കൊൽക്കത്ത: ഐ ലീഗിൽ അഞ്ചാം മത്സരത്തിൽ ഗോകുലം കേരള എഫ്.സി റിയൽ കാശ്മീരിനെ നേരിടും. ഇന്ന് രാത്രി ഏഴു മുതൽ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. വൺ സ്പോർട്സ് ചാനലിൽ തത്സമയസംപ്രേഷണം ഉണ്ടായിരിക്കും. കഴിഞ്ഞ മത്സരത്തിൽ മണിപ്പൂർ ടീമായ നെറോക്ക എഫ്.സിയെ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് തോല്പിക്കുവാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം റിയൽ കാശ്മീരിനെ നേരിടാൻ ഇറങ്ങുന്നത്. നാല് മത്സരങ്ങളിൽ നിന്നും ആറു പോയിന്റ് നേടിയ ഗോകുലം, ഇപ്പോൾ ഐ ലീഗിൽ നാലാം സ്ഥാനത്താണുള്ളത്. അഞ്ചാം സ്ഥാനത്തു അഞ്ചു പോയിന്റ് നേടിയ റിയൽ കാശ്മീരാണുള്ളത്. "ഞങ്ങളുടെ അടുത്ത മത്സരം വളരെയേറെ പ്രാധാന്യം ഉള്ളതാണ്. കളിക്കാർ എല്ലാവരും നാളത്തെ മത്സരത്തിനുവേണ്ടി തയാറെടുത്തിട്ടുണ്ട്," ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.