തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിലുണ്ടായ വർദ്ധനയിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹനാൻ. ലോകത്ത് ഏറ്റവും കൂടുതൽപേർക്ക് കൊവിഡ് ബാധിച്ച സ്ഥലമായി കേരളം മാറി. കൊവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സർക്കാർ കള്ളത്തരം കാട്ടിയതാണ് ഈ അവസ്ഥയ്ക്കു കാരണം. രാഷ്ട്രീയ പ്രചാരണത്തിനായി സർക്കാർ കോവിഡിനെ മറയാക്കി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അവാർഡുകൾ തിരിച്ചു നൽകി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മഹാമാരിയെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിച്ച ലോകത്തിലെ ഏക പ്രദേശം ഈ കേരളമാണ്. ആരെങ്കിലും മഹാമാരിയെ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുമോ?. ഇതിന്റെ പേരിൽ എത്ര അവാർഡ് വാങ്ങാൻ പോയി. എന്തായിരുന്നു ടീച്ചറെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്താ മുഖ്യമന്ത്രി അവകാശപ്പെട്ടുകൊണ്ടിരുന്നതെന്നും ബെന്നി ബഹനാൻ ചോദിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സർക്കാരാണ് സംസ്ഥാനത്തേത്. കളളക്കണക്കുകളാണ് പുറത്തുവിട്ടത്. ടെസ്റ്റുകളുടെ കണക്കിലും മരിച്ചവരുടെ കണക്കിലും കള്ളങ്ങൾ പ്രചരിപ്പിച്ചു. ടെസ്റ്റിൽ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകൾ മാത്രമാണ് കേരളത്തിൽ നടത്തിയത്. മറ്റ് സംസ്ഥാനത്തിൽ രണ്ട് കോടിയിലധികം ടെസ്റ്റുകൾ നടത്തി. കൊറോണ നിയന്ത്രിക്കാനല്ല പി.ആർ. വർക്കിനാണ് സർക്കാർ ശ്രമിച്ചത് കളിയുടെ കമന്റേറ്റർമാരെപ്പോലെ കോവിഡിന്റെകമന്ററിപറയുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപിച്ച സ്ഥലമായി കേരളം മാറി. എന്നിട്ടും അതിനെ ചെറുക്കാനായി ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും മന്ത്രിയും ഇതിന്റെപേരിൽ കിട്ടിയ അവാർഡുകൾ തിരിച്ച് കൊടുക്കണം' ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.