ഫറ്റോർദ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആവേശ മത്സരത്തിൽ കരുത്തരായ ഗോവയും ഈസ്റ്റ് ബംഗാളും ഓരോഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അറുപത്തിയാറാം മിനിട്ടിൽ എഡു ബഡിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും തുടർന്ന് ഗോളുകൾ വഴങ്ങാതെ ഈസ്റ്റ് ബംഗാൾ ആക്രമണങ്ങളെ പ്രതിരോധിച്ച് ഗോവ സമനിലയുമായി കളി അവസാനിപ്പിക്കുകയായിരുന്നു.
ഈസ്റ്റ് ബംഗാളിന്റെ മിന്നലാക്രമണങ്ങളെ കോട്ടകെട്ടി തടഞ്ഞ ഗോളി ധീരജാണ് ഗോവയുടെ രക്ഷകനായത്. മറുവശത്ത് ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ താരം ബ്രൈറ്റ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 39-ാം മിനിട്ടിൽ ഇഗോൾ അംഗൂളോയിലൂടെ ഗോവയാണ് ആദ്യം ലീഡെടുത്തത്. 65-ാം മിനിട്ടിൽ ഡാനി ഫോക്സാണ് ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്ത ഗോൾ നേടിയത്. 39-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധ നിര വരുത്തിയ പിഴവ് മുതലെടുത്താണ് ആൽബർട്ടോ നൊഗുവേര അംഗൂളോയ്ക്ക് ഗോളിലേക്കുള്ള പാസ് നൽകിയത്.
ബ്രൈറ്റെടുത്ത കോർണറിൽ നിന്നാണ് ക്യാപ്ടൻ ഫോക്സ് ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ച ഗോൾ നേടിയത്. കോർണർ ധീരജ് തട്ടിയെങ്കിലും പന്ത് ഫോക്സിന്റെ കാലുകളിലേക്കാണ് എത്തിയത്. തൊട്ടു പിന്നാലെയാണ് ഗോവൻ ക്യാപ്ടൻ എഡു ചുവപ്പ് കാർഡ് കണ്ടത്.