johnson-and-johnson-

ന്യൂയോർക്ക്: ലോകത്തിന് പ്രതീക്ഷ പകർന്ന് ഒരു വാക്സിൻ കൂടി പരീക്ഷണം പൂർത്തിയാക്കി അടിയന്തര ഉപയോഗത്തിനായി അനുമതിക്ക് അപേക്ഷ സമർപ്പിച്ചു. ജോൺസൺ ആൻഡ് ജോൺസണിന്റെ കൊവിഡ് വാക്സിന് 72 ശതമാനം ഫലപാപ്തിയാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ലഭിച്ചതെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.. അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ് ഈ ഫലം ലഭിച്ചത്. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ ആൻഡ് ജോൺസണിന്റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്നാണ് കമ്പനി പറയുന്നു. മറ്റ് വാക്സിനുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇത് സിംഗിൾ ഡോസാണെന്നതാണ്.

അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയിൽ 66% മാത്രമായിരുന്നു വാക്സിന്റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57% മാത്രമായിരുന്നു വൈറസിന്റെ ഫലപ്രാപ്തി. അമേരിക്കയിൽ അടിയന്തര ഉപയോഗ അനുമതിയ്ക്കായി യുഎസ് എഫ്ഡിഎയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ജോൺസൺ & ജോൺസൺ.

അതേസമയം ഫൈസർ, ഭാരത് ബയോടെക് അടക്കമുള്ള എല്ലാ കമ്പനികളുടെയും വാക്സിനുകൾ വൈറസിന്റെ പല വകഭേദങ്ങളുള്ള മേഖലകളിൽ പരീക്ഷിച്ചവയല്ല. അങ്ങനെ പരീക്ഷിക്കാതെയാണ് 95% ഫലപ്രാപ്തി മറ്റ് വാക്സീനുകൾ അവകാശപ്പെടുന്നത്. മാത്രമല്ല, ഫൈസർ പോലെയുള്ള ചില വാക്സിനുകൾ അമേരിക്കയിൽ മാത്രമാണ് വ്യാപകമായി ക്ലിനിക്കൽ ട്രയലുകൾ നടത്തിയിരിക്കുന്നത്.