സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടം നേടി പുതു ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ വിസ്മയ ലെഗ് സ്പിന്നർ തൻവീർ സംഗ. ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിലാണ് പഞ്ചാബിൽ നിന്ന് ആസ്ട്രേലയയിലേക്ക് കുടിയേറിയ ജോംഗ സംഗയുടെ മകനായ തൻവീർ ഇടം നേടിയത്.
ആഭ്യന്തര ക്രിക്കറ്റിലേയും അണ്ടർ 19 തലത്തിലേയും മികച്ച പ്രകടനമാണ് തൻവീറിനെ ഓസീസ് ദേശീയ ടീമിൽ എത്തിച്ചത്.
ഓസീസ് ടീമിൽ ഇടം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വംശജനാണ് തൻവീർ സംഗ. ഗുരീന്ധർ സന്ധുവാണ് ഇതിനു മുൻപ് ഓസീസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ. ജലന്ധറിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെയുള്ള റഹിംപൂർ സ്വദേശിയായ ജോംഗ 1997ലാണ് ആസ്ട്രേലിയയിലേക്ക് കുടിയേറിയത്. സ്റ്റുഡന്റ് വിസയിൽ ആസ്ട്രേലിയയിൽ എത്തിയ ജോംഗ പിന്നീട് ഇവിടെ സ്ഥിര താമസമാക്കുകയും ഇപ്പോൾ കാബ് ഡ്രൈവറായി ജോലി ചെയ്യുകയുമാണ്. തൻവീറിന്റെ അമ്മ ഉൻപ്രീത് അക്കൗണ്ടന്റായി ആസ്ട്രേലിയയിൽ തന്നെ ജോലി ചെയ്യുകയാണ്. തെക്ക് കിഴക്കൻ സിഡ്നിയിലാണ് തൻവീറിന്റേയും കുടുംബത്തിന്റേയും താമസം.
കഴിഞ്ഞ നാലഞ്ചു വർഷമായി ക്രിക്കറ്റ് തിരക്കുകൾ കാരണം തനിക്ക് ഇന്ത്യയിലേക്ക് വരാൻ പറ്റിയിട്ടില്ലെന്ന് തൻവീർ പറഞ്ഞു. എന്നാൽ ഇന്ത്യ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇവിടെ വന്നപ്പോൾ ധാരാളം സമയം ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ മനോഹരായ കുടുംബം ഇവിടെയുണ്ടെന്നും തൻവീർ പറഞ്ഞു.