരുന്നു. എന്നാൽ ഗുരു ഗോബിന്ദ് സിംഗ് ചിഹ്നങ്ങൾ അവതരിപ്പിച്ചു. വളരെ ദൂരെ നിന്ന് കാണുന്ന വിധത്തിൽ സ്ഥാപിക്കുന്ന നിഷാൻ സാഹിബ്, സമീപത്തുള്ള ഗുരുദ്വാരയുടെയും ഖൽസയുടെയും സന്നിദ്ധ്യം വ്യക്തമാക്കുന്നതാണ്.