covid-19

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌‌തിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ജനുവരി 30ന് കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു രോഗം ബാധിച്ചത്.

ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും കൂടുതലാളുകളിലേക്ക് പടരാതെ നിയന്ത്രിക്കാൻ സാധിച്ചു.തുടർന്ന് മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ നിരവധിയാളുകൾ രോഗബാധിതരായി.

ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരു ന്നു.എന്നാൽ ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം വരുതിയിലായെങ്കിലും കേരളത്തിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ കേസുകളിൽ 40 ശതമാനത്തിലേറെയും കേരളത്തിലാണ്. എന്നാൽ സംസ്ഥാനത്ത് മരണനിരക്ക് താരതമ്യേന കുറവാണ്. രാജ്യത്ത് ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കിൽ, കേരളത്തിൽ അത് 0.42 ശതമാനമാണ്.

സംസ്ഥാനം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗവും കൊവിഡ് വിദഗ്ദ്ധസമിതി ചെയർമാനുമായ ഡോ.ബി ഇക്ബാൽ പറഞ്ഞു. ഫെബ്രുവരിയാണ് നിർണായക മാസം. മാതൃകാപരമായ മുൻകരുതലുകൾ സ്വീകരിച്ച് രാജ്യാന്തര പ്രശസ്തി നേടിയ നാം, ഇപ്പോൾ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.