case-diary-

തൃശൂർ: സോഷ്യൽ മീഡിയ വഴി പെൺകുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുന്ന കൗമാരക്കാരൻ അറസ്റ്റിലായി. തൃശൂർ സിറ്റി സൈബർ പൊലീസാണ് കൊല്ലം സ്വദേശിയെ അറസ്റ്റ് ചെയ്തത്.. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും നഗ്‌ന ചിത്രങ്ങൾ കണ്ടെത്തി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യക്ക് ലഭിച്ച പരാതിയിലെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച്, അവരെ സിനിമാ നടൻമാരുടെയും നടിമാരുടെയും ഫാൻസ് ഗ്രൂപ്പുകളിൽ അംഗമാക്കും. പിന്നീട് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്വകാര്യ മെസേജുകൾ അയച്ച് ബന്ധം ദൃഢമാക്കി സ്‌നേഹം നടിക്കും. കൈകാലുകൾ, പിൻഭാഗം തുടങ്ങിയ ഫോട്ടോകൾ ആവശ്യപ്പെട്ട് വാങ്ങും. പിന്നീട് അവരുടെ സ്വകാര്യഭാഗങ്ങളും നഗ്‌നചിത്രങ്ങളും അയച്ചുതരുന്നതിന് പ്രേരിപ്പിക്കും. ഇത്തരത്തിൽ വഴങ്ങാത്ത പെൺകുട്ടികളെ അവർ മുമ്പ് അയച്ചു കൊടുത്ത കൈകാലുകളുടെയും മറ്റും ഫോട്ടോകൾ യോജിപ്പിച്ച് മോർഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി മാറ്റിയെടുക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഫോട്ടോ അയച്ചില്ലെങ്കിൽ മോർഫ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയ സെക്‌സ് ഗ്രൂപ്പുകളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.


ഭീഷണി നേരിട്ട പെൺകുട്ടി കഴിഞ്ഞ ദിവസം തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി സിറ്റി സൈബർ പൊലീസ് സ്റ്റേഷന് കൈമാറി. ഇയാളുടെ ചതിയിൽ അകപ്പെട്ട മറ്റ് പെൺകുട്ടികളെയും സ്ത്രീകളെയും കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം തുടങ്ങി. സമാനരീതിയിൽ തട്ടിപ്പുനടത്തുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് ഓൺലൈൻ ഗ്രൂപ്പുകളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.